ഇറ്റാനഗര്‍: രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനികമേധാവിയും മുന്‍ കരസേനാ മേധാവിയുമായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ ആദരം. അരുണാചല്‍ പ്രദേശിലെ സൈനിക താവളത്തിനും വാലോങ് മുതല്‍ കിബിത്തു വരെയുള്ള 22 കിലോമീറ്റര്‍ റോഡിനും ജനറല്‍ റാവത്തിന്റെ പേര് നല്കാന് സൈന്യം തീരുമാനിച്ചു. റാവത്ത് ഊട്ടി കൂനൂരില്‍ വച്ച് ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞതിന്റെ ഒന്നാം വാര്‍ഷിക വേളയിലാകും നാമകരണം. കിബിത്തുവിലെ സൈനിക താവളം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബിഡി മിശ്ര, മുഖ്യമന്ത്രി പേമ ഖണ്ഡു, കരസേനയുടെ കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാണാ പ്രതാപ് കലിത തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ ലോഹിത് താഴ്വരയുടെ സമീപത്താണ് കിബിത്തു ഗ്രാമം. ഇവിടെ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് സൈനിക പാളയം. 2021 ഡിസംബര്‍ 8നാണ് റാവത്തും ഭാര്യ മധുലിക റാവത്തും 12 പ്രതിരോധ ഉദ്യോഗസ്ഥരും കോപ്ടര്‍ അപകടത്തില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: