അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവും സന്മാര്ഗീകവുമായ കഴിവുകളുടെ വികാസത്തെ മനഃപൂര്‍വം ലക്ഷ്യമാക്കി പാകതവന്ന ഒരു വ്യക്തി, കുട്ടികളുടെ മേല്‍ ബോധനത്തില്‍ കൂടി ചെലുത്തുന്ന ക്രമാനുഗതമായ പ്രേരണയാണ് അധ്യാപനം. ചിന്തകനായ ഫ്രോബലിന്റെ കാഴ്ചപ്പാടില്‍ ശിശുവില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ പ്രത്യക്ഷപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താനും അത് ഊതി ജ്വലിപ്പിക്കുവാനും സാധിക്കുന്നവനാണ് യഥാര്‍ത്ഥ അധ്യാപകന്. ജീവിതത്തെ ഉള്‍ക്കാഴ്ചയോടും ദീര്‍ഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ പ്രേരിപ്പിക്കുന്നതാകണം അധ്യാപനം.
ലോകപ്രശസ്ത എഴുത്തുകാരിയായ ഹെലന് കെല്ലര്‍ തന്റെ ജീവിതത്തില്‍ തന്റെ ടീച്ചറായ ആന്‍ സള്ളിവന് (ആനിമാന്‍സ് ഫീല്‍ഡ് സള്ളിവന്) വഹിച്ച പങ്കിനെക്കുറിച്ച് പറയുന്നു:”തുടക്കത്തില്‍ ഞാന്‍ സാധ്യതകളുടെ ഒരു കൊച്ചുപിണ്ഡം മാത്രമായിരുന്നു. അവയെ കുരുക്കുകള്‍ അഴിച്ച് വികസിപ്പിച്ചെടുത്തത് എന്റെ ടീച്ചറാണ്. അവര്‍ വന്നതോടെ എന്റെ ജീവിതത്തിന് അര്‍ത്ഥം കണ്ടുതുടങ്ങി. എന്റെ ജീവിതം മധുരതരവും ഉപകാരപ്രദവുമാക്കിത്തീര്‍ക്കുവാന്‍ ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഉദാഹരണങ്ങളിലൂടെയും അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു”. നമ്മുടെ മുന്നിലിരിക്കുന്ന കൊച്ചു പിണ്ഡങ്ങളെ ചെത്തിമിനുക്കി മുത്തുകളും രത്നങ്ങളുമാക്കി മാറ്റുവാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. ഹെലന്‍കെല്ലര്‍ എന്ന അന്ധയും ബധിരയുമായ കുട്ടിയെ ലോകം അറിയുന്ന വ്യക്തിത്വത്തിന് ഉടമയാക്കി മാറ്റിയത് ആന്‍ സള്ളിവന് എന്ന ടീച്ചറാണ്. അവരുടെ നിരന്തര പ്രേരണയാണ്.
രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുള്‍കലാം പറഞ്ഞു:”വ്യക്തിയുടെ സ്വഭാവവും കഴിവും ഭാവിയും രൂപപ്പെടുത്തുന്ന മഹത്തായ സേവനമാണ് അധ്യാപകര്‍ ചെയ്യുന്നത്”. ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രുഷയാണ് അധ്യാപനം. ആചാര്യന്, ഗുരു, ടീച്ചര്‍, ഫെസിലിറ്റേറ്റര്‍, മെന്റര്‍, ഗൈഡ് എന്നീ തലങ്ങളിലെല്ലാം അധ്യാപകര്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തണം. ആധുനികകാലഘട്ടത്തില്‍ കുട്ടികള്‍ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അവയെല്ലാം തരണംചെയ്തു വിജയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. കുട്ടികളുടെ മാനസിക വ്യാപാരങ്ങളെ അടുത്തറിയാന്‍ മാതാപിതാക്കളോടൊപ്പം തന്നെ സഹരക്ഷിതാക്കളായ അധ്യാപകര്‍ക്കും കഴിയണം. എല്ലാം തുറന്നുപറഞ്ഞ് സംവദിക്കാനും കൂട്ടുകൂടാനും കഴിയുന്നിടങ്ങളാകണം വീടും വിദ്യാലയവും. സര്‍ഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് വിദ്യാലയങ്ങളില്‍ പുലരേണ്ടത്. ജീവിതത്തിലുടനീളം അനുഭവിക്കുന്ന അര്‍ത്ഥപൂര്‍ണമായ സന്തുഷ്ടിയാണ് കുട്ടികളുടെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നത്. തിരുത്താനും ഭാവിജീവിതത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും സ്നേഹശാസനകളുമാണ് അവര്‍ക്ക് നല്‍കേണ്ടത്. അത് സ്നേഹത്തിലും സഹാനുഭൂതിയിലും അധിഷ്ഠിതമാകണം.
വിദ്യാഭ്യാസ വിവക്ഷണനും സാമൂഹികനിരീക്ഷകനുമായ ഡോ. എം.എന്‍.കാരാശ്ശേരി പറഞ്ഞു;”എന്റെ കണക്കില്‍ ഇന്ന് അധ്യാപകര്‍ക്ക് രണ്ട് പണിയേയുള്ളൂ. ഒന്ന് കുട്ടികളെ പഠിക്കാന്‍ സഹായിക്കുക, രണ്ട് കുട്ടികളുടെ സ്വഭാവം രൂപവത്കരിക്കുക. ഈ പറഞ്ഞ രണ്ട് പണികള്‍ക്കും വിജ്ഞാനത്തേക്കാള്‍ ആവശ്യമായത് സ്നേഹമാണ്. ഗുരുനാഥന്മാരുടെ സ്നേഹമാണ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രചോദിപ്പിക്കുന്നതും വ്യക്തിത്വത്തെ ശുദ്ധീകരിക്കുന്നതും”. കുട്ടികളെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക. പുതുമ മങ്ങാതെ പഠിപ്പിക്കുക, മാര്‍ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്.
ഞാന്‍ അധ്യാപകനല്ല, ഉണര്‍ത്തുപാട്ടുകാരാനാണെന്ന് പറഞ്ഞത് റോബര്‍ട്ട് ഫ്രോസ്റ്റ് ആണ്. ഒരു ചെറുകോശത്തില്‍ നിന്നാണ് മനുഷ്യന്റെ വളര്‍ച്ച സംഭവിക്കുന്നത്. സത്യത്തില്‍ വിദ്യാഭ്യാസലക്ഷ്യം ആ ചെറുകോശത്തിലെ അപാരമായ സാധ്യതകളെ ഉണര്‍ത്തിവിടുകയാണ്. വിവരശേഖരണത്തിനും വിവരസംസ്കരണത്തിനുമപ്പുറം ജീവിതം എന്ന ദിവ്യപ്രകാശത്തിലേക്ക് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്ന ഉണര്‍ത്തുപാട്ടുകാരനാകണം അധ്യാപകര്‍. ‘എല്ലാകുട്ടികളും ജീനിയസ്സുകളാണെന്ന്’ പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആണ്. ഓരോ കുട്ടിയിലും പ്രതിഭയുടെ വിളയാട്ടമുണ്ട്. അത് കണ്ടെത്തി വളര്‍ത്തി അവരെ ജീനിയസ്സാക്കാന്‍ അധ്യാപകന് കഴിയണം. ഓരോ കുട്ടിയിലുമുള്ള അനന്തസാധ്യതകളെ കണ്ടെത്തുക മാത്രമല്ല അധ്യാപകര്‍ ചെയ്യേണ്ടത്. മറിച്ച് പ്രേരണയെന്ന കലയിലൂടെ അവയെ ഉണര്‍ത്തി, വളര്‍ത്തി പരിപോഷിപ്പിച്ച്, ജ്വലിപ്പിക്കുവാന്‍ സാധിക്കണം. ഈ പരിപോഷണ പ്രക്രിയയാണ് അധ്യാപനം.
വിദ്യാഭ്യാസവിചക്ഷണനും രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം സ്വഭാവഗുണം ആര്‍ജിക്കലാണെന്നും, സ്വഭാവഗുണം ആര്‍ജിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവും ആണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. ലക്ഷ്യവും മാര്‍ഗവും സംശുദ്ധമാകണമെന്ന ദര്‍ശനമാണിത്. പാഠ്യപദ്ധതികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനും അധ്യാപകര്‍ക്ക് സാധിക്കണം. സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയുമാകണം അധ്യാപകര്‍. അതിന് അധ്യാപകജീവിതം ഒരു സാക്ഷ്യജീവിതം കൂടിയായിത്തീരണം. അധ്യാപകരുടെ വാക്കുകളേക്കാളുപരി അവരുടെ ജീവിതം കുട്ടികള്‍ക്ക് പ്രേരണയും പ്രചോദനവുമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: