ന്യൂദല്‍ഹി: കിടപ്പും ഉറക്കവും മറ്റ് കാര്യസാധ്യങ്ങളും കണ്ടെയ്നറില്‍ ആക്കിമാറ്റിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ശൈലി കടമെടുത്തെന്ന് വ്യക്തമായി. 2014ല്‍ പ്രതിപക്ഷ നേതാവായിരുന്ന ഇമ്രാന് സമാനശൈലിയിലുള്ള ഒരു യാത്ര പാകിസ്ഥാനില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് നവാസ് ഷെറീഫ് സര്‍ക്കാരിനെതിരെ ആയിരുന്നു ഇമ്രാന്‍ഖാന്റെ കണ്ടെയ്നര്‍ യാത്ര. പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമബാദിലേക്കായിരുന്നു ആ യാത്ര. ഇവിടെ രാഹുല്‍ഗാന്ധി രാജ്യതലസ്ഥാനമായ ന്യൂദല്ഹിയിലേക്കാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
അന്ന് ഇമ്രാന് ഖാന് ഉറങ്ങിയതും വിശ്രമിച്ചതും കുളിച്ചതും ഒന്നും രണ്ടും കാര്യങ്ങള്‍ സാധിച്ചതും കണ്ടെയ്നറിലായിരുന്നു. വെറുമൊരു കണ്ടെയ്നറില്‍ ഉണ്ടുറങ്ങുകവഴി അന്ന് പാകിസ്ഥാനില്‍ ഒരു സഹതാപതരംഗം നേടാന്‍ ഇമ്രാന്ഖാന് സാധിച്ചത്രെ. ഈ ആശയമാണ് അപ്പാടെ പറിച്ചെടുത്ത് രാഹുല്‍ഗാന്ധിയുടെ കണ്ടെയ്നറില്‍ കിടത്തിച്ച് ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് നടത്തുന്നത്.
എന്തായാലും കോണ്‍ഗ്രസ് നേതാക്കളുടെ പാകിസ്ഥാന് ബന്ധം എത്ര ദൃഡമാണെന്ന് ഈ ഉദാഹരണം വീണ്ടും തെളിയിക്കുകയാണ്. മാത്രമല്ല, രാഹുല്‍ഗാന്ധിയുടെ കണ്ടെയ്നര്‍ ഒരു ആഡംബര കണ്ടെയ്നര്‍ തന്നെയാണ്. അതിനുള്ളില്‍ എസിയുണ്ട്, യൂറോപ്യന്‍ ക്ലോസറ്റ് ഉണ്ട്, നല്ല ഒന്നാന്തരം ബെഡ് ഉണ്ട്. പ്രധാനമന്ത്രി മോദിക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ പാസ്റ്ററുമായി വരെ കൂടിക്കാഴ്ച നടത്തി ഭാവനയില്ലാത്ത യാത്രാപദ്ധതികളാണ് രാഹുല്‍ഗാന്ധി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആദ്യദിവസങ്ങളില്‍ തന്നെ വെളിപ്പെട്ടിരുന്നു. ഇനിയും എന്തൊക്കെ മണ്ടത്തരങ്ങളാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നടത്താന്‍ പോകുന്നതെന്ന് മാത്രമേ കാത്തിരുന്ന് കാണേണ്ടതുള്ളൂ.
രാഹുല്‍ഗാന്ധിയോടൊപ്പം മെല്ലെ ഭാരത് ജോഡോ പോസ്റ്ററില്‍ തന്റെ തല കൂടി ചേര്‍ത്ത് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും മെല്ലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് സ്വയം അവരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പല കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയതോടെ റോബര്‍ട്ട് വധേര ഈ പദ്ധതി ഉപേക്ഷിച്ചതായും അറിയുന്നു.
150 ദിവസത്തെ സുദീര്‍ഘയാത്ര സംഘടിപ്പിച്ചതിന് പിന്നില്‍ ഇഡിയുടെ ചോദ്യങ്ങളില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള ഒരു തന്ത്രമാണെന്നും ചിലര്‍ ഈ യാത്രയെ വിലയിരുത്തുന്നു. മാത്രമല്ല, അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗവുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുടങ്ങിവെച്ച വികസനപദ്ധതിയ്ക്ക് കോണ്‍ഗ്രസ് തന്നെ ഇപ്പോള്‍ പാര പണിയുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
60 വലിയ കണ്ടെയ്നറുകളാണ് രാഹുലും കൂട്ടാളികളും ഉപയോഗിക്കുന്നത്. ഓരോ രാത്രിയിലും ഇത്രയും കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ തന്നെ രണ്ടേക്കര്‍ സ്ഥലം ആവശ്യമാണ്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കാര്‍ഷിക കോളെജ് കാമ്പസില്‍ രാത്രി കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ശ്രമം ഇടതു വിദ്യാര്‍ത്ഥിസംഘടനകള്‍ തടഞ്ഞതോടെ രാഹുല്‍ ഗാന്ധിയും കൂട്ടരും ഏതോ ഒരു കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നതെന്നും വാര്‍ത്തയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: