ശാസ്താംകോട്ട: കൊല്ലം റൂറല്‍ പോലീസിന്റെ പരിധിയിലുള്ള ഗ്രാമപ്രദേശങ്ങളില്‍ വാഹനമോഷണം തുടര്‍ക്കഥയാകുന്നു. മോഷണസംഘം രാപകലില്ലാതെ അഴിഞ്ഞാടുമ്പോഴും യാദൃശ്ചികമായി കയ്യില്‍ കിട്ടുന്ന പ്രതികളല്ലാതെ കവര്‍ച്ചാസംഘത്തിന്റെ താവളം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുന്ന പോലീസിന്റെ അനാസ്ഥ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ശാസ്താംകോട്ട പോലീസ് വാഹനപരിശോധനക്കിടെ ഇന്നലെ ഇരുചക്രവാഹനത്തില്‍ വന്ന മൂന്ന് പേരെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് അറിഞ്ഞത്. കഴിഞ്ഞ ദിവസം പടിഞ്ഞാറെ കല്ലട കാരാളി മുക്കിന് സമീപം കാക്കത്തോപ്പില്‍ പോലീസ് വാഹനപരിശോധന നടത്തവെയാണ് ബൈക്കില്‍ വന്ന മൂന്നംഗ സംഘം പിടിയിലാകുന്നത്. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പോലീസ് മൂന്ന് പേരെയും പിടികൂടി.
കിഴക്കേക്കല്ലട താഴത്ത് എലവൂര്‍ കാവ് താഴത്ത് തെക്കതില്‍ ആദിത്യന് (19), എഴുകോണ്‍ മാറനാട് പുത്തന്‍ നടക്ഷേത്രത്തിന് സമീപം ബിജുവിലാസത്തില്‍ കണ്ണന് (20) എന്നിവരെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തങ്ങള്‍ കൊട്ടാരക്കര ഭാഗത്തു നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന ബൈക്കാണെന്ന് ഇവര്‍ സമ്മതിച്ചു.തെക്കന്‍ ജില്ല കേന്ദ്രീകരിച്ചുള്ള വാഹന മോഷണസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കൂട്ടത്തിലുള്ള ഒരു പ്രതിയെ കിട്ടാനുണ്ട്. ശാസ്താംകോട്ട കോടതി റിമാന്റ് ചെയ്ത പ്രതികളേ കുടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
ശൂരനാട്, ശാസ്താംകോട്ട, കിഴക്കേക്കല്ലട പോലീസ് സ്റ്റേഷനുകളില്‍ മാത്രം 150 വാഹനമോഷണ കേസുകള്‍ തുമ്പില്ലാതെ കിടക്കുന്നുണ്ട്. ഇതിനിടെ രാത്രികാല പെട്രോളിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും മോഷ്ടാക്കള്‍ക്ക് സ്വൈരവിഹാരത്തിന് അവസരം ഒരുക്കുന്ന നിലയിലാണ്. പോലീസ് ജീപ്പുകള്‍ പമ്പുകളില്‍ നിന്നും ഡീസല്‍ നിറയ്ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണം. ഡീസല്‍ അടിച്ച വകയില്‍ പമ്പുകളില്‍ ലക്ഷങ്ങളാണ് പോലീസ് നല്‍കാനുള്ളത്. ഇതേ തുടര്‍ന്ന് പോലീസിന് ഇന്ധനം നല്കേണ്ടന്ന് പമ്പ് ഉടമകള്‍ തീരുമാനമെടുത്തത് ആഴ്ചകള്‍ക്ക് മുന്‍പാണ്. പോലീസിന്റെ ഡ്യൂട്ടിയെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിയന്ത്രിക്കുന്നതോടെ കവര്‍ച്ചാ സംഘത്തിന് അഴിഞ്ഞാടാനുള്ള സാഹചര്യമായെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: