മിനി മാത്യു
നാളികേര കൃഷിയില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഭാരതത്തിന്. 21.73 ലക്ഷം ഹെക്ടറിലാണ് കൃഷിയെങ്കിലും ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും (20,309 മില്യണ്‍ നാളികേരം) രാജ്യം ഒന്നാം സ്ഥാനത്താണ്, ഹെക്ടറിന് 9346 നാളികേരം. അന്താരാഷ്ട ശരാശരിയാകട്ടെ ഹെക്ടറിന് 5357 നാളികേരമാണ്. രാജ്യത്തെ 12 ദശലക്ഷം കുടുംബങ്ങള്‍ക്ക് നാളികേര കൃഷി ഉപജീവന മാര്‍ഗമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്തം ദേശീയ ആഭ്യന്തര ഉത്പാദനത്തിലേക്ക് 30,000 കോടി രൂപയാണ് നാളികേര മേഖലയുടെ സംഭാവന. രാജ്യത്ത് 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള നാളികേര മേഖലയില്‍ 90 ശതമാനവും സംഭാവന ചെയ്യുന്നത് കേരളം, കര്‍ണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. നാളീകേരോല്‍പന്നങ്ങളുടെ പോഷക, ഔഷധ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളില്‍ ഇവയ്‌ക്ക് ആവശ്യകത വര്‍ധിച്ചുവരുന്നു. നാളികേര ഉത്പാദന-കയറ്റുമതി രംഗങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ കീഴില്‍ രജിസറ്റര്‍ ചെയ്തിട്ടുള്ള 5508 കയറ്റുമതി സംരംഭകര്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3237 കോടി രൂപയുടെ നാളികേര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 41.04 ശതമാനം കൂടുതലാണ്. കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതി വരുമാനമായ 4340 കോടി രൂപ കൂടി കണക്കിലെടുക്കുമ്പോള്‍ നാളികേരം എന്ന ഒരൊറ്റ ഉത്പന്നത്തില്‍ നിന്നു മാത്രം രാജ്യത്തിനു ലഭിച്ചത് 7577 കോടി രൂപയുടെ (ഏകദേശം 1000 മില്യണ്‍ ഡോളര്‍) കയറ്റുമതി മൂല്യമാണ്. ഇത് എടുത്തുപറയേണ്ട നേട്ടമാണ്.
കേരം തിങ്ങും കേരളനാട്
നാളികേരത്തിന്റെ നാടാണ് കേരളം. സംസ്ഥാന സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന കാര്‍ഷിക വിളയും നാളികേരമാണ്. കേരളത്തിന്റെ മൊത്തം കൃഷി ഭൂമിയുടെ 41 ശതമാനവും തെങ്ങു കൃഷിയാണ്. എന്നാല്‍ നാളീകേര വിലയിലെ അസ്ഥിരതയും രോഗ കീടങ്ങളുടെ ആധിക്യവും എല്ലാക്കാലത്തും നാളികേര മേഖലയെ അലട്ടിക്കൊണ്ടിരിക്കുന്നു. 1999 ല്‍ പ്രഥമ ലോക നാളികേരദിനം ആചരിക്കുമ്പോള്‍ ഒരു തേങ്ങയ്‌ക്ക് 3രൂപയായിരുന്നു വില. അത് 15 രൂപക്കു മുകളില്‍ എത്തിനില്‍ക്കുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 15 കോടിയോളം തെങ്ങുകളില്‍ നിന്ന് 694 കോടി നാളികേരമാണ് ഉത്പാദിപ്പിക്കുന്നത്. 1970-71 ല്‍, ഇന്ത്യയില്‍ 10.46 ലക്ഷം ഹെക്ടര്‍ തെങ്ങുകൃഷി ചെയ്തതില്‍ 7.19ലക്ഷം ഹെക്ടറും കേരളത്തിലായിരുന്നു. അതായത്, 69 ശതമാനം. പക്ഷേ, 2020-21ആയപ്പോഴേക്കും മറ്റു സംസ്ഥാനങ്ങളില്‍ തെങ്ങുകൃഷി വര്‍ദ്ധിച്ചതനുസരിച്ച് രാജ്യത്തെ നാളികേര മേഖല 21.99 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. കേരളത്തിലെ തെങ്ങുകൃഷിയുടെ വിസ്തൃതിയും 7.69 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. എന്നാല്‍ ഇക്കാലയളവില്‍ വിഹിതം 69 ശതമാനത്തില്‍ നന്ന് 35 ശതമാനമായി കുറയുകയും ചെയ്തു. എങ്കിലും, ഇന്ത്യയിലെ മൊത്തം നാളികേര കൃഷിയുടെ 35 ശതമാനവും ഉത്പാദനത്തിന്റെ 33 ശതമാനവും കേരളത്തിന് അവകാശപ്പെട്ടതാണ്. കേരളത്തില്‍ 1970-71 ല്‍ ഒരു ഹെക്ടറില്‍ നിന്നു 5536 നാളികേരം ലഭിച്ചിരുന്നത് 2020-21 ല്‍ 9030 നാളികേരമായി ഉയര്‍ന്നു. അതായത് ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ നാം ദേശീയ ശരാശരിയായ 9430 നാളികേരത്തിന് അടുത്ത് എത്തിയിരിക്കുന്നു.
തോട്ടത്തില്‍, തിങ്ങി വളരുന്ന വിധം തെങ്ങുകളുടെ എണ്ണം അധികമായാല്‍ അത്ഉത്പാദനക്ഷമതയെ ബാധിക്കും. ഹെക്ടറില്‍ പരമാവധി 175 തെങ്ങുകള്‍ വേണ്ടിടത്ത് കേരളത്തില്‍ 200 ലധികമാണ് കാണുന്നത്. ഉത്പാദനമില്ലാത്തതും, പ്രായം കൂടിയതും, കാറ്റു വീഴ്ചരോഗം മൂര്‍ച്ഛിച്ചതുമായ തെങ്ങുകള്‍ വെട്ടിമാറ്റി എണ്ണം ക്രമീകരിക്കണം. ഇതിനായി തെങ്ങുകൃഷി പുനരുദ്ധാരണം എന്ന ബൃഹദ് പദ്ധതി2009-10 മുതല്‍ ബോര്‍ഡ് നടപ്പാക്കിവരുന്നു. ഈ പദ്ധതി പ്രകാരം 32 ലക്ഷം തെങ്ങുകള്‍ വെട്ടിമാറ്റി, പകരം തെങ്ങിന്‍ തൈകള്‍ നട്ടു. കൂടാതെ പദ്ധതി പ്രദേശത്തെ കായ്‌ക്കുന്ന തെങ്ങുകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ശാസ്ത്രീയ വളപ്രയോഗം അവലംബിക്കുന്നതിനും ധനസഹായം നല്‍കി. ഈ പദ്ധതിയിലൂടെ 220 കോടി രൂപ ഇതുവരെ കേരളത്തില്‍ വിനിയോഗിച്ചു. നാളികേര ഉത്പാദനക്ഷമതയില്‍ ഇന്നുകാണുന്ന ഗുണപരമായ മാറ്റം ഈ പദ്ധതിയുടെ കൂടി പ്രതിഫലനമാണ്.
കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക വിദ്യകള്‍, പ്രത്യേകിച്ച് സംയോജിതകൃഷി, ഇടവിള കൃഷി തുടങ്ങിയവയിലൂടെ കൃഷിക്കാരുടെ വരുമാനവും തൊഴില്‍ അവസരങ്ങളും പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. സംയോജിത കൃഷി വഴി മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്താനും, ഉത്പാദനം ഉയര്‍ത്താനും സാധിക്കുന്നു. വളപ്രയോഗം, വിളസംരക്ഷണ മാര്‍ഗങ്ങള്‍ തുടങ്ങിയ ജോലികള്‍ കര്‍ഷക കൂട്ടായ്മയിലൂടെ നടപ്പാക്കുക വഴി ഉത്പാദന ചെലവ് ഗണ്യമായി കുറഞ്ഞു. 2001 മുതല്‍ ബോര്‍ഡ് നടപ്പാക്കിവരുന്ന ടെക്നോളജി മിഷന്‍ പദ്ധതിയിലൂടെ നാളികേര ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലും വിപണനത്തിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.
പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ രാജ്യത്ത് 539സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 3650 ദശലക്ഷം നാളികേരമാണ് ഇവയുടെ മൊത്തം സംസ്‌കരണ ശേഷി. ചെറുകിട നാമമാത്ര നാളികേര കര്‍ഷകരെ ഏകോപിപ്പിക്കുന്നതിനായി 2011 മുതല്‍ ബോര്‍ഡ് നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി നിലവില്‍ 9788 ഉത്പാദക സംഘങ്ങളും 747 ഫെഡറേഷനുകളും 69 ഉത്പാദക കമ്പനികളും രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഈ ത്രിതല സംവിധാനത്തിനു കീഴില്‍ 120 ദശലക്ഷം തെങ്ങുകളും 10 ലക്ഷം നാളികേര കര്‍ഷകരുമുണ്ട്്. കേരളത്തില്‍ കൃഷിയിട വിസ്തൃതി വര്‍ധിപ്പിക്കല്‍, തെങ്ങുകൃഷി പുനരുദ്ധാരണം, സംയോജിത കേര വികസനം, പ്രദര്‍ശന തോട്ടങ്ങള്‍, തെങ്ങിന്‍ തോപ്പില്‍ ജൈവവള ഉത്പാദന യൂണിറ്റുകള്‍, ഗുണമേന്മയുള്ള തെങ്ങിന്‍ തൈകളുടെ ഉത്പാദനം, പുതുകൃഷി,തെങ്ങു വിള ഇന്‍ഷുറന്‍സ് തുടങ്ങി നടപ്പുസാമ്പത്തിക വര്‍ഷം നാളികേര വികസന ബോര്‍ഡ് മൊത്തം 110 കോടിയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുക.
ഈ വര്‍ഷം 24-ാമത് നാളികേര ദിനമാണ് കഴിഞ്ഞ ദിവസം ആചരിച്ചത്. അതിന്റെ മുഖ്യപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘മെച്ചപ്പെട്ട ഭാവിക്കും ജീവിതത്തിനും നാളികേരം കൃഷി ചെയ്യുക’ എന്നതാണ്. ലോകനാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എല്ലാ വര്‍ഷവും സപ്തംബര്‍ 2 ലോക നാളികേര ദിനമായി ആചരിച്ചുവരികയാണ്. നാളികേരം മുഖ്യവിളയായ 18 രാജ്യങ്ങളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ദിനാചരണം. മനുഷ്യന് ഏറ്റവും ഉപയോഗപ്രദമായ നാളികേരത്തിന്റെ പ്രാധാന്യവും സാധ്യതകളും ലോക ജനതയെഓര്‍മിപ്പിക്കുക എന്നതാണ് നാളികേര ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. നാളികേരത്തില്‍ നിന്നു നിര്‍മിക്കുന്ന അതിവിശിഷ്ട ഉത്പന്നമായ വിര്‍ജിന്‍ വെളിച്ചെണ്ണയെ സംബന്ധിച്ച് കൊവിഡ് കാലത്ത് നടത്തിയ വിവിധ ഗവേഷണങ്ങള്‍ അതിനിര്‍ണായക കണ്ടെത്തലുകളിലേക്കാണ് ശാസ്ത്ര സമൂഹത്തെ എത്തിച്ചിരിക്കുന്നത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പില്‍ 50 ശതമാനവും മനുഷ്യന് ആയുസും സൗഖ്യവും നല്‍കുന്ന ലോറിക് അമ്ലമാണെന്ന് പ്രശസ്ത ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്തും തെങ്ങും
പാരമ്പര്യേതര തെങ്ങുകൃഷി സംസ്ഥാനമായ ഗുജറാത്തില്‍ തെങ്ങുകൃഷിയുടെയും വ്യവസായത്തിന്റെയും വികസനവും പ്രചാരണവും കൂടിയാണ് ഈ വര്‍ഷത്തെ നാളികേരദിനാചരണം പ്രത്യേകമായി ലക്ഷ്യമാക്കിയത്. ഗുജറാത്തില്‍ 25000 ഹെക്ടറില്‍ ഇപ്പോള്‍ നാളികേര കൃഷി ചെയ്യുന്നു. വാര്‍ഷിക ഉത്പാദനം 213.52 മില്യണ്‍ നാളികേരവും. തെങ്ങുകൃഷിയില്‍ ഗിര്‍സോംനാഥ് ജില്ലയാണ് മുന്നില്‍. ജില്ലയിലെ 10800 ഹെക്ടറില്‍ നിന്ന്10.68 കോടി നാളികേരമാണ് വാര്‍ഷിക ഉല്‍പാദനം. രണ്ടാം സ്ഥാനത്ത് ജുനഗഡ് ജില്ലയാണ്. ഇവിടെ 6000 ഹെക്ടറില്‍ നിന്നുള്ള വാര്‍ഷിക ഉത്പാദനം 5.99 കോടി നാളികേരമാണ്. ഭവനഗറാണ് മൂന്നാമത്. തോട്ടവിസ്ൃതി 3612 ഹെക്ടറും, വാര്‍ഷിക ഉതപാദനം 3.57 കോടി നാളികേരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: