തിരുവനന്തപുരം : തെരുവ്നായ പ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ ഉള്ളത് തിരുവനന്തപുരത്ത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകള്‍ വിതണം ചെയ്യുന്നതിനായാണ് മൃഗസംരക്ഷ വകുപ്പ് ഹോട്ട്സ്പോട്ടുകള്‍ പുറത്തിറക്കിയത്.
സംസ്ഥാനത്തെ 170 പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ട് നിശ്ചയിച്ചിരിക്കുന്നത്. ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതില്‍ കൂടുതലോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക.
തിരുവനന്തപുരത്ത് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 17 ഇടങ്ങളില്‍ നൂറിലധികം പേരാണ് ചികിത്സ തേടിയിട്ടുള്ളത്. പട്ടികയില്‍ രണ്ടാമത്തേത് പാലക്കാടാണ്. 26 ഹോട്ട് സ്പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ മാത്രം 641 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അടൂര്‍, അരൂര്‍, പെര്‍ള തുടങ്ങിയ സ്ഥലങ്ങളില്‍ 300ലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലാണ് ഏറ്റവും കുറവ് ഹോട്ട്സ്പോട്ടുള്ളത്. ഒരു മേഖല മാത്രമാണ് ജില്ലയില്‍ നിന്ന് ഈ വിഭാഗത്തില്‍ പെട്ടിരിക്കുന്നത്.
നിലവില്‍ നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ വാക്സിന് വിതരണം ആരംഭിച്ച് കഴിഞ്ഞു. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുത്തിവെയ്പ്പ് നടത്തുന്നത്. അഞ്ച് ലക്ഷത്തോളം പ്രതിരോധ മരുന്നുകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: