ഇറക്കത്ത് രാധാകൃഷ്ണന്
കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ വിജയിച്ചുവെങ്കിലും ഭീഷ്മപിതാമഹന്റെ ശരശയ്യയിലെ അവസ്ഥ യുധിഷ്ഠിരനെ തീരാദുഃഖത്തിലാഴ്ത്തി. ക്ഷണനേരം കൊണ്ട് നശിച്ചു പോകുന്ന ശരീരത്തിനായി എത്ര വീരയോദ്ധാക്കളെയാണ് വധിക്കേണ്ടിവന്നത്. ലക്ഷക്കണക്കിന് യോദ്ധാക്കള്‍, സൈന്യവൂഹങ്ങള്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പിതൃക്കള്‍, ഭ്രാതാക്കള്, ബാലകര്‍, ഗുരുക്കന്മാര് തുടങ്ങി അനേകം പേരുടെ ജീവനും, അക്ഷൗഹിണിപ്പടയും നശിപ്പിക്കേണ്ടിവന്നു. ഒരു തേര്, ഒരു ഗജം, മൂന്ന് കുതിര, അഞ്ച് ആള്- ഇതിനു പത്തി എന്നു പേര്. 3 പത്തി ഒരു സേനാമുഖം, 3 സേനാമുഖം ഒരു ഗുല്മം, 3 ഗുല്മം ഒരു ഗണം, 3 ഗണം ഒരു വാഹിനി, 3 വാഹിനി ഒരു പ്രതൃന, 3 പ്രതൃന ഒരു ചമു, 3 ചമു ഒരു അനീകനി, പത്ത് അനീകനി ഒരു അക്ഷൗഹിണി. ധര്‍മ്മ യുദ്ധത്തില്‍ ശത്രുവധം പാപമുണ്ടാക്കുന്നില്ലെന്ന് ശാസ്ത്രം വിധിക്കുന്നുണ്ടെങ്കിലും എത്രയെത്രയോ സ്ത്രീകളേയും കുട്ടികളെയും, മാതാക്കളേയുമാണ് അനാഥരാക്കേണ്ടി വന്നത്. അഴുക്കിനെ അഴുക്കുകൊണ്ടും മദ്യത്തെ മദ്യം കൊണ്ടും ശുദ്ധിയാക്കുന്നതുന്നതുപോലുള്ള നടപടിയായിപ്പോയല്ലോ. ഹിംസയ്ക്കിനി എന്താണ് പ്രായശ്ചിത്തം.
ഇക്കാര്യങ്ങളാലോചിച്ച് മനമുരുകി വ്യസനിച്ചപ്പോള്‍ സര്‍വധര്‍മ്മങ്ങളും അറിയാവുന്ന ഭീഷ്മരെ ചെന്നു കാണുവാന്‍ ശ്രീകൃഷ്ണ ഭഗവാന് ധര്‍മ്മജനെ ഉപദേശിച്ചു. ശ്രീകൃഷ്ണനും പാണ്ഡവാദികളും മുനിമാരോടുകൂടി ഭീഷ്മപിതാമഹന്റെ അടുക്കലെത്തി നമസ്കരിച്ചു.
ധര്‍മ്മജനും നീതിജ്ഞനുമായ ഭീഷ്മര്‍ എല്ലാപേരേയും സ്വീകരിച്ചു. കുശലങ്ങളന്വേഷിച്ചു. സ്വമായയെ അവലംബിച്ച് ശരീരമെടുത്ത ഭഗവാന് കൃഷ്ണനെയും അദ്ദേഹത്തിന്റെ മാഹാത്മ്യത്തേയും വൈഭവത്തേയും നന്നായറിയുന്നവനായിക്കൊണ്ട് സ്നേഹവാത്സല്യത്തോടെ ധര്മ്മപുത്രാദികളോടായി പറഞ്ഞു. ഭീമസേനനും അര്‍ജുനനും ശ്രീകൃഷ്ണനും ഉള്ളിടത്ത് അനിഷ്ടങ്ങളുണ്ടാകുന്നത് വിഷമമാണ്. കൃഷ്ണന്റെ ഇച്ഛയെന്തെന്ന് ആര്ക്കുമറിയുവാനും സാധ്യമല്ല. ഇനിയങ്ങോട്ട് അറിയുവാനും കഴിയില്ല. ഇതെല്ലാം ഈശ്വര നിശ്ചയമാണ്. ഭഗവാന് കൃഷ്ണന് ആദി പുരുഷനായ നാരായണനാണ്. പ്രപഞ്ചത്തെയാകെ മായയാല്‍ മോഹിപ്പിച്ച് യാദവവംശത്തില്‍ അവതരിച്ചിരിക്കുകയാണ്. നാരദനും കപിലനും ഇത് നന്നായറിയാം. നിങ്ങള്‍ക്കദ്ദേഹം മാതുലപുത്രനാണ് സുഹൃത്താണ്. എനിക്ക് ദര്‍ശനം നല്കുവാനും എന്റെ സ്തുതി കേള്ക്കുവാനുമാണദ്ദേഹം നിങ്ങളേയും കൂട്ടി ഇവിടെ വന്നതെന്ന് മനസ്സിലാക്കുക.
ശ്രീകൃഷ്ണന്റെ നാമങ്ങള്‍ ജപിക്കുന്നവനും കീര്ത്തിക്കുന്നവനുമായ യോഗി എല്ലാ കര്‍മ്മബന്ധത്തില്‍ നിന്നും മുക്തനായിത്തീരും. ഭഗവാനെക്കണ്ടുകൊണ്ട് ശരീരം വെടിയുവാന്‍ അനുവദിക്കേണമെ എന്നാണ് എന്റെ പ്രാര്‍ത്ഥന.
ദുഃഖഭാരത്താല്‍ തലകുമ്പിട്ടു നിന്ന ധര്‍മ്മപുത്രര്‍ പിതാമഹന്റെ അടുക്കല്‍ നിന്ന് ആശ്വസിപ്പിക്കുകയും ധര്‍മ്മ മാര്‍ഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ത്തുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഭക്തിയോടെ കൃഷ്ണനെ ദര്‍ശിക്കുന്നതോടൊപ്പം ധര്‍മ്മതത്ത്വങ്ങളും ദാനധര്‍മ്മം, മോക്ഷധര്‍മ്മം, സ്ത്രീധര്‍മ്മം, രാജധര്‍മ്മം, ഭാഗവതധര്‍മ്മം എന്നിവയും അവ പ്രാപിക്കാനുള്ള ഉപായങ്ങളും പുരുഷാര്‍ത്ഥങ്ങളും ധര്‍മ്മപുത്രര്‍ക്ക് വിശദമായി പറഞ്ഞു കൊടുക്കുകയും ചെയ്തു.
സത്യനിഷ്ഠനായ രാജാവ് ഭൂമിയിലും സ്വര്‍ഗത്തിലും സുഖം അനുഭവിക്കും. ഋഷീശ്വരന്മാര് ധനമായി കാണുന്നത് സത്യമാണ്. ഗുണവാന്‍, ശീലവാന്‍, ധര്മ്മ്യന്, ജിതേന്ദ്രിയന്‍ ഇങ്ങനെയുള്ളവര്‍ ഒരിക്കലും ധര്‍മ്മത്തില്‍ നിന്ന് മാറില്ല. ലോകത്രയത്തിന് ദോഷം ഉണ്ടാക്കില്ല. ബ്രാഹ്മണര്‍ കുറ്റം ചെയ്താലും വധിക്കാതെ നാടുകടത്തുകയാണ് വേണ്ടത്. സത്യവാനായിരിക്കുന്ന രാജാവിന് ജനപ്രിയം എന്നുമുണ്ടായിരിക്കും. നിത്യം ക്ഷമിക്കുന്ന രാജാവിനെ ജനം നിന്ദിക്കും. ആനയുടെ തലയില്‍ ആനക്കാരന് കയറിയാല്‍ ഉണ്ടാകുന്നതുപോലെ അധികാരത്തിനും ക്ഷീണമുണ്ടാകും. രാജാവ് ശാന്തനായിരിക്കണം. അതുപോലെ തന്നെ ഗൗരവക്കാരനും. അധികാരം നന്നായി ഉപയോഗിക്കുകയും വേണം. ഗര്‍ഭിണിയുടെ മട്ടില്‍ തന്റെ ഇഷ്ടം വിട്ടും പെരുമാറണം. ഗര്‍ഭിണി ഗര്‍ഭം കാക്കുമ്പോള്‍ തനിക്കിഷ്ടമുള്ള പലതിനെയും ഉപേക്ഷിച്ച് കുഞ്ഞിനെയാണ് ശ്രദ്ധിക്കുക. ഗുണവാനായ രാജാവ് ധര്മ്മാനുവര്ത്തിയായിരിക്കും. വര്‍ണാശ്രമധര്‍മ്മം, ചതുരാശ്രമവിധി, അരാജകത്വദോഷം ഭരണവിധികള് ഇവ ശ്രദ്ധിക്കണം.
രാജാക്കന്മാര്ക്ക് മിത്രം നാലു വിധം. സഹാര്‍ത്ഥന്‍, ഭജമാന്‍, സഹജന്, കൃത്രിമന്‍ എന്നിങ്ങനെ അഞ്ചാമന് നിഷ്പക്ഷമതിയാണ്. അവന് ധര്‍മ്മവും സത്യവുമുള്ള പക്ഷമേ പിടിക്കൂ. രാജാവ് അവനോട് അവനിഷ്ടമില്ലാത്ത കാര്യം അറിയിക്കരുത്. രാജാവിന് മിത്ര രക്ഷയില്‍ തെറ്റുപറ്റരുത് തുടങ്ങി ധാരാളം ധര്മ്മരീതികളാണ് ഉപദേശിച്ചു കൊടുത്തത്. ഉത്തരായന കാലം വന്നടുത്തപ്പോള്‍ ഭീഷ്മര്‍ മൗനം പൂണ്ടു. ശാന്തനായി മുന്നില്‍ നില്ക്കുന്ന പീതാംബരധാരിയും ചതുര്ഭുജനുമായ കൃഷ്ണനെ കണ്‍കുളിര്‍ക്കെക്കണ്ട് സ്തുതിച്ചു തുടങ്ങി. ഇതാണ് ഭാഗവതത്തിലെ ഭീഷ്മസ്തുതിയായി അറിയപ്പെടുന്നത്. പന്ത്രണ്ട് ശ്ലോകങ്ങളിലൂടെ ഭീഷ്മര്‍ പരമാത്മാവിനെ സ്തുതിക്കുന്നു.
സാത്വികപതിയായ ഭഗവാനില്‍ എന്റെ മനസ്സ് അര്പ്പിതമായിരിക്കുന്നു. ദിവ്യമായ തിരുസ്വരൂപം ത്രിലോകങ്ങളില്‍ വച്ച് സുന്ദരമാണ്. തമാലവൃക്ഷത്തിന്റെ വര്‍ണത്തോട് കൂടിയവനും ഉദയസൂര്യന്റെ ശോഭയോടെ പീതവസ്ത്രമണിഞ്ഞവനും കുറുനിരകള്‍ വീണ നെറ്റിത്തടവും അര്‍ജുനന്റെ തേര് തെളിക്കുമ്പോള്‍ തലമുടികളില്‍ തടഞ്ഞുകൊണ്ടിരിക്കുന്ന വിയര്‍പ്പു തുള്ളികളാല്‍ അലങ്കരിക്കപ്പെട്ട മുഖത്തോടും എന്റെ ബാണങ്ങള്‍ തട്ടി മുറിഞ്ഞിരിക്കുന്ന ശരീരത്തോടുംകൂടിയ അര്‍ജുന സഖാവായ കൃഷ്ണഭഗവാനില്‍ എന്റെ മനസ്സ് ദൃഢമായിരിക്കണേ. എന്റെ ആത്മാവ് ഭഗവാനില്‍ രമിക്കണേ. ഇരുസൈന്യമദ്ധ്യത്തില് തേര് നിര്‍ത്തി, ശത്രു സൈനത്തിന്റെ ആയുസ്സ് ദൃഷ്ടികൊണ്ട് ഹരിച്ചു നിന്ന ശ്രീകൃഷ്ണ ഭഗവാനില്‍ എനിക്ക് ഭക്തിയുണ്ടാകണമേ! പോര്‍ക്കളത്തില്‍ വച്ച് അര്‍ജുനന്റെ അജ്ഞതയെ മാറ്റി ആത്മവിദ്യ പകര്‍ന്നു കൊടുത്ത ഭഗവാന്റെ ചരണങ്ങളില്‍ എനിക്ക് ഭക്തിയുണ്ടാകണേ. യുദ്ധക്കളത്തില്‍ എന്റെ പ്രതിജ്ഞയെ പാലിക്കുവാനായി മുറിവ് പറ്റിയ ദേഹവുമായി സുദര്‍ശനചക്രത്തെ കയ്യിലെടുത്ത് രഥത്തില്‍ നിന്നും ചാടിയിറങ്ങിയപ്പോള്‍ ഉത്തരീയം തോളില്‍ നിന്നും പാറിപ്പോയ ഭഗവാനെ എനിക്ക് പ്രാപിക്കുവാന്‍ കഴിയണമേ.
അര്ജുന് രഥത്തില്‍ കടിഞ്ഞാണും ചമ്മട്ടിയും പിടിച്ച് നില്ക്കുന്ന ഭഗവാന്റെ തിരുരൂപം ദര്‍ശിച്ച് മരിച്ചവരെല്ലാം സാരൂപ്യ മുക്തി പ്രാപിച്ചു. മോക്ഷേച്ഛുവായ എനിക്കും കമനീയമായ രൂപത്തോടുകൂടിയ ഭഗവാനില്‍ ഭക്തിയുണ്ടാകണേ. ഗോപസുന്ദരിമാരെ വശീകരിക്കാന്‍ ഭഗവാന് കാണിച്ച ലീലകള്‍ നടത്തം, മന്ദഹാസം, കാരുണ്യമുള്ള കടാക്ഷം ഗോവര്‍ദ്ധന പര്വതോദ്ധാരണം ഇവ നടത്തി ഗോപികമാര്‍ക്ക് സാരൂപ്യം നല്കിയ ഭഗവാനില്‍ എനിക്ക് ഭക്തിയുണ്ടാകണേ.
യുധിഷ്ഠിരന്റെ രാജസൂയയാഗത്തില്‍ മുനിമാരും നൃപന്മാരും നിറഞ്ഞിരിക്കുന്ന സഭാ മദ്ധ്യത്തില്‍ സകലരും അഗ്രപൂജയ്ക്കായി ക്ഷണിച്ചിരുത്തി മാനിച്ച ഭഗവാന്റെ മനോഹര രൂപമെനിക്ക് കാണുവാനുള്ള ഭാഗ്യം ഉണ്ടായല്ലോ. സകല പ്രാണികളുടേയും ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടതും ആദിസ്വരൂപനുമായ ഭഗവാനെ ഏകനായ ആദിത്യനെ എല്ലാജലാശയങ്ങളിലും കാണുന്നതുപോലെ പലതായി ശോഭിക്കുന്നു. ഞാന്‍ അങ്ങയില്‍ ലയിച്ചവനായി ഭവിച്ചിരിക്കുന്നു. ജഗല്പൂജ്യനും സര്‍വാത്മാവുമായ ഭഗവാന് എന്റെ കണ്മുന്നില് തന്നെ എത്തിയിരിക്കുന്നു. അത് എത്ര ഭാഗ്യമാണ്. ഭഗവാനെ ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ട് ഞാനീ മര്‍ത്ത്യശരീരം വിട്ടിതാ പുറപ്പെടുന്നു. ഉത്തരായനകാലത്തില്‍ തന്നെ ഭീഷ്മര്‍ ഭഗവാനെ ദര്ശിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടും ആത്മാവിനെ വിഷ്ണുപദത്തോട് ലയിപ്പിച്ചു. ഓം നമോ ഭഗവതേ വാസുദേവായ
പ്രതികരിക്കാൻ ഇവിടെ എഴുതുക: