കിഴക്കന്‍ ലഡാക്കിന്റെ ഭാഗമായ ഗോഗ്ര ഹോട്ട് സ്പ്രിങ്ങിലെ പട്രോളിങ് പോയന്റ് പതിനഞ്ചില്‍നിന്ന് ഭാരതത്തിന്റെയും ചൈനയുടെയും സൈനിക പിന്മാറ്റം പൂര്‍ണമായത് അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരും. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ഇവിടെനിന്ന് സൈനികരെ പിന്‍വലിച്ചിരിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന മറ്റ് മേഖലകളില്‍നിന്നും സൈനികരെ പിന്‍വലിക്കുന്നതിന് ഈ നടപടി സഹായിക്കും. ഇരുപക്ഷത്തേയും സൈനിക നേതൃത്വം നടത്തിയ പതിനാറാംവട്ട ചര്‍ച്ചയിലാണ് നിര്‍ണായകമായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. പിന്‍വാങ്ങുന്ന സൈനികര്‍ എവിടെ നിലയുറപ്പിക്കണമെന്ന് ലോക്കല്‍ കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ധാരണയായിരിക്കുന്നു. അതിര്‍ത്തിയില്‍ സമാധാനം നിലനിന്നാല്‍ മാത്രമേ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയുള്ളൂവെന്ന നിലപാടാണ് ഭാരതത്തിന്റേത്. ഇതിന് കടകവിരുദ്ധമായിരുന്നു കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ സൈനികര്‍ സൃഷ്ടിച്ച സംഘര്‍ഷം. ഇതേത്തുടര്‍ന്ന് പാങ്കോങ് തടാക പ്രദേശത്ത് ഇരുരാജ്യങ്ങളും പതിനായിരക്കണക്കിന് സൈനികരെ വിന്യസിക്കുകയും, ആയുധങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ ദൈവത്തിന് വേണുഗാനം ആലപിക്കാന്‍ മാത്രമല്ല, ആവശ്യമെങ്കില്‍ ശത്രുനിഗ്രഹത്തിന് സുദര്‍ശന ചക്രമേന്താനും കഴിയുമെന്ന് അതിര്‍ത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഭാരതം നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് പാങ്കോങ് തടാകത്തിലെ വടക്കു-തെക്കു ഭാഗത്തുനിന്ന് കഴിഞ്ഞവര്‍ഷം തന്നെ സൈനിക പിന്മാറ്റം നടന്നിരുന്നു. ഇതില്‍നിന്ന് ഒരുപടി കൂടി കടന്നാണ് ഗോഗ്രയിലെ പതിനഞ്ചാം പട്രോളിങ് പോയന്റില്‍നിന്നുള്ള സൈനിക പിന്മാറ്റം. ഇതോടെ രണ്ടുവര്‍ഷം മുന്‍പുള്ള ഇടങ്ങളിലേക്ക് സൈന്യം മാറും. എന്നാല്‍ ഇപ്പോഴും ഡെപ്സാങ്-ഡെംചോക് പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് ചൈന ഏകപക്ഷീയമായി വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ച് നിയന്ത്രണരേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ഭാരതം അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തു. ഗാല്‍വാന്‍ താഴ്വരയില് ഏകപക്ഷീയമായി ചൈനയുടെ സൈന്യം കടന്നുകയറാന്‍ ശ്രമിച്ചത് വലിയ സംഘര്ഷത്തിലെത്തിച്ചു. ഭാരതത്തിന് ഇരുപത് സൈനികരെയും ചൈനയ്ക്ക് നാല്പത് സൈനികരെയും നഷ്ടമായി. ഈ തിരിച്ചടി മറച്ചുപിടിക്കാന്‍ ചൈന തങ്ങളുടെ ഭാഗത്തുണ്ടായ ആള്‍നാശം എത്രയെന്ന് വ്യക്തമാക്കിയില്ല. പിന്നീട് അവര്‍ക്കത് സമ്മതിക്കേണ്ടിവന്നു. അന്‍പതിനായിരം സൈനികരെ വീതം അണിനിരത്തിയ കിഴക്കന്‍ ലഡാക്കിലെ പട്രോളിങ് പോയന്റില്‍നിന്ന് പിന്മാറാന് ചൈന നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭാരതം വലിയ താല്‍പ്പര്യം കാണിച്ചില്ല. അതിര്‍ത്തി സംഘര്‍ഷത്തിന്റെ കാര്യത്തില്‍ ചൈനയെ വിശ്വസിക്കാന്‍ കൊള്ളാത്തതാണ് ഇതിനു കാരണം. ആ രാജ്യത്തിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടാത്തതിന്റെ നിരവധി അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് അതിര്‍ത്തിയില്‍ നിലനിന്നത് ചൈനയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ചൈനയുടെ സൈന്യത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി ഭാരതം ഒന്നുംതന്നെ ചെയ്തിരുന്നില്ല. അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തത് ബോധപൂര്‍വമാണെന്നും, ചൈന ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കാനാണ് ഇതെന്നും അന്നത്തെ മലയാളിയായ പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കുന്നത്ര പരിതാപകരമായിരുന്നു സ്ഥിതി. മോദി ഭരണത്തില്‍ ഇതിന് മാറ്റം വരാന്‍ തുടങ്ങിയത് ചൈനയെ പ്രകോപിപ്പിച്ചു. അതിര്‍ത്തി പ്രശ്നത്തില്‍ തങ്ങള്‍ക്ക് ആധിപത്യമുണ്ടെന്നു കാണിക്കാന്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ചു. ദോക്ലാമില്‍ ഇരുരാജ്യങ്ങളുടെയും സൈന്യം മാസങ്ങളോളം മുഖാമുഖം നില്‍ക്കുകയും, യുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ ഭാരതത്തിന്റെ ഉറച്ച തീരുമാനത്തില്‍ ചൈനയ്ക്ക് പിന്‍വാങ്ങേണ്ടിവന്നു. അന്നത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സ്വീകരിച്ച നിലപാട് ചൈനയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. രാഷ്ട്രത്തിന്റെ ആത്മാഭിമാനം പണയം വച്ചുകൊണ്ടുള്ള ഒരു നടപടിയും ഭാരതത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും, അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ചൈനയ്ക്ക് ബോധ്യമായി. ഇതിനെ തുടര്‍ന്നാണ് സൈനിക ചര്‍ച്ചയില്‍ സേനാ പിന്മാറ്റത്തിന് സമ്മതിച്ചത്. ഇപ്പോഴും സമ്പൂര്‍ണ സൈനിക പിന്മാറ്റത്തിന് ഭാരതം തയ്യാറായിട്ടില്ല. ചിലയിടങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. സൈനികമായ കരുത്തിലൂടെയും നയതന്ത്ര തലത്തിലെ സമര്‍ത്ഥമായ നീക്കങ്ങളിലൂടെയും മാത്രമേ ചൈനയെ ഒറ്റപ്പെടുത്താനാവൂ എന്ന ഉറച്ച തീരുമാനമാണ് ഭാരതത്തെ നയിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം ചൈനയ്ക്ക് അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. അതാണ് കിഴക്കന്‍ ലഡാക്കിലെ ഇപ്പോഴത്തെ സൈനിക പിന്മാറ്റത്തില്‍നിന്ന് തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: