കേപ് ടൗണ്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകിരീടത്തെ അലങ്കരിക്കുന്ന വിലപിടിപ്പുള്ള വജ്രങ്ങള്‍ തിരികെ നല്‍കണമെന്ന് ബ്രിട്ടനോട് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയും തങ്ങളുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ലിയര്‍ കട്ട് ഡയമണ്ടായ ഗ്രേറ്റ് സ്റ്റാര്‍ ആഫ്രിക്ക തിരികെ നല്‍കണമെന്ന് ദക്ഷിണാഫ്രിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടത്.
1905ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഖനനം ചെയ്തെടുത്ത വലിയ വജ്രക്കല്ലില്‍ നിന്നാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക രൂപപ്പെടുത്തിയത്. ആഫ്രിക്കയിലെ കോളനിഭരണകാലത്താണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറിയത്. രാജകുടുംബത്തിന്റെ ചെങ്കോലിലാണ് 530.2 കാരറ്റുള്ള ഡ്രോപ് ഷേപ്ഡ് ഡയമണ്ട് ഉള്ളത്.കള്ളിനന് വണ്‍ എന്നും ഈ വജ്രക്കല്ല് അറിയപ്പെടുന്നു.
ഗ്രേറ്റ് സ്റ്റാറിനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈനായി ഒരു നിവേദനവും ആരംഭിച്ചിട്ടുണ്ട്. ആറായിരത്തിലധികം പേര് ഇതിനോടകം ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബ്രിട്ടന് വരുത്തിയ എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം നല്‍കണമെന്നും ബ്രിട്ടന് കടത്തിക്കൊണ്ടുപോയ സ്വര്‍ണവും വജ്രങ്ങളും തിരികെ നല്‍കണമെന്നും ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റെംഗമായ വുയോല്‍വെതു സുന്‍ഗുല ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
530.2 കാരറ്റുള്ള ഡ്രോപ്-ഷേപ്ഡ് ഡയമണ്ട് കിരീടധാരണ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശിനൊപ്പം രാജകുടുംബത്തിന്റെ ചെങ്കോലില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ലണ്ടനിലെ ഒരു ടവറിലുള്ള ജുവല്ഹൗസില് ഈ വജ്രം പൊതുജനങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ രത്നത്തിന്റെ വില വ്യക്തമല്ലെങ്കിലും ഇതിന്റെ അപൂര്‍വതയും ചരിത്രപരമായ പ്രാധാന്യവും ഈ വജ്രത്തെ വിലമതിക്കാനാവാത്തതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: