ന്യൂദല്‍ഹി: പി.എം.ശ്രീ സ്‌കൂളുകള്‍ക്ക് (പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാജ്യമെമ്പാടുമുള്ള 14,500 സര്‍ക്കാര്‍ സ്‌കൂളുകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് 27,360 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവിലെ സര്‍ക്കാര്‍ സ്‌കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസനയത്തിന് (എന്‍.ഇ.പി.) അനുസൃതവുമായ പഠനരീതി ഇവയില്‍ നടപ്പാക്കും. സമഗ്രശിക്ഷ പദ്ധതി, കേന്ദ്രീയവിദ്യാലയ സംഘടന്‍, നവോദയ വിദ്യാലയസമിതി എന്നിവയിലൂടെയാകും പദ്ധതി നടപ്പാക്കുക. ഇത് 18 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഗുണംചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. മൊത്തം ചെലവിന്റെ 66 ശതമാനം (18,128 കോടിരൂപ) കേന്ദ്രം വഹിക്കും.
ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ എല്ലാ സവിശേഷതകളും അടങ്ങിയതാകും പിഎം ശ്രീ സ്‌കൂളുകള്‍. ഇവ മാതൃകാപരമായ സ്‌കൂളുകളായി പ്രവര്‍ത്തിക്കും. കൂടാതെ ഇവയുടെ സമീപത്തുള്ള മറ്റ് സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക വികസനത്തിനായി പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ ഗുണനിലവാരമുള്ള അധ്യാപനം നല്‍കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പാഠ്യപദ്ധതി നടപ്പിലാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: