കൊച്ചി: സംസ്ഥാനത്തെ വിവാഹ മോചനങ്ങളില്‍ വിവാദ നീരിക്ഷണവുമായി കേരള ഹൈക്കോടതി. എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദര്‍ കൂടുന്നതായി കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ വളരെ ചെറിയ കാര്യങ്ങള്‍ക്കും സ്വാര്‍ത്ഥമായ ചില താത്പര്യങ്ങള്‍ക്കുംവേണ്ടി വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് പുതിയ ചിന്ത.
എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്നും കോടതി വ്യക്തമാക്കി. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുന്നു. ഭാര്യ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുകയാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നല്കിയ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: