മാമയ (റൊമേനിയ): ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ അണ്ടര്‍ 16, അണ്ടര്‍ 14 വിഭാഗങ്ങളില്‍ ഇന്ത്യയുടെ പ്രണവ് ആനന്ദും എ.ആര്. ഇളമ്പര്‍ത്തിയും ചാമ്പ്യന്മാരായി. രാജ്യത്തിന്റെ 76-ാമത് ഗ്രാന്‍ഡ്മാസ്റ്ററായ ഒന്നാം സീഡ് പ്രണവ് ആനന്ദ് 11 റൗണ്ടുകളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടി ആധികാരിക വിജയമാണ് നേടിയത്. രണ്ടാം സീഡും ആനന്ദിന്റെ സഹതാരവുമായ എം. പ്രാണേഷ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
അണ്ടര്‍ 16ല്‍ പതിനൊന്ന് റൗണ്ടുകളില്‍ തോല്‍വിയറിയാതെ നിലയുറപ്പിച്ച ആനന്ദ്, നാല് സമനിലയും ഏഴ് വിജയവും സ്വന്തമാക്കിയാണ് ചാമ്പ്യനായത്. 10-ാം റൗണ്ടില്‍ അര്‍മേനിയയുടെ എമിന് ഒഹാനിയനെ തോല്‍പ്പിച്ച ആനന്ദ്, പതിനൊന്നാമത്തെ റൗണ്ടില്‍ ഫ്രാന്‍സിന്റെ ഡ്രൊയിന്‍ അഗസ്റ്റിനോട് സമനില വഴങ്ങി. പ്രാണേഷ് ആറ് ജയവും നാല് സമനിലയും നേടിയെങ്കിലും ആറാം റൗണ്ടില്‍ ഒഹന്‍യാനോട് തോറ്റത് തിരിച്ചടിയായി.
അണ്ടര്‍ 14ല്‍ പതിനൊന്ന് റൗണ്ടുകളില്‍ നിന്ന് 9.5 പോയിന്റുമായി ഇളമ്പര്‍ത്തിയും മറ്റുള്ളവരേക്കാള്‍ അര പോയിന്റ് കൂടുതല്‍ നേടിയാണ് വിജയിയായത്. നാലാം റൗണ്ടില്‍ ഉക്രെയിനിന്റെ ആര്‍ടെം ബെറിനോട് തോറ്റെങ്കിലും ഇളമ്പര്തി ഒമ്പത് ഗെയിമുകള്‍ ജയിച്ചു, ഒന്നില്‍ സമനില നേടി.
ഓപ്പണ്‍ അണ്ടര്‍ 18 ഇനത്തില്‍ സോഹന്‍ കമോത്ര ഏഴ് പോയിന്റുമായി 14-ാം സ്ഥാനത്തെത്തിയപ്പോള്‍ ആറര പോയിന്റ് നേടിയ എസ്. ഹര്‍ഷാദിന് 24-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മൃതിക മല്ലിക് പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ എട്ട് പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അനുപം എം. ശ്രീകുമാര്‍, എച്ച്.ജി. പ്രജ്ഞ എന്നിവര്‍ ഏഴും എട്ടും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ 7.5 പോയിന്റുമായി എസ് കനിഷ്ക ആറാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: