ചണ്ഡീഗഢ്: ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം. സര്‍വകലാശാല ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. ഹോസ്റ്റലിലെ തന്നെ ഒരു പെണ്‍കുട്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് സുഹൃത്തിന് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തായത്.
കഴിഞ്ഞദിവസം രാത്രിയാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാമ്പസില്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയ വിദ്യാര്‍ഥികളെ ഒടുവില്‍ പോലീസെത്തിയാണ് ശാന്തരാക്കിയത്. സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റലിലെ അന്തേവാസിയായ ഒരു പെണ്‍കുട്ടിയെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം സര്‍വകലാശാല അധികാരികള്‍ സംഭവം മൂടിവെക്കാനാണ് ശ്രമിക്കുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മാനേജ്മെന്റ് ഈ സംഭവത്തില്‍ വളരെ അശ്രദ്ധമായി പ്രവര്‍ത്തിക്കുകയും കോളേജിന്റെ പ്രശസ്തിക്ക് വേണ്ടി ഇത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഹോസ്റ്റലിലെ 60 ഓളം വിദ്യാര്‍ത്ഥികളുടെ വീഡിയോ കുറ്റാരോപിതയായ പെണ്‍കുട്ടി ഷൂട്ട് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഷിംലയിലെ ഒരു ആണ്‍കുട്ടിക്കാണ് ദൃശ്യങ്ങള്‍ അയച്ച് കൊടുത്തത്. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച വിദ്യാര്‍ത്ഥിനി, അവ ചോര്‍ത്താതിരിക്കാന്‍ മറ്റുള്ളവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
പെണ്‍കുട്ടിക്കെതിരെ ഐപിസി 354 സി, ഐടി ആക്ട് എന്നിവ പ്രകാരം ഘരുവന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. തന്റെ ഫോട്ടോകള്‍ സുഹൃത്തിന് അയച്ചതായി യുവതി സമ്മതിച്ചതായും എന്നാല്‍ മറ്റ് പെണ്‍കുട്ടികളുടെ ചിത്രങ്ങളും അയച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മൊഹാലി എസ്എസ്പി വിവേക് ഷീല് സോണി പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പോലീസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മൊഹാലി പോലീസും സര്‍വകലാശാല അധികൃതരും പറഞ്ഞു. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: