രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിശങ്കരന്റെ ജന്മനാടും അദൈ്വതഭൂമിയുമായ കാലടിയിലെത്തിയത് മലയാളികള്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് നെടുമ്പാശ്ശേരിയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞ പ്രധാനമന്ത്രി, ഋഷിപഞ്ചമിയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് ആദിശങ്കരനും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയുമൊക്കെ സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെപ്പോലെ വികസനത്തിന്റെ ഡബിള്‍ എഞ്ചിന് കേരളത്തിലും വരണമെന്ന് പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഭാരതത്തെ ആദ്ധ്യാത്മികതയുടെ ഐക്യസൂത്രംകൊണ്ട് കോര്‍ത്തിണക്കിയ ആദിശങ്കരന്റെ സംഭാവനകള്‍ മഹത്തരമാണെന്നും, ആചാര്യന് ജനിച്ച മണ്ണ് സന്ദര്‍ശിക്കാന്‍ കഴിയുന്നത് സൗഭാഗ്യമായി കരുതുകയാണെന്നും പറഞ്ഞതിനുശേഷമാണ് പ്രധാനമന്ത്രി കാലടിയിലേക്ക് തിരിച്ചത്. അവിടെ ആചാര്യന്റെ അമ്മ ആര്യാംബ അന്ത്യവിശ്രമം കൊള്ളുന്ന ശൃംഗേരി മഠത്തിലും ആദിശങ്കര കീര്‍ത്തിസ്തംഭത്തിലും ഏറെനേരം ചെലവഴിച്ചു. കാലടിയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നിര്‍ണായകമായ പ്രാധാന്യമുണ്ട്. ആദിശങ്കരന്റെ പാദസ്പര്‍ശമേറ്റ കേദാര്‍നാഥില്‍ ആചാര്യന്റെ സമാധി പീഠം സ്ഥാപിച്ചത് പ്രധാനമന്ത്രി മോദിയായിരുന്നുവല്ലോ.
ഇതിനു മുന്നോടിയായി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി കിഷന് റെഡ്ഡി കാലടിയിലെത്തി സാംസ്കാരിക തീര്‍ത്ഥാടന പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയുണ്ടായി. ഇതൊരു വലിയ തുടക്കമായാണ് ആദിശങ്കരനെയും അദൈ്വത ഭൂമിയെയും പവിത്രമായി കാണുന്നവര്‍ കരുതുന്നത്. ദേശീയ സ്മാരക അതോറിറ്റി ചെയര്‍മാനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ തരുണ്‍ വിജയും കാലടിയിലെത്തി അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി കാലടിയെ പ്രഖ്യാപിച്ച് അതിനനുസൃതമായ വികസന പദ്ധതികള്‍ കൊണ്ടുവരണമെന്നത് പതിറ്റാണ്ടുകളായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ്. കേരളം മാറിമാറി ഭരിച്ചവര്‍ കാലടിയുടെ വികസന കാര്യങ്ങളോട് മുഖംതിരിക്കുകയായിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ശ്രീശങ്കരന്റെ പേരിടുന്നതിനോട് വാജ്പേയി നേതൃത്വം നല്കിയ ബിജെപി സര്‍ക്കാര്‍ അനുകൂലമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ശുപാര്‍ശ നല്കാന് കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനും ഈ നിഷേധാത്മക നിലപാടാണുള്ളത്. കേരളത്തില്‍ മറ്റെന്തു വികസനം വന്നാലും കാലടി മാത്രം വികസിക്കരുത് എന്നതാണ് തല്‍പ്പര കക്ഷികളുടെ മനോഭാവം. കാലടിയുടെ വികസനത്തെക്കുറിച്ചല്ല, കാലടി-മലയാറ്റൂര്‍ വികസനത്തെക്കുറിച്ചാണ് ഇക്കൂട്ടര്‍പറയാറുള്ളത്. കാലടിയില്‍ വരാത്ത വികസനങ്ങള്‍ മലയാറ്റൂരില്‍ സംഭവിക്കുകയും ചെയ്യുന്നു. ഇതിനെതിരായ വിമര്‍ശനങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ്. ആദിശങ്കരന്റെ പൈതൃകത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ ഇതിനു മാറ്റം വരുമെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്.
വെറും മുപ്പത്തിരണ്ടു വയസ്സുവരെ ആയുസ്സുണ്ടായിരുന്ന ആദിശങ്കരന് അമാനുഷികമായ കര്‍മ്മങ്ങളാണ് ചെയ്തുതീര്‍ത്തത്. ഭാരതമെന്ന അതിവിശാലമായ ഭൂഭാഗത്ത് കാല്‍നടയായി സഞ്ചരിച്ച് വടക്ക് ബദരിയിലും കിഴക്ക് പുരിയിലും തെക്ക് ശൃംഗേരിയിലും പടിഞ്ഞാറ് ദ്വാരകയിലും ചതുര്‍മഠങ്ങള്‍ സ്ഥാപിച്ചത് അത്ഭുതാദരവോടെ മാത്രമേ ഇന്നുപോലും നോക്കിക്കാണാനാവൂ. എന്നാല്‍ ആചാര്യന്റെ സംഭാവനകളെ ശരിയായി വിലയിരുത്താനോ പുതുതലമുറയെ അതിനെക്കുറിച്ച് ബോധവല്‍ക്കരിക്കാനോ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ആചാര്യന് ഉദ്ഘോഷിച്ച അദൈ്വതദര്‍ശനത്തിന്റെ മഹത്വം പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി ലോകം അംഗീകരിക്കുമ്പോള്‍ കേരളം മറ്റൊരു ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. എന്നു മാത്രമല്ല, അന്യൂനമായ ആ ദര്‍ശനത്തിന്റെ മഹത്വം കുറച്ചുകാണിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ആചാര്യന്റെ അദൈ്വതദര്‍ശനം ഇസ്ലാമില്‍നിന്ന് കടമെടുത്തതാണെന്നു പോലും പറയാന്‍ ചിലര്‍ ധൈര്യം കാണിച്ചു. ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണകാലത്ത് കാലടിയില്‍ ആദിശങ്കരന്റെ ആയിരത്തിയിരുന്നൂറാം ജന്മദിനാഘോഷം സംഘടിപ്പിക്കുകയുണ്ടായി. അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ആചാര്യന്റെ സംഭവനകളെയും അദൈ്വതദര്‍ശനത്തിന്റെ മഹത്വത്തെയും ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ‘അഭിനവ ശങ്കരന്’ എന്നു വിളിക്കപ്പെട്ട ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇക്കൂട്ടരുടെ ദുഃസ്വാധീനം പലനിലകളില്‍ തുടരുകയാണ്. ഇതില്‍നിന്ന് കാലടി മോചനം നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെയൊരു മാറ്റം ആഗ്രഹിക്കുന്നവര്‍ ഉറ്റുനോക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: