കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി’ എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സില്‍ നിന്നും നീക്കിയത് പാക്കിസ്ഥാന് അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദേശവിരുദ്ധ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ യൂണിവേഴ്സിറ്റി അധികൃതര്‍ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയുമാണ് അപമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ മറന്നുപോകരുത്. ഭാരതത്തിലെ ജനങ്ങള്‍ വന്‍ഭൂരിപക്ഷം നല്കി തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയില്‍ വെക്കാന്‍ പാടില്ലെന്ന താലിബാനിസം ബിജെപി അംഗീകരിച്ചു തരില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങള്‍ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി അധികൃതര്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: