കൊച്ചി: കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ രേണു രാജ് അറിയിച്ചു.
എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് രാവിലെ പെയ്ത കനത്ത മഴയില്‍ നഗരത്തിലടക്കം പലപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. കൊച്ചി നഗരം, ഹൈക്കോടതി പരിസരം, നോര്‍ത്ത് റയില്‍വേ സ്റ്റേഷന് പരിസരം, കലൂര്‍, എം ജി റോഡ്, മണവാട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കലൂരില്‍, മെട്രോ സ്റ്റേഷന് എതിര്‍വശം പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര കനത്ത കാറ്റിലും മഴയത്തും തകര്‍ന്നു വീണു. കലൂരില്‍ ഉള്‍പ്പെടെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കലൂര്‍ സ്റ്റേഡിയം റോഡിലും എംജി റോഡിലും ഹൈക്കോടതിയ്ക്ക് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരവും വെള്ളത്തിനടിയിലാണ്. കൊച്ചിയില്‍ ഗതാഗതം പലയിടത്തും സ്തംഭിച്ചു. പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: