മലപ്പുറം: മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മതത്തിന്റെ പേരില്‍ രൂപികരിച്ച രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം. മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് ലീഗെന്നും അദേഹം അവകാശപ്പെട്ടു.
പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 18നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് സുപ്രീം കോടതി നിര്‍ദേശം.
രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ മതസൂചനകളുള്ള ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്ന മുസ്ലിംലീഗിനും അസസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം (ഓള് ഇന്ത്യ മജ് ലിസ് ഇ ഇത്തെഹദുള്‍ മുസ്ലിമീന്) എന്നീ പാര്‍ട്ടികള്‍ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്.
സയിദ് വസീം റിസ് വി നല്കിയ പരാതിയില്‍ സുപ്രീംകോടതി ജഡ് ജിമാരായ എം.ആര്. ഷാ, കൃഷ്ണ മുരാരി എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വശീകരിക്കുന്നത് തടയുന്ന ജനപ്രതിനിധി നിയമം നിര്‍ബന്ധമായും പ്രാബല്യത്തില്‍ വരുത്താന്‍ സുപ്രീംകോടതിയോട് പരാതിക്കാരന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
‘മുസ്ലിംലീഗ്, എഐഎംഐഎം എന്നീ പാര്‍ട്ടികളുടെ പേരില്‍ മുസ്ലിം എന്ന പദമുണ്ട്. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ്. മതസൂചനകളുള്ള പേര് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാടില്ല. ഇത്തരം പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ത്ഥി ജനപ്രാതിനിധ്യ നിയമം ലംഘിക്കുകയാണ്. ‘ പരാതിക്കാരന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുന്ന അഭിഭാഷകനും ബിജെപി ദേശീയ വക്താവുമായ ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു.
മുസ്ലിംലീഗിനെ എടുത്തുനോക്കൂ. അവര്‍ക്ക് രാജ്യസഭയിലും ലോക്സഭയിലും എംപിമാരും കേരളത്തില്‍ എംഎല്‍എമാരുമുണ്ട്. ഇത് മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നു. ഇനിയും നമുക്ക് രാഷ്ട്രീയത്തെ മലിനപ്പെടുത്താമോ ഗൗരവ് ഭാട്ടിയ വാദിച്ചു. കേസില്‍ മുസ്ലിം ലീഗിനെയും എഐഎംഐഎമ്മിനെയും കക്ഷിചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: