പ്രൊഫ. അരവിന്ദാക്ഷന്
ഗവര്‍ണര്‍ എന്നാല്‍ ഭരണഘടനാ പദവിയില്‍ സംസ്ഥാനങ്ങളുടെ ഭരണ നിര്‍വ്വഹണ സംവിധാനത്തിന്റെ തലവനാണ്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഗവര്‍ണര്‍ അംഗീകരിച്ച് ഒപ്പു വയ്ക്കുമ്പോഴാണ്. ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചു വരുത്തി നിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതും ഉത്തരവ് പുറപ്പെടുവിക്കുന്നതും ഗവര്‍ണറുടെ പേരിലാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിളിച്ചുവരുത്തി നിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്കുന്നു. ഭരണഘടനാ അനുച്ഛേദം 356 പ്രകാരം കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് 6 മാസക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ അധികാരമുണ്ട്. ഗവര്‍ണര്‍ നല്കുന്ന റിപ്പോര്‍ട്ടു പ്രകാരമാണത്. മിക്ക സംസ്ഥാനങ്ങളിലും നിയമം മൂലം രൂപീകരിക്കപ്പെട്ട സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍മാരാണ്. ആ നിലയില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനും സര്‍വ്വകലാശാല നടത്തിപ്പില്‍ അഴിമതിയും സ്വജനപക്ഷപാതവും കണ്ടാല്‍ അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
നാളിതുവരെ കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കേരളാ നിയമസഭ പാസാക്കിയ നിയമങ്ങള്‍ പ്രകാരം ഗവര്‍ണറാണ്. ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പാകാന്‍ പാടില്ലെന്നും സംസ്ഥാന ഭരണത്തില്‍ വീഴ്ചകളുണ്ടായാല്‍ നിക്ഷിപ്തമായ അധികാരങ്ങളുപയോഗിച്ച് അത് തടയണമെന്നുമുള്ള പൊതുജനാഭിപ്രായം രാജ്യത്തുണ്ട്. ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ നിര്ണയിച്ചുകൊണ്ടുള്ള ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും നിരവധി സുപ്രധാന വിധിന്യായങ്ങളുണ്ട്.
2019 സെപ്തംബര്‍ 6 നാണ് ഇപ്പോഴത്തെ കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചുമതലയേറ്റത്. 26-ാം വയസ്സില്‍ 1977-ല്‍ ഉത്തര്‍പ്രദേശില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് പാര്ലമെന്റ്മെമ്പറാകുകയും കേന്ദ്രത്തില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്ത അനുഭവസമ്പത്തുള്ള ആളാണ് കേരളാ ഗവര്‍ണര്‍. 2004-ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ലോക പ്രശസ്ത എഴുത്തുകാരനാണ് അദ്ദേഹം. ഇസ്ലാം മതത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ലോകപ്രശസ്തി നേടിയിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും എതിര്‍ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ലോകമെമ്പാടും വിലമതിക്കപ്പെടുന്നു. മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പിരിച്ചുവിടണമെന്ന അദ്ദേഹത്തിന്റെ നിലപാട് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഷാ ബാനോ കേസിലെ സുപ്രീംകോടതി വിധിയെ അദ്ദേഹം പിന്തുണച്ചു. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണമെന്നാണ് ഷാ ബാനോ കേസിലെ സുപ്രധാന വിധി. ഖുറാനും ഇപ്പോഴത്തെ പ്രതിസന്ധികളും എന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെയധികം പ്രചാരം നേടിയിട്ടുള്ളതാണ്. മുസ്ലീം വനിതകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമില്ലായെന്ന കര്‍ണാടക ഹൈക്കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.
ഇങ്ങനെ നവോത്ഥാന നായകനും പണ്ഡിതനുമായ ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ ഗവര്‍ണറായി വന്നപ്പോള്‍ എല്ലാവരും സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. ഇസ്ലാം മതപാഠശാലകളില്‍ കുട്ടികളെ മതേതരത്വം പഠിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തിന്റെ പ്രതിരൂപമാണ് കേരളാ ഗവര്‍ണര്‍.
എന്നാല്‍ അദ്ദേഹത്തോട് സഹകരണത്തിന്റെ പാതയിലല്ല കേരളസര്‍ക്കാരും ഇടതു മുന്നണിയും സമീപിക്കുന്നത്. ഗവര്‍ണറുടെയും മന്ത്രിസഭയുടെയും നിയമസഭയുടെയും അധികാരങ്ങള്‍ ഭരണഘടന വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ട്. മന്ത്രിസഭ നല്കുന്ന എല്ലാ ഓര്‍ഡിനന്‍സുകളിലും ഒപ്പിട്ട് അനുമതി നല്കാന് ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. വിശദീകരണം ചോദിച്ചുകൊണ്ട് തിരച്ചയയ്ക്കാനും നിയമപരമല്ലാത്തതും പൊതുജന താല്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ളതുമായ ഓര്‍ഡിനന്‍സുകള്‍ തള്ളിക്കളയാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകള്‍ വ്യക്തത വരുത്തുന്നതിനും നിയമപരമായ പരിശോധനകള്‍ക്കുമായി രാഷ്ട്രപതി മുമ്പാകെ സമര്‍പ്പിക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഗവര്‍ണര്‍ ഒപ്പിടാതിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് അംഗീകാരം നേടാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അപ്പോള്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറിന്റെ നിലപാട് ശരിയാണെന്ന് തെളിയുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രീയാവര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച വൈസ് ചാന്‍സലറുടെ നടപടി നിയമപരമല്ലാത്തതിനാലാണ് മരവിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. പ്രീയാവര്‍ഗ്ഗീസിനെ നിയമിക്കുന്നതിനെതിരെ കേരളാ ഹൈക്കോടതി മുമ്പാകെ വന്ന കേസില്‍ നിന്നും വെളിവാകുന്നത് 2019-ല്‍ ഗവേഷണ ബിരുദം നേടിയതിനു ശേഷം അവര്‍ക്ക് 20 ദിവസത്തെ പ്രവൃത്തി പരിചയം മാത്രമാണുള്ളതെന്നാണ്.
2019-ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര സെമിനാറില്‍ പങ്കെടുത്ത ഗവര്‍ണറെ ആക്രമിക്കാന്‍ വൈസ് ചാന്‍സലര്‍ രവീന്ദ്രന് ഗോപിനാഥ് ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണം അതീവ ഗൗരവതരമാണ്. ആക്രമികളില്‍ നിന്നും ഗവര്‍ണറെ രക്ഷിക്കാന്‍ ശ്രമിച്ച എഡിസിയുടെ വസ്ത്രം ആക്രമികള്‍ കീറിയെറിഞ്ഞെന്നും, ഗവര്‍ണറെ രക്ഷിക്കാന്‍ വിസി യാതൊരു നടപടിയും എടുത്തില്ലെന്നും സംഭവത്തെകുറിച്ച് പോലീസില്‍ പരാതി നല്‍കിയില്ലെന്നുമാണ് ഗവര്‍ണര്‍ വിശദീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചപ്പോഴാണ് ഗവര്‍ണര്‍ ആക്രമിക്കപ്പെട്ടത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അത് അദ്ദേഹത്തില്‍ ഭരണഘടനാ പരമായി അര്‍പ്പിക്കപ്പെട്ട ചുമതലയാണ്. ഗവര്‍ണര്‍ തന്റെ ഭരണഘടനാപരമായ ചുമതല നിര്വ്വഹിക്കുമ്പോള് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഫാസിസവും ഭരണഘടനാ ലംഘനവുമാണ്. പ്രീയവര്ഗ്ഗീസിന്റെ ഭര്‍ത്താവ്, മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാജേഷ് എംപി എന്ന നിലയില്‍ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഗവര്‍ണര്‍ക്ക് നേരെയുള്ള ആക്രമണം തടയാന്‍ കഴിഞ്ഞില്ല. ഗവര്‍ണര്‍ വന്ന് 4 മാസം തികയുന്നതിന് മുമ്പാണ് അദ്ദേഹത്തിനു നേരെ ഇത്തരം ആക്രമണം ഉണ്ടായത്. കേരളത്തിലെ പോലീസ് മേധാവി ഗവര്‍ണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈ സംഭവത്തെ കുറിച്ച് പോലീസ് മേധാവിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമൊക്കെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടാകും. അന്നുതന്നെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തേണ്ടതും നടപടി സ്വീകരിക്കേണ്ടതുമായിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഗവര്‍ണറുടെ ഈ വെളിപ്പെടുത്തലുകള്‍ ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗവര്‍ണറെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ സര്‍വ്വകലാശാല വിസിയെ ക്രിമിനലെന്നാന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ആ വിസി ഇപ്പോഴും സ്ഥാനത്ത് തുടരുകയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജേഷിന്റെ ഭാര്യ പ്രീയാവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ചു എന്നുള്ളതും ഭയാനകവും ബീഭത്സവുമാണ്.
യോഗ്യതാ മാനദണ്ഡം അഥവാ പിഎച്ച്ഡി ബിരുദം നേടിയ ശേഷം 8 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യുജിസി നിര്‍ദ്ദേശിക്കുന്നത്. അതിനാലാണ് കേസില്‍ വാദം കേട്ട ഹൈക്കോടതി യുജിസി ചെയര്‍മാനെ എതിര്‍കക്ഷിയാക്കി സ്വമേധയാ നോട്ടീസ് അയച്ചത്. പ്രിയാവര്‍ഗ്ഗീസിനെ നിയമിക്കാനുള്ള നടപടികള്‍ തടഞ്ഞ ഹൈക്കോടതി വിധിയിലൂടെ, നിയമനം മരവിപ്പിച്ച കേരളാ ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയാണെന്ന് തെളിഞ്ഞു.
ഇത് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മാത്രം നടക്കുന്നതല്ല. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളെയും രാഷ്ട്രീയക്കാരുടെ മേച്ചില്‍പുറങ്ങളാക്കി മാറ്റിയ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തെറ്റായ നടപടികള്‍ മൂലം ഉണ്ടായ ദുരന്തമാണ്. നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷിന്റെ ഭാര്യയെ സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് വന്‍വിവാദമായിരുന്നു. മൂന്നാം റാങ്കുകാരിയായ നിനിത കണിച്ചേരിയെ മുസ്ലീം സംവരണം നല്കി നിയമിച്ചു എന്നാണ് ആക്ഷേപമുയര്‍ന്നത്. ഇതു സംബന്ധിച്ച് 2021 ഫെബ്രുവരിയില്‍ കേരളാ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്.ബിന്ദു തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നപ്പോള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി കസേരയില്‍ ഇരുന്നതായി ആക്ഷേപമുണ്ട്. പ്രിന്‍സിപ്പല്‍ കണ്ണീരോടെ രാജി വെച്ച് പുറത്തുപോയി. ഡോ.ബിന്ദു സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എ.വിജയരാഘവന്റെ ഭാര്യയാണ്. തുടര്‍ന്ന് ഡോ. ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ മന്ത്രിയായി സ്ഥാനകയറ്റം ലഭിച്ചു. സര്‍വ്വകലാശാലകളെ സിപിഎം നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കള്‍ക്കും ജോലി നല്‍കാനുള്ള ഇടമാക്കി തരംതാഴ്ത്തിയിരിക്കുന്നു. യോഗ്യതയ്ക്കും കഴിവിനുമൊന്നും അവിടെ യാതൊരു വിലയുമില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് പേരുകേട്ട കേരളത്തിലെ അക്കാദമി രംഗത്തെയാകെ ഇല്ലാതാകുന്നതും നാണംകെടുത്തുന്നതുമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഉന്നത സ്ഥാനങ്ങളിലെത്താന്‍ ഒന്നുകില്‍ സിപിഎമ്മാകുക, അല്ലെങ്കില്‍ സിപിഎം നേതാവിന്റെ ഭാര്യയാകുക എന്നതിലേക്ക് കാര്യങ്ങളെത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വല്‍ക്കരണം അക്കാദമിക നിലവാര തകര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കേരളാ ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയതും നടപടികള്‍ സ്വീകരിച്ചതും. അതു മനസ്സിലാക്കുന്ന പൊതുജനം അദ്ദേഹത്തിനൊപ്പം നില്ക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: