ഭോപ്പാല്‍: ഉടന്‍ പ്രശസ്തനാകുമെന്ന് വീട്ടുകാരോട് പറഞ്ഞ് നാടുവിട്ട പതിനെട്ടുകാരന് നാല് പേരെ കൊന്നതിന് അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കെക്ര ഗ്രാമവാസിയായ ശിവപ്രസാദ് ധുര്‍വെയാണ് പോലീസിന്റെ പിടിയിലായത്. സെക്യൂരിറ്റി ഗാര്‍ഡുകളാണ് ധുര്‍വെ കൊലപ്പെടുത്തിയ നാലുപേരും. സാഗര്‍ ജില്ലയില്‍ മൂന്ന് പേരെയും ഭോപ്പാലില്‍ ഒരാളെയുമാണ് ഇയാള്‍ കൊന്നത്.
ആദ്യത്തെ മൂന്ന് കൊലപാതകങ്ങളും 72 മണിക്കൂറിനുള്ളിലാണ് നടന്നത്. നാലാമത്തെയാളെ ഭോപ്പാലില്‍ വധിച്ച് മണിക്കൂറുകള്‍ക്കകം ധുര്‍വെ പിടിയിലായി. എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ് ധുര്‍വെ കെക്രയിലെ ഒരു കര്‍ഷകന്റെ നാല് മക്കളില്‍ ഇളയവനാണ്.
അഞ്ച് കൊല്ലം മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടി പൂനെയിലെത്തി ഒരു ഹോട്ടലില്‍ ജോലി ചെയ്തെങ്കിലും ഉടമയുമായി വഴക്കിട്ട് അവിടം വിട്ട ധുര്‍വെയെ അധികൃതര്‍ ദുര്‍ഗുണ പരിഹാരപാഠശാലയിലേക്ക് അയച്ചു. അവിടെ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഗോവയില്‍ ജോലിക്ക് പോയി. ആഗസ്ത് 11ന് രക്ഷാബന്ധന് വീട്ടിലെത്തി മടങ്ങുമ്പോഴാണ് കുടുംബാംഗങ്ങളോട് താന്‍ ഉടനെ പ്രശസ്തനാകുമെന്ന് ധുര്‍വെ പറഞ്ഞത്.
ഗ്രാമത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലയുള്ള സാഗര്‍ നഗരത്തിലേക്ക് സൈക്കിളിലാണ് ധുര്‍വെ എത്തിയത്. ആഗസ്ത് 25ന് മോത്തി നഗര്‍ ഏരിയയിലെ ഒരു ഹോട്ടലില്‍ താമസിച്ചതായി പോലീസ് പറയുന്നു. ആഗസ്ത് 28ന് രാത്രിയിലാണ് ആദ്യ കൊലപാതകം നടത്തിയത്. ഒരു ഫാക്ടറിയിലെ കാവല്‍ക്കാരനായ കല്യാണ്‍ ലോധിയെ(50) ഇടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. 29ന് രാത്രി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായണ്‍ ദുബെയെ (60) കൊലപ്പെടുത്തി. അടുത്ത ദിവസം രാത്രിയില്‍ മോത്തി അതേ പ്രദേശത്ത് ഒരു വീട്ടിലെ വാച്ച്മാനായ മംഗള്‍ അഹിര്‍വാറിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. അതിനുശേഷം ധുര്‍വെ ഭോപ്പാലിലേക്ക് താവളം മാറ്റി.
ഒരുദിവസം നഗരത്തില്‍ അലഞ്ഞുനടന്ന ഇയാള്‍ വ്യാഴാഴ്ച രാത്രി നഗരത്തിലെ മാര്‍ബിള്‍ കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു വര്‍മയെയും (23) കൊലപ്പെടുത്തി. ഖജൂരി മേഖലയില്‍ മറ്റൊരു സുരക്ഷാ ജീവനക്കാരനെ ഇയാള്‍ മാര്‍ബിള്‍ കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും ലോക്കല്‍ പോലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് സന്ധ്യ മിശ്ര പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇരകളുടെ ഫോണുകള്‍ ഇയാള്‍ കൈവശപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: