ആലപ്പുഴ: കല്യാണസദ്യക്കിടെ രണ്ടാമത് പപ്പടം ചോദിച്ചതുമായി ബന്ധപ്പെട്ട് നടന്ന കൂട്ടത്തല്ലില്‍ ഓഡിറ്റോറിയം ഉടമയ്ക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം. പപ്പടം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കാട്ടി ഓഡിറ്റോറിയം ഉടമ മുരളീധരന് കരീലക്കുളങ്ങര പൊലീസില്‍ മൊഴി നല്കി. കസേര കൊണ്ടുള്ള ആക്രമണത്തില്‍ മുരളീധരന്റെ തലയ്ക്കുണ്ടായ പൊട്ടലിന് 14 സ്റ്റിച്ചുണ്ട്.
ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചത്. ഹരിപ്പാട് മുട്ടത്ത് ഞായറാഴ്ചയാണ് കൂട്ടത്തല്ലുണ്ടായത്. ആക്രമണത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
സംഭവത്തില്‍ ഓഡിറ്റോറിയം ഉടമ മുരളീധരന്, ജോഹന്‍, ഹരി എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സദ്യയുടെ അവസാന പന്തിയിലുണ്ടായിരുന്ന എട്ടോളം ചെറുപ്പക്കാരാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് മുരളീധരന് പറയുന്നത്. അതേസമയം വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിലാണ്. ഇതോടെ വധുവിന്റെ അച്ഛന് പരാതി നല്കി. തുടര്‍ന്നാണ് കരിയിലകുളങ്ങര പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: