എസ്. ശ്രീനിവാസ് അയ്യര്‍
ഗ്രഹങ്ങള്‍ക്ക് സ്വക്ഷേത്രം, മൂലക്ഷേത്രം അഥവാ മൂലത്രികോണം, ഉച്ചക്ഷേത്രം എന്നിങ്ങനെ ബലം അധികരിച്ച് പോകുന്ന രാശികളുണ്ട്. ഇവയെല്ലാം മിക്കവാറും രണ്ട് രാശികളോ മൂന്ന് രാശികളോ ഒക്കെയാവും. വ്യാഴത്തിന്റെ കാര്യം ഉദാഹരിക്കാം.
മീനം സ്വക്ഷേത്രം, ധനു സ്വക്ഷേത്രവും മൂലക്ഷേത്രവും കൂടിയത്, കര്‍ക്കടകം ഉച്ചക്ഷേത്രംഅതാണ് സ്ഥിതി. എന്നാല്‍ ഈ മൂന്നും ഒരു രാശിയാവുന്ന ഗ്രഹം ബുധന്‍ മാത്രമാണ്. പ്രസ്തുതരാശിയാകട്ടെ കന്നിയുമാകുന്നു. മിഥുനം ബുധന്റെ സ്വക്ഷേത്രം മാത്രമാണ് എന്നതും ഇവിടെ ഓര്‍മ്മിക്കാം.
സ്വക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിന് പകുതി ബലവും മൂലത്രികോണത്തിലെ ഗ്രഹത്തിന് മുക്കാല്‍ ബലവും ഉച്ചക്ഷേത്രത്തിലെ ഗ്രഹത്തിന് പൂര്‍ണബലവും എന്നാണ് സങ്കല്പം. ബലം കൂടുന്നതനുസരിച്ചാണ് ഫലപ്രാപ്തിയും ഉണ്ടാവുക എന്നതും വ്യക്തം.
ബുധന്‍, 2022 ആഗസ്റ്റ് 21 മുതല്‍ ഒക്ടോബര്‍ 26 വരെ കന്നി രാശിയിലാണ്. ബുധന്‍ ബലശാലിയായിരിക്കുന്നുവെന്ന് സാരം. സെപ്തംബര്‍ 17 മുതല്‍ വക്രമൗഢ്യം തുടങ്ങുന്നതായി പഞ്ചാംഗപുസ്തകത്തില്‍ നിന്നുമറിയാം. അക്കാലത്ത് ബുധബലത്തിന് വ്യത്യാസം ഭവിക്കും.
ചന്ദ്രന്റെയും താരയുടേയും പുത്രനാണ് ബുധന്‍. അതിനാല്‍ ചാന്ദ്രി എന്ന് പേരുണ്ട്. സോമ്യന്‍, ഇന്ദുസുതന്‍, സുധാംശുതനയന്‍, താരാത്മജന്‍, താരേയന്‍ തുടങ്ങിയ പേരുകളൊക്കെ ബുധന് ഇപ്രകാരം കൈവന്നതാണ്. മുത്തുസ്വാമി ദീക്ഷിതരുടെ നാട്ടക്കുറിഞ്ചി രാഗത്തിലുള്ള പ്രശസ്തമായ
ബുധ കീര്‍ത്തനത്തിന്റെ പല്ലവി ഇപ്രകാരമാണ്:
‘ബുധമാശ്രയാമി സതതം,
ബുധവിനുതം, ചന്ദ്രതാരാസുതം!’
ബുധന്‍ ബലവാനാകുമ്പോള്‍ ആരൊക്കെ ശക്തിമാന്മാരാകും എന്ന ചിന്ത പ്രസക്തമാണ്. ബുധന്റെ കാരകധര്‍മ്മങ്ങള്‍ വിവരിക്കുന്ന ഈ ശ്ലോകം നോക്കുക:
‘എഴുത്തും ഗണിതം വാക്കും
കളിയും കൗശലങ്ങളും
ജ്ഞാനം ബന്ധുക്കളമ്മാവന്‍
ത്വക്കും പക്ഷികളും ബുധാല്‍’
(ജ്യോതിഷ ദീപമാല).
എഴുത്ത്, വായന, അക്ഷരം, പുസ്തകം, പ്രസാധനം, അദ്ധ്യാപനം, ഗ്രന്ഥശാല, വിദ്യാര്‍ത്ഥികള്‍, മാധ്യമ രംഗത്തുള്ളവര്‍ എന്നീ വിഷയങ്ങളും വ്യക്തികളും എല്ലാം പൊതുവേ ബുധനുമായി ബന്ധപ്പെട്ട് പരിഗണിക്കുന്നതാണ് എന്നുപറയാം. ഈ വിഷയങ്ങളും ഈ ജോലികളില്‍ വ്യാപൃതരായിരിക്കുന്നവരും ഉയര്‍ച്ചയിലേക്ക് നീങ്ങും. വാക്കിന്റെ കാരകത്വവും ബുധനുള്ളതിനാല്‍ സംഭാഷണം കര്‍മ്മോപാധിയായിട്ടുള്ളവര്‍ ഒരുദാഹരണം നിയമജ്ഞര്‍ ആത്മശക്തി കൈവരിക്കും. സരസവാക്കും വികടവാക്കും ബുധന്റെ ബലമനുസരിച്ച് ആരിലും മാറി മറിയുന്നതാണ്. തര്‍ക്കവും തര്‍ക്കുത്തരവും കുതര്‍ക്കവും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാം.
‘കൊള്ളിവാക്കിലുമില്ലയോ വാസ്തവനാളം’ എന്ന് മഹാകവി വൈലോപ്പിള്ളി ചോദിച്ചതുപോലെ ഭാഷ ഗാഢവും ഗൂഢവും ഒക്കെയാവുന്നത് ബുധന്റെ കുശലം കൊണ്ടാണ്…
ബുധനെ ഗ്രഹലോകത്തെ യുവരാജാവായിട്ടാണ് അധികാരശ്രേണിയില്‍പരികല്പിച്ചിട്ടുള്ളത്. അതിനാല്‍ ബുധന് ബലം വരുമ്പോള്‍ അധികാരസോപാനത്തിന്റെ രണ്ടാം പടവില്‍
നില്‍ക്കുന്നവര്‍, യുവനേതൃനിരയിലുള്ളവര്‍ ശോഭിക്കാമെന്നത് യുക്തിയുള്ള ഒരു സാധ്യതയാണ്. അവര്‍ക്ക് പുതിയ പദവികള്‍, സ്ഥാനം, അധികാരം ഒക്കെ കൈവരാം. വാക്കുകള്‍ കൊണ്ടുളള വമ്പും അമ്പും അന്തരീക്ഷത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചേക്കാം. ആരോപണ പ്രത്യാരോപണങ്ങള്‍ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ ഇടിമുഴക്കങ്ങള്‍ ചൊരിയാം.
ബുധന് വീതിച്ചു നല്‍കിയിട്ടുള്ള നക്ഷത്രങ്ങള്‍ ആയില്യം, തൃക്കേട്ട, രേവതി എന്നിവയാകുന്നു. അവര്‍ക്കും ഇക്കാലം ആത്മപ്രഭാവം ബലിഷ്ഠമാകുന്ന സമയമാണ്. ബുധന്റെ രാശികളായ മിഥുനം, കന്നി എന്നിവ ലഗ്നമോ കൂറോ ആയിട്ടുള്ളവരും ഒഴുക്കിനെതിരെ നീന്താന്‍ പ്രാപ്തിയുള്ളവരായിത്തീരും. ബുധദശ, ബുധന്റെ അപഹാരഛിദ്രാദികള്‍ എന്നിവയിലൂടെ കടന്നുപോകുന്നവരും ഒട്ടൊക്കെ വിജയശ്രീലാളിതരായേക്കാം.
ഇതൊക്കെയാണ് ബുധന്‍ കന്നിരാശിയില്‍ സഞ്ചരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്ന ചില സാമാന്യമായ യാഥാര്‍ത്ഥ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: