തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങള്‍ ചോദ്യം ചെയ്ത ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആര്‍എസ്എസുകാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യനല്ലെന്നും അദേഹം പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണ്ണര്‍ പദവിയില്‍ തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന് ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. തെരുവ് ഗുണ്ടകള്‍ ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അദേഹം പറഞ്ഞു.
അതേസമയം, തന്നെ ആക്രമിച്ചവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചരിത്ര കോണ്‍ഗ്രസ്സിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്ഫാന് ഹബീബിനെതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്ന ഉറപ്പിലാണ് ഇര്ഫാന് ഹബീബ് പ്രതിഷേധിച്ചത്. ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു സംഭവം നടക്കില്ലായിരുന്നു. അക്രമിയെ സംരക്ഷിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. തന്നെ ആക്രമിക്കാന്‍ കൂട്ടു നിന്നതിന് പ്രതിഫലമായാണ് സര്‍ക്കാര്‍ കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടന്നിട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസവും ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശനം ഉന്നയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വിസിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ദല്‍ഹിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: