തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ ശക്തമാകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതി തീവ്രമഴക്കും സാധ്യതയുണ്ട്. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കുമരകത്താണ് കഴിഞ്ഞ 12 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റര്‍. റെഡ് അലര്‍ട്ടിന് സമാനമായ മഴയാണ് ഇത്. തൈക്കാട്ടുശ്ശേരി (ആലപ്പുഴ)99.5 ാാ, ചൂണ്ടി (എറണാകുളം) 80.5 എം.എം, പള്ളുരുത്തി (എറണാകുളം) 72 എം.എം, കളമശ്ശേരി (എറണാകുളം) 71 എം.എം മഴയും ലഭിച്ചു.
എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് രാവിലെ പെയ്ത കനത്ത മഴയില്‍ നഗരത്തിലടക്കം പലപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. കൊച്ചി നഗരം, ഹൈക്കോടതി പരിസരം, നോര്‍ത്ത് റയില്‍വേ സ്റ്റേഷന് പരിസരം, കലൂര്‍, എം ജി റോഡ്, മണവാട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കലൂരില്‍, മെട്രോ സ്റ്റേഷന് എതിര്‍വശം പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര കനത്ത കാറ്റിലും മഴയത്തും തകര്‍ന്നു വീണു. കലൂരില്‍ ഉള്‍പ്പെടെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. നിസാമുദ്ദിന്മംഗള എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. കൊല്ലംഎറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിച്ചു. എറണാകുളം ജില്ലയില്‍ ഇന്നലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന മഴ മൂലം ജില്ലയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. കൊച്ചിയിലെ പ്രധാന പാതകളും റോഡുകളും എല്ലാം തന്നെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
കലൂര്‍ സ്റ്റേഡിയം റോഡിലും എംജി റോഡിലും ഹൈക്കോടതിയ്ക്ക് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരവും വെള്ളത്തിനടിയിലാണ്. കൊച്ചിയില്‍ ഗതാഗതം പലയിടത്തും സ്തംഭിച്ചു. പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: