തിരുവനന്തപുരം : വിശദമായി പരിശോധിച്ചുറപ്പിക്കാതെ ലോകായുക്താ ബില്ലില്‍ ഒപ്പിടില്ലെന്ന തീരുമാനത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലോകായുക്താ ബില്ലുകള്‍ കൂടാതെ നാല് ബില്ലുകളില്‍ ഒപ്പുവെയ്ക്കാതെ ഗവര്‍ണര്‍ തിരിച്ചയച്ചു. എന്നാല്‍ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.
വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്കിയ ബില്ലുകളില്‍ മാത്രമാണ് ഗവര്‍ണര്‍ നിലവില്‍ ഒപ്പുവെച്ചത്. ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. ഇതില്‍ സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ വിശദീകരണം നല്‍കാത്ത നാല് ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍ക്കെതിരെ കര്‍ശ്ശന നിലപാടുകളാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. ഇതിനെതിരെ സര്‍ക്കാരിനുള്ളില്‍ പ്രതിഷേധങ്ങളും ഉടലെടുത്തിട്ടുണ്ട്. കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദ്ദേശവും ഗവര്‍ണര്‍ സര്‍വകലാശാലക്ക് നല്‍കിയതിനു പിന്നാലെയാണ് വ്യക്തത വരുത്താത്ത ബില്ലില്‍ ഒപ്പിടാതെ മാറ്റിവെച്ചിരിക്കുന്നത്.
അതിനിടെ ഗവര്‍ണര്‍ ഇന്ന് ദല്‍ഹിയിലേക്ക് പോകും. ഈ മാസം കേരളത്തിലേക്ക് ഗവര്‍ണര്‍ മടങ്ങിവരില്ല. അടുത്ത മാസം ആദ്യം ആയിരിക്കും ഗവര്‍ണറുടെ മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: