ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിലെ പുരുഷ കിരീടത്തിനും ഇത്തവണ പുതിയ അവകാശി. ഫൈനലില്‍ മൂന്നാം സീഡ് സ്പെയ്ന്റെ കാര്‍ലോസ് അല്‍കരാസ് അഞ്ചാം സീഡ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും. ഇരുവരും ആദ്യമായാണ് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്.
ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഇരുവരുടെയും ലക്ഷ്യം. റൂഡ് ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തിയെങ്കിലും ഇതിഹാസ താരം റാഫേല്‍ നദാലിനോട് തോറ്റു. അല്‍കരാസിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.
സെമിയില്‍ അല്‍കരാസ് യുഎസിന്റെ ഫ്രാന്‍സിസ് ടിയാഫൊയെ കീഴടക്കി. നദാലിനെയടക്കം വീഴ്ത്തിയെത്തിയ ടിയാഫൊയെ മറികടക്കാന്‍ കടുത്ത പോരാട്ടം നടത്തേണ്ടി വന്നു സ്പാനിഷ് താരത്തിന്. മത്സരം അഞ്ച് സെറ്റിലാണ് അവസാനിച്ചത്. 6-7, 6-3, 6-1, 6-7, 6-3. കാസ്പര്‍ റൂഡും കടുത്ത പോരാട്ടത്തിലാണ് മുന്നേറിയത്. അട്ടിമറികളുമായെത്തിയ റഷ്യയുടെ കാരെന് ഖചാനൊവിനെ തോല്‍പ്പിച്ചു, 7-6, 6-2, 7-5, 6-2. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഫൈനല്‍.
പുരുഷ ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ ഒന്നാം സീഡ് രാജീവ് റാം-ജോ സാലിസ്ബറി സഖ്യം കിരീടം നിലനിര്‍ത്തി. ഫൈനലില്‍ രണ്ടാം സീഡ് വെസ്ലി കൂള്ഹൊഫ്-നീല്‍ സ്കുപസ്കി കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു, 7-6, 7-5. ഡബിള്‍സ് കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. സാലിസ്ബറി യുഎസ് ഓപ്പണില്‍ തുടരെ 17 വിജയങ്ങളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: