ഷാജന് സി. മാത്യു
മകള്‍ ഹൈഡിക്കായി ഒട്ടും പഠനഭാരമില്ലാത്ത ഒരു സ്കൂള്‍ തിരഞ്ഞപ്പോഴാണ് പ്രശസ്ത വാസ്തുശില്പി ലാറി ബേക്കര്‍, മേരി റോയി നടത്തുന്ന സമാന്തര വിദ്യാലയത്തെപ്പറ്റി അറിഞ്ഞത്. കോട്ടയത്തെത്തിയ ബേക്കറിന് ബോധന സമ്പ്രദായം ഇഷ്ടമായി. പക്ഷേ, സ്കൂളിനുസൗകര്യം തീരെ പോരല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ നഗരപ്രാന്തത്തില്‍ കാടുപിടിച്ച അഞ്ചേക്കര്‍ കുന്ന് വാങ്ങിയിട്ടുണ്ടെന്നും അവിടെ സ്കൂള്‍ കെട്ടാന്‍ കൊള്ളില്ലെന്ന് ആളുകള്‍ പറഞ്ഞതിനാല്‍ മുന്നോട്ടുപോയില്ലെന്നും മേരി റോയി പറഞ്ഞു. എന്നാല്‍ ആ സ്ഥലമൊന്നു കാണട്ടെ എന്നായി ബേക്കര്‍ സായ്പ്.
സ്ഥലം കണ്ട അദ്ദേഹം പറഞ്ഞു: ‘കുന്നും മരവുമെല്ലാം ഇങ്ങനെതന്നെ നില്‍ക്കണം.’ എന്നിട്ട് ഒരു വെള്ള കടലാസ് എടുത്തു വരയ്ക്കാന്‍ തുടങ്ങി. മേരി റോയി ആ കടലാസിലേക്കു കണ്ണുതുറന്നു നിന്നു. ഒരു വൃത്തം ഒരു അര്‍ധവൃത്തം, ഒരു ദീര്‍ഘചതുരം, ഒരു ഷഡ്ഭുജം, പ്രത്യേക രൂപമൊന്നും വിളിക്കാനില്ലാത്ത മറ്റൊരു മുറിയും. അദ്ദേഹം പറഞ്ഞു. ‘ഇതെല്ലാമാണു ക്ലാസ് മുറികള്‍, കുട്ടികള്‍ക്കു ജ്യോമട്രിയുടെ ആദ്യാനുഭവങ്ങള്‍ ക്ലാസ് മുറിയില്‍ നിന്നുതന്നെ ലഭിക്കും.’
ക്ലാസ് മുറികള്‍ക്കിടയ്ക്കു ദീര്‍ഘമായ ഇടനാഴി. അതിന്റെ ഒരു ഭാഗം അടയാളപ്പെടുത്തിയിട്ടു ബേക്കര്‍ സായ്പ് പറഞ്ഞു. ‘ഇതാണു സ്റ്റേജ്.’ ആ സൂത്രവിദ്യയില്‍ മേരി റോയിക്കു വിസ്മയം. ശരിയാണ്. ഇവിടെ ഒരു നാടകം അവതരിപ്പിച്ചാല്‍ ക്ലാസിലിരുന്നുതന്നെ കുട്ടികള്‍ക്കെല്ലാം കാണാം. 1974ല്‍ ലാറി ബേക്കര്‍ വരച്ച ആ വെള്ളക്കടലാസ് മേരി റോയിയുടെ വിയര്‍പ്പിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് സംസ്ഥാനത്തെ ഏറ്റവും വ്യത്യസ്തമായ വിദ്യാലയങ്ങളിലൊന്നായ ‘പള്ളിക്കൂടം’ ആയത്. സമൂഹത്തോടും ബന്ധുക്കളോടും സാമ്പത്തികമടക്കമുള്ള ഒട്ടേറെ പ്രതിസന്ധികളോടും പള്ളിയോടും പടവെട്ടിയാണ് മേരി പള്ളിക്കൂടം പണിതത്. ചെന്നൈയിലെ കണ്ണകി പ്രതിമപോലെ കോട്ടയത്തു സ്ത്രീശക്തിയുടെ അടയാളം. തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമത്തിനെതിരെ അവര്‍ സുപ്രീം കോടതിയില്‍നിന്നു നേടിയ വിജയത്തെക്കാള്‍ മാറ്റുണ്ട് ഈ നേട്ടത്തിന്.
ദേശീയപാതയില്‍ കളത്തിപ്പടിയില്നിന്നു നോക്കിയാല്‍ ഇവിടെ ഒരു സ്കൂള്‍ ഉണ്ടെന്നു മനസ്സിലാവുകയേയില്ല. വൃക്ഷങ്ങള്‍ തിങ്ങിയ ഒരു കുന്നേ കാണാനുള്ളൂ. അതു ബേക്കര്‍ സായ്പിന്റെ മിടുക്ക്. സ്കൂളിനു കൊള്ളില്ലെന്നു പറഞ്ഞു തള്ളിയ കുന്നിന്‍പുറത്തു വൃക്ഷത്തലപ്പുകള്‍ക്കു താഴെ ചെറിയ ഇഷ്ടികക്കുടിലുകള് പണിതു മേരി റോയിയുടെ സ്വപ്നം കണ്ണുകിട്ടാതെ സായ്പ് മെനഞ്ഞു. പിന്നീടു വന്ന കെട്ടിടങ്ങളും ബേക്കര്‍ രീതിയില്‍ത്തന്നെ. എപ്പോഴും ഇളം കാറ്റു വീശുന്ന സ്കൂള്‍ ക്യാംപസില്‍ നിറഞ്ഞുനില്ക്കുന്ന മരങ്ങളിലെല്ലാം പേരും ശാസ്ത്രനാമവും രേഖപ്പെടുത്തിയിരിക്കുന്നു. വള്ളിച്ചെടികളും പൂക്കളും കിളികളും ചിത്രശലഭങ്ങളും പുല്‍ച്ചാടികളും ചെറുമൃഗങ്ങളും ഉരഗങ്ങളുമൊക്കെയായി ഒരു ഹരിത വിദ്യാലയം.
ഒരിക്കല്‍ ഈ ലേഖകന്‍ അവരോടു ചോദിച്ചു. ‘ഇങ്ങനെ ജീവിക്കണമെന്നാണോ ആഗ്രഹിച്ചത്?’ മറുപടി ഇങ്ങനെയായിരുന്നു. ‘ഒരിക്കലുമല്ല. കുട്ടിയായിരിക്കുമ്പോഴും കൗമാരത്തിലും ഞാന്‍ കണ്ട സ്വപ്നങ്ങളിലൊന്നും ഇന്നത്തെ മേരി റോയിയുടെ നിഴല്‍ പോലുമില്ല. ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹം.’
ചരിത്രവിധിയുടെ പ്രേരണ
അഗ്രിക്കള്‍ച്ചര്‍ ഇമ്പീരിയില് എന്റമോളജിസ്റ്റ് പി.വി. ഐസക്കിന്റെയും സൂസിയുടെയും ഇളയ മകളായി 1933 നവംബര്‍ ഏഴിനു ജനിച്ച മേരി ഐസക്ക് ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളജ്, ചെന്നൈയിലെ ക്വീന്‍ മേരീസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കൊല്‍ക്കത്തയിലെ മെറ്റല്‍ബോക്സ് കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യുമ്പോള്‍ ബംഗാളിയായ രാജീബ് റോയിയെ പ്രണയിച്ചു വിവാഹം കഴിച്ചു. അസമിലെ തേയിലത്തോട്ടത്തിലെ ഉയര്‍ന്ന ജോലിയിലേക്കു മാറിയ ഭര്‍ത്താവിനൊപ്പം അത്യാര്ഭാടത്തിലായിരുന്നു ജീവിതം. അന്നത്തെ കാലത്ത് കാറുകളും 30ഓളം വീട്ടുജോലിക്കാരും ഉണ്ടായിരുന്നു.
പക്ഷേ, ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത്് വിവാഹമോചനം നേടി അഞ്ച് വയസുകാരനായ മകന് ലളിതിന്റെ കൈപിടിച്ച് മൂന്നു വയസ്സുകാരി അരുന്ധതിയെ ഒക്കത്തിരുത്തി അവര്‍ ഊട്ടിയില്‍ പിതാവിന്റെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ അഭയം തേടി. അവിടെ ബ്രീക്സ് സ്കൂളില്‍ അധ്യാപികയായി. ലളിതിനെ അടുത്തുള്ള ലഷിങ്ടന്‍ ബ്രിട്ടീഷ് സ്കൂളില്‍ ചേര്‍ത്തു. ഒരു യുവതി തനിച്ച് രണ്ടു കുഞ്ഞുങ്ങളുമായി അന്യനാട്ടില്‍ ജീവിക്കുക പ്രയാസം. എങ്കിലും ജീവിതം തരക്കേടില്ലാതെ നീങ്ങി. അക്കാലത്താണ് സഹോദരനും അമ്മയും അവിടെ വന്ന് വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടത്. അന്നാണു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കു പിതൃസ്വത്തില് അവകാശമില്ലെന്നാണു നിയമമെന്ന് അവര്‍ അറിയുന്നത്. മേരിക്കു പോകാന്‍ ഇടമില്ലായിരുന്നു. വീട്ടില്‍നിന്ന് ഇറങ്ങില്ലെന്ന വാശിക്കു മുന്നില്‍ വീട്ടുകാര്‍ തോറ്റു.
പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങേണ്ടി വന്നില്ലെങ്കിലും ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമത്തിലെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരെ പടപൊരുതാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണു പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധം ആരംഭിക്കുന്നതും ക്രിസ്ത്യന്‍ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുന്ന ചരിത്രവിധി അവര്‍ സുപ്രിം കോടതിയില്‍നിന്ന് 1986ല്‍ സ്വന്തമാക്കുന്നതും. ഇന്ദിരാ ജയ്സിങ് ആയിരുന്നു അവരുടെ അഭിഭാഷക. ‘എന്റെ പോരാട്ടം സഹോദരനെതിരെ ആയിരുന്നില്ല. ക്രിസ്ത്യന്‍ സ്ത്രീകളോടുള്ള അനീതിക്കെതിരെ ആയിരുന്നു.’ അവര്‍ പറഞ്ഞിട്ടുണ്ട്.
ലാറി ബേക്കര്‍ എത്തുന്നു
വീട് കിട്ടിയെങ്കിലും ഊട്ടിയിലെ ആംഗ്ലോ ഇന്ത്യന്‍ സംസ്കാരം അവര്‍ക്കു മടുത്തു. കോട്ടയത്ത് അയ്മനത്തെ അമ്മവീട്ടിലേക്കു കുഞ്ഞുങ്ങളുമായി എത്തി. (ഈ ഗ്രാമത്തിലെ ജീവിതമാണ് പിന്നീട് മകള്‍ അരുന്ധതി റോയിയുടെ ബുക്കര്‍ പ്രൈസ് നേടിയ നോവല്‍ ‘ദ് ഗോഡ് ഓഫ് സ്മോള്‍ തിങ്സി’ന്റെ കഥാഭൂമിക) ഐഡ ഹോട്ടലിന് എതിര്‍വശത്തു റോട്ടറി ക്ലബുകാര്‍ ഒരു ഹാള്‍ വാടകയ്ക്കു കൊടുത്തു. 1969ല്‍ അവിടെ ഒരു ക്ലാസ് തുറന്നു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകാരെ ഒന്നിച്ചിരുത്തിയാണു പഠിപ്പിച്ചത്. ‘നഴ്സറി ടീച്ചര്‍’ എന്നു വിളിച്ച് ധനികരായ ബന്ധുക്കള്‍ അവരെ പരിഹസിച്ചു. ഊട്ടി ലഷിങ്ടന്‍ സ്കൂളിലെ ഹോം വര്‍ക്കോ പാഠപുസ്തകങ്ങളോ ഇല്ലാത്ത അധ്യാപന രീതിയാണ് അവര്‍ സ്വീകരിച്ചത്. കളി, പെയിന്റിങ്… അങ്ങനെ കുട്ടികള്‍ക്ക് താത്പര്യമുള്ള കാര്യങ്ങളിലൂടെ അറിവു പകരുന്ന രീതി പലരെയും ആകര്‍ഷിച്ചു. സ്കൂള്‍ വളരാന്‍ തുടങ്ങി. അങ്ങനെയാണ് കളത്തിപ്പടിയില്‍ സെന്റിന് 150 രൂപ വച്ച് ഒരു കുന്ന് മേരി റോയി വാങ്ങിയത്. ലാറി ബേക്കര്‍ എത്തിയതും കുന്ന് ഒരു ചെറു വിശ്വവിദ്യാലയമായി വളര്‍ന്നതുമൊക്കെ പില്ക്കാല ചരിത്രം.
കോര്‍പസ് ക്രിസ്റ്റി എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. ‘പക്ഷേ, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ആ പേര് കോണ്‍വെന്റിന്റെ പ്രതീതി ജനിപ്പിക്കുന്നെന്നും ഞാനൊരു മദര്‍ സുപ്പീരിയര്‍ ആണെന്നും. വിദ്യാഭവന്, വിദ്യാമന്ദിര്‍, വിദ്യോദയം തുടങ്ങി ഒത്തിരി പേരുകള്‍ പരിഗണനയില്‍ വന്നു. തനി മലയാളം മതിയെന്ന് ഞാന്‍ നിര്‍ദേശിച്ചു. മകള്‍ അരുന്ധതിയാണ് ‘പള്ളിക്കൂടം’ എന്ന പേരു നിര്‍ദേശിച്ചത്. മഹാനായ ലാറി ബേക്കര്‍ കോട്ടയത്തെത്തി എന്റെ സ്കൂള്‍ കെട്ടിത്തരുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. പലപ്പോഴും സ്വപ്നത്തെക്കാള് വിചിത്രമാണു ജീവിതം.’ അവര്‍ പറഞ്ഞിട്ടുണ്ട്.
മറക്കാനാവാത്ത വിദ്യാര്‍ഥികള്‍
‘ഒരു പാടു പണമുണ്ടാക്കുന്ന കുട്ടികളെയല്ല ജീവിതത്തില്‍ വിജയിച്ചവരായി കണ്ട് ഞാന്‍ ഇഷ്ടപ്പെടുന്നത്. ബൂബിലിയുടെ കാര്യം രസമാണ്. അവന് ഇവിടെനിന്നു പോയി. ഐഐടിയില്‍നിന്ന് എംടെക് എടുത്തു. ഐബിഎമ്മില്‍ വലിയ ജോലിയൊക്കെ കിട്ടി. പെട്ടെന്നൊരു ദിവസം തിരികെവന്നു നാട്ടില്‍ കൃഷി ചെയ്തു ജീവിക്കുന്നു.
പിന്നെ അപ്പൂപ്പന്റെ കാര്യം. ജോര്‍ജ് മാത്തന് എന്നാണു പേര്. വലിയ വിദ്യാഭ്യാസമൊക്കെ നേടി. പക്ഷേ, പടം വരയും സംഗീതവുമാണു ജീവിതം. അപ്പുവെന്നാണ് അവന്റെ വിളിപ്പേര്. അപ്പൂപ്പെന് എന്ന പേരില്‍ ഗ്രാഫിക് നോവല്‍ എഴുതുന്നത് അവനാണ്. ഇടയ്ക്ക് ബാന്‍ഡുകളില്‍ പ്ലേ ചെയ്യാന്‍ പോകും.
ജോ ജോസഫിനെയും എന്‍ജിനീയര്‍ ആക്കാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. അവനു പക്ഷേ, തയ്യലായിരു ഇഷ്ടം. എന്നാല്‍ മാതാപിതാക്കള്‍ സയന്‍സ് മാത്സിനു ചേര്‍ത്തു. അവനു പഠിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കൊമേഴ്സിലേക്കു ഞാന്‍ മാറ്റം കൊടുത്തു. തയ്യലിനോടുള്ള അവന്റെ ഇഷ്ടം ഞാന്‍ മിസിസ് കെ.എം. മാത്യുവിനോടു പറഞ്ഞു. അവര്‍ അവന് അവരുടെ ‘കസ്തൂര്‍ബ’യില്‍ തയ്യല്‍ പരിശീലനം നല്കി. ലോകത്ത് അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറായി അവന് മാറി. ഫ്രാന്‍സിലൊക്കെ അവന്റെ ഡിസൈനുകള്‍ക്കു വന്‍ ഡിമാന്‍ഡാണ്. ഒരു ഫ്രഞ്ചുകാരിയെ വിവാഹം ചെയ്തു. കോട്ടയത്തു സ്വസ്ഥമായി താമസിക്കുന്നു. അവരുടെ മക്കള്‍ ഇവിടെത്തന്നെ പഠിക്കാനെത്തി.’ പ്രിയ വിദ്യാര്‍ഥികളെപ്പറ്റിയുള്ള നിരീക്ഷണത്തില്‍നിന്നുതന്നെ മേരി റോയിയുടെ വ്യത്യസ്തമായ ജീവിതവീക്ഷണം വ്യക്തം.
പരീക്ഷയില്ല, ഇംഗ്ലിഷും
സ്കൂള്‍ സംബന്ധിച്ചു വ്യത്യസ്തമായ ചില വീക്ഷണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അതില്‍ പ്രധാനമാണ് എട്ടാം ക്ലാസ് വരെ പരീക്ഷയില്ല എന്നത്. അവരുടെ വിശദീകരണം ഇങ്ങനെ: ‘ഒരു വര്‍ഷം മുഴുവന്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്ന അധ്യാപകര്‍ക്ക് അറിയില്ലേ അവര്‍ വല്ലതും പഠിച്ചിട്ടുണ്ടോ എന്ന്. പിന്നെ എന്തിനാണ് കടലാസില്‍ എഴുതിപ്പിക്കുന്നത്. പരീക്ഷ വരുമ്പോള്‍ അറിയാതെ മത്സരവും താരതമ്യവും വരും. ചെറിയ പ്രായത്തില്‍ അത് കുട്ടികളുടെ മനസ്സിനെ ദോഷമായേ ബാധിക്കൂ. അതുപോലെ എല്ലാവരും എന്നെ വിമര്‍ശിക്കുന്ന കാര്യമാണ് പ്രൈമറിയില്‍ ഇംഗ്ലിഷ് ഇല്ലാത്തത്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ വേണമെന്ന പക്ഷക്കാരിയാണു ഞാന്‍. കൊച്ചുകുട്ടികള്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ സ്വന്തം ഭാഷയാണു നല്ലത്. ഞാന്‍ മാത്രമല്ല, ലോകത്തെ എല്ലാ വിദ്യാഭ്യാസ വിദഗ്ധരും ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.’
കൃതജ്ഞതാഭരിതം
മൃതദേഹം പള്ളിയില്‍ അടക്കരുതെന്ന നിര്‍ദേശം അവര്‍ നല്‍കിയിരുന്നു. ‘വിലാപഗാനങ്ങളും അരുത്. എനിക്കു സഹിക്കാനാവില്ല ഈ മരണപ്പാട്ടുകള്‍. ഈ ക്യാംപസിലെ ഒരു മരം വെട്ടി എന്നെ ദഹിപ്പിച്ചാല്‍ മതി. ക്രിസ്ത്യാനിയായി ജനിച്ചതുകൊണ്ട് മറ്റു മതങ്ങളുടെ നന്മ ഞാന്‍ കാണാതെ പോകുന്നില്ല. എന്റെ ഭര്‍ത്താവ് ബ്രാഹ്മണനായിരുന്നു. ഞങ്ങളുടെ സ്കൂളില്‍ എല്ലാ മതങ്ങളുടെയും പ്രാര്‍ഥനകള്‍ ചൊല്ലാറുണ്ട്. പുരോഹിതരുടെ കല്പനകള്‍ക്കൊത്തു ചിട്ടപ്പെടുത്തിയതല്ല എന്റെ ജീവിതം.’ സ്കൂള്‍ ക്യാംപസിനുള്ളിലെ വീട്ടിലിരുന്ന് ഒരിക്കല്‍ അവര്‍ ഈ ലേഖകനോടു പറഞ്ഞു. തന്റെ ജീവിതത്തില്‍ ഏറ്റവും കൃതജ്ഞതയുള്ള വ്യക്തിയെപ്പറ്റിയും അന്നു പറഞ്ഞു.’മദ്രാസ് ലയോള കോളജിലെ ഫാ. മര്‍ഫിയോടാണ് ഈ ജീവിതത്തില്‍ ഏറ്റവും നന്ദി തോന്നിയിട്ടുള്ളത്. ബിഎഡ് എടുക്കണമെന്ന് എന്നെ നിര്‍ബന്ധിച്ചത് അദ്ദേഹമാണ്. ജീവിതത്തിലെ പല പ്രധാന പ്രതിസന്ധികളെയും ഞാന്‍ അതിജീവിച്ചത് ആ ഡിഗ്രിയുടെ ബലത്തിലാണ്.’
താന്‍ കേസു നടത്തിയതു സഹോദരനോടല്ല, ക്രിസ്ത്യന്‍ സ്ത്രീകള്‍ നേരിട്ടിരുന്ന അനീതിയോടാണ് എന്ന് അവര്‍ പറഞ്ഞിരുന്നല്ലോ. കടന്നുപോകുന്നതിനു കുറച്ചുനാള്‍ മുന്‍പ് സഹോദന് ജോര്‍ജ് ഐസക്കിനെ വിളിച്ചു വരുത്തി താന്‍ സുപ്രിം കോടതി വിധിയിലൂടെ നേടിയ മുഴുവന്‍ സ്വത്തും അദ്ദേഹത്തിന് ഇഷ്ടദാനം നല്കി. വാക്കിനു നേരുള്ള ജീവിതമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: