ന്യൂദല്‍ഹി: കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ് ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോള്‍ സ്വാഭാവികമായും നമ്മള് ചിന്തിച്ചുപോകും. ലോകത്ത് തെരുവ് നായ്ക്കള്‍ ഇല്ലാത്ത രാജ്യം ഉണ്ടോ? ആദ്യം നമ്മള് കരുതുക അത് ഉണ്ടെങ്കില്‍ ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായ, വൃത്തിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന അമേരിക്കയായിരിക്കും എന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓരോ വര്‍ഷവും 33 ലക്ഷം അലഞ്ഞുതിരിയുന്ന നായ്ക്കളാണ് യുഎസിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്ക് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ടെക്സസില്‍ മാത്രം 10 ലക്ഷം തെരുവു നായ്ക്കല്‍ ഉണ്ടെന്ന് കണക്കുകള്‍ പറയുന്നു.
ലോകത്താകെ 20 കോടിയോളം അലഞ്ഞുതിരിയുന്ന നായ്ക്കളുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കല്‍ താരതമ്യേന ദരിദ്രമായ ഏഷ്യന്‍ രാജ്യങ്ങളിലാണ്. ലോക് സഭയില്‍ മൃഗക്ഷേമ വകുപ്പ് മേശപ്പുറത്ത് വെച്ച കണക്ക് പ്രകാരം 3 കോടി തെരുവുനായ്ക്കളാണ് ഇന്ത്യയില്‍ ഉള്ളത്. പ്രതിവര്‍ഷം 20,000 പേര് ഇന്ത്യയില്‍ നായ്ക്കള്‍ കടിച്ചുണ്ടാകുന്ന പേവിഷബാധയേറ്റ് മരിക്കുന്നു.
അതേ സമയം ലോകത്ത് ഒരൊറ്റ തെരുവുനായ്ക്കള്‍ ഇല്ലാത്ത ഒരു രാജ്യമുണ്ട്. അത് നെതര്‍ലാന്റ്സ് എന്ന യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ രാജ്യത്താണ്. നെതര്‍ലാന്റ്സിന്റെ മറ്റൊരു പേരാണ് ഹോളണ്ട്. നെതര് ലാന്റ്സ് സര്‍ക്കാരിനെ ഡച്ച് സര്‍ക്കാര്‍ എന്നും വിളിക്കും.
19ാം നൂറ്റാണ്ടില്‍ ഇവിടെ നായ്ക്കളുടെ എണ്ണം കൂടുതലായിരുന്നു. അന്ന് സമൂഹത്തിലെ ഉയര്‍ന്ന പദവിയുടെ പ്രതീകമായിരുന്നു വളര്‍ത്തുനായ. അന്ന് ഓരോ കുടുംബത്തിലും നായ്ക്കള്‍ ഉണ്ടായിരുന്നു. പക്ഷെ പേവിഷബാധ വര്‍ധിച്ചതോടെ രാജ്യം ചുവടുമാറ്റി. ഇതോടെ എല്ലാവരും വളര്‍ത്തുനായ്ക്കളെ തെരുവില്‍ വിടാന്‍ തുടങ്ങിയതോടെ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിച്ചു.
നിര്‍ബന്ധമായും കുത്തിവെപ്പും മറ്റും നായ്ക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നല്‍കിത്തുടങ്ങി. വാക്സിനും സൗജന്യ മെഡിക്കല്‍ പരിശോധനയും നല്കി. ഇത് വിജയകരമായതോടെ മൃഗക്ഷേമത്തിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങി. നായ്ക്കളെ വളര്‍ത്തുന്നവര്‍ ഉചിതമായ ചികിത്സകളും നായ്ക്കള്‍ക്ക് നല്‍കണമെന്ന് നിര്‍ബന്ധമാക്കി. അത് പാലിക്കാത്ത നായ് ഉടമകള്‍ക്ക് 3 വര്‍ഷം ജയില്‍വാസവും 16000 ഡോളര്‍ പിഴയും വിധിച്ചു.
വളര്‍ത്തുനായ്ക്കളെ വാങ്ങുന്നതിനുള്ള നികുതി ഡച്ച് സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതും പ്രോത്സാഹിപ്പിച്ചു. തെരുവുനായ്ക്കള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധവല്‍ക്കരണം നല്കി. ഇതോടെ തെരുവു നായ്ക്കളെ ദത്തെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. നായ്ക്കളുടെ സുരക്ഷയ്ക്ക് അനിമല്‍ കോപ്സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക പൊലീസ് സേനയെയും വിന്യസിച്ചു. ഇപ്പോള്‍ എല്ലാ തെരുവുനായ്ക്കളെയും ആളുകള്‍ ദത്തെടുത്തതോടെ അവിടെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ മാത്രമേയുള്ളൂ. തെരുവുനായ്ക്കള്‍ ഒരെണ്ണം പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: