ബെംഗളൂരു: ഗണേശ ചതുർത്ഥി ദിനമായ ആഗസ്ത് 31ന് ബെംഗളൂരു നഗരത്തിൽ ഇറച്ചി വെട്ടുന്നതും മാംസാം വില്‍ക്കുന്നതും നിരോധിച്ച ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി)യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഒവൈസി. ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെടുത്തി മാംസം നിരോധിക്കാൻ പാടില്ലെന്നും ബെംഗളൂരു നഗരത്തില്‍ 80 ശതമാനം പേരും മാംസം ഭക്ഷിക്കുന്നവരാണെന്നുമാണ് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയുടെ വാദം.
80 ശതമാനം മാംസം കഴിക്കുന്ന സ്ഥിതിക്ക് ഈ നിരോധന ഉത്തരവ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരാൾ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും നിരോധനം പിൻവലിക്കണമെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു. റംസാന് 30 ദിവസം ഭക്ഷണം ഉപേക്ഷിക്കേണ്ടതുള്ളതിനാല്‍ 30 ദിവസവും രാജ്യത്തെ ഭക്ഷണശാലകള്‍ അടിച്ചിടാന്‍ പറയാന്‍ പറ്റുമോ?- ഒവൈസി ചോദിക്കുന്നു.
ഗണേശചതുര്‍ത്ഥി ദിനത്തില്‍ മൃഗങ്ങളെ അറക്കുന്നതിനും മാംസം വില്‍ക്കുന്നതിനുമെതിരെ ചില ഹിന്ദുസംഘടനകള്‍ രംഗത്ത് വന്നിരുന്നു. സാമൂഹ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഗണേശ ചതുർത്ഥി ദിനത്തിൽ ബെംഗളൂരു നഗരസഭ മാംസവില്പന നിരോധിച്ചിരിക്കുന്നത്. മനപൂർവ്വം അക്രമങ്ങൾ സൃഷ്ടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് നിരോധനം. ശ്രീകൃഷ്ണ ജന്മാഷ്ടമിയ്ക്കും ബെംഗളൂരു നഗരസഭാ പരിധിയിൽ മാംസവില്പനയില് വിലക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: