ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന അങ്കത്തില്‍ കേരളത്തില്‍ നടന്ന ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്കിയ സമര ജീവിതത്തിന്റെ വിളിപ്പേരാണ് കേരള ഗാന്ധി കേളപ്പജി എന്നത്. ദേശീയ തലത്തില്‍ മഹാത്മാഗാന്ധി നിര്‍വ്വഹിച്ച പങ്ക് എന്താണോ അത് കേരളത്തില്‍ നിര്‍വ്വഹിച്ചത് കേളപ്പജിയായതുകൊണ്ടാണ് കേരള ഗാന്ധി എന്ന അപരനാമം സ്വാഭാവികമായി അദ്ദേഹത്തിനു വന്നു ചേര്‍ന്നത്. തമസ്കരണത്തിന്റെയും തിരസ്കാരത്തിന്റെയും ബോധപൂര്‍വ്വമായ അവഗണനയുടെയും പരകോടിയില്‍ നിന്ന് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കേളപ്പജി തിരിച്ചു വരുന്നുവെന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ശരിവയ്ക്കുന്നതാണ്. കേളപ്പജിയെ രാഷ്ട്രീയമായും ശാരീരികമായും ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് കാലം കരുതി വെച്ച മറുപടിയാണത്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രൂപീകരിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയത് അവിടങ്ങളില്‍ സമരത്തിന് നേതൃത്വം നല്കിയവരാണ്. എന്നാല്‍ കേരളത്തില്‍ സ്ഥിതി നേരെ മറിച്ചായിരുന്നു. സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്നു കുത്തിയവരും സമര സേനാനികളെ ബ്രിട്ടീഷു പോലീസിന് ഒറ്റിയവരുമാണ് ഇവിടെ അധികാരം പങ്കിട്ടത്. ദല്‍ഹിയിലെ അധികാര സോപാനങ്ങളില്‍ നിയതിയുമായി സന്ധി ചെയ്ത് ചിലര്‍ കടന്നിരിക്കുകയും മഹാത്മാവ് നവഖാലിയുടെ മുറിവുണക്കാന്‍ സാന്ത്വന മന്ത്രവുമായി അലയുകയും ചെയ്ത കാഴ്ചയുടെ മറ്റൊരു തരത്തിലുള്ള ആവര്‍ത്തനമാണ് ഇങ്ങ് കേരളത്തിലും ഉണ്ടായത്. ഗാന്ധിജിയുടെ ഭാരതം വിസ്മരിക്കപ്പെടുകയും കേരള ഗാന്ധിയുടെ കേരളം അട്ടിമറിക്കപ്പെടുകയും ചെയ്തു. ദേശീയ പ്രവാഹത്തില്‍ നിന്ന് കേരളം മാറി നടന്നതെപ്പോള് എന്ന് ഗവേഷണം ചെയ്യുന്നവര്‍ക്ക് ഈ ദശാസന്ധിയെ കണ്ടെത്താനാവും.
ഏത് കേരളത്തെയാണ് കേളപ്പജിയടക്കമുള്ളവര് സ്വപ്നം കണ്ടിരുന്നതെന്നും ഏത് കേരളമാണ് നമുക്ക് സ്വായത്തമായതെന്നും സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷത്തില്‍ വിലയിരുത്തേണ്ടതാണ്. കടത്തില്‍ വിയര്‍ക്കുകയും കടക്കെണിയില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്ന കേരളമായിരുന്നില്ല അത്. പഞ്ചായത്തുകള്‍ തോറും വിദേശമദ്യഷാപ്പുകള്‍ തുറന്ന് കുടിച്ച് മരവിച്ച് കിടക്കുന്ന കേരളമായിരുന്നില്ല അത്. അടിച്ച് കൊല്ലപ്പെടുന്ന ആദിവാസി യുവാവിന്റെ കേസില്‍ പോലും നീതി നിഷേധിക്കപ്പെടുന്ന കേരളമായിരുന്നില്ല അത്. അധികാര കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഓഫീസുകളില്‍ അഴിമതിയും സ്വജനപക്ഷപാതവും നടമാടുന്ന കേരളവുമല്ലായിരുന്നു അത്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പൊരുതി നിന്ന കേളപ്പന്റെ കേരളമല്ല ഇന്നുള്ളതെന്ന തിരിച്ചറിവാണ് അമൃതവര്‍ഷത്തില്‍ നാം ആര്‍ജ്ജിക്കേണ്ടത്.
തല്ലുകൊണ്ട് കോടതിയില്‍ പോയി കേസ് കൊടുത്ത് സാക്ഷികളെയും മറ്റും കണ്ടു പിടിച്ച് വളരെയധികം പണം ചെലവഴിച്ച് കേസ് നടത്തി ഒടുവില്‍ കള്ളക്കേസായി തള്ളിപ്പോകുന്നുവെങ്കില്‍ ആ തല്ലുകൊണ്ടവന്റെ നിരാശ എത്ര വലുതാണ്? സാമര്‍ത്ഥ്യമുള്ള വക്കീല്‍ രാത്രി പകലാക്കും. നീതി അനീതിയുമാക്കും. വളരെയധികം ഹരിജനങ്ങള്‍ കൂടിയ പൊതുയോഗത്തില്‍ തെമ്മാടികള്‍ വന്നു തല്ലുണ്ടാക്കി അധികമാളുകള്‍ക്ക് പരുക്കു പറ്റി. അങ്ങിനെയൊരു കേസ് ഉത്ഭവിച്ചാലും കേസെല്ലാം നടത്തി തെളിവെടുപ്പ് കഴിയുമ്പോഴേക്കും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നു വരുന്നുവെങ്കില്‍ നിരാശപ്പെടുകയല്ലാതെ എന്താണ് വഴി. കേളപ്പജിക്കുണ്ടായ നിരാശയ്ക്ക് എഴുപത്തിയഞ്ച് വര്‍ഷത്തെ പ്രായമുണ്ടെങ്കില്‍ അട്ടപ്പാടിയില്‍ അടിച്ചു കൊല്ലപ്പെട്ട മധുവിന്റെയും കോഴിക്കോട് കൈവേലിയില്‍ എറിഞ്ഞു കൊല്ലപ്പെട്ട അനൂപിന്റെയും വാളയാര്‍ പെണ്‍കുട്ടികളുടെയും കേസുകളില്‍ അപഹരിക്കപ്പെട്ട നീതിയുടെ അനുഭവം നമ്മെ തുറിച്ചു നോക്കുന്നത് സമീപകാലങ്ങളിലാണ്. 1989 ലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമവും അക്രമങ്ങള്‍ തടയാന്‍ സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡുകളും കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് മലപ്പുറം, പാലക്കാട്, കൊല്ലം, വയനാട് ജില്ലകളില്‍ സ്പെഷ്യല്‍ കോടതികളും ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത്. കീഴരിയൂരിലും പഴയങ്ങാടിയിലും കീഴൂരിലും കടന്നമണ്ണയിലും കല്യാശ്ശേരിയിലും പതിത വര്‍ഗ്ഗത്തിനെതിരായ അക്രമങ്ങള്‍ക്കെതിരെ പാഞ്ഞെത്തി പരിഹാരം കണ്ടെത്തിയ കേളപ്പജിയുടെ കേരളം പ്രസ്താവന നടത്തി പരിഹാരം കാണാന്‍ ശ്രമിക്കുന്ന കേരളമായി മാറിയിരിക്കുന്നു.
1969 ഒക്ടോബര്‍ 2 മുതല്‍ 1970 ഫെബ്രുവരി 22 വരെ ഗാന്ധി ജന്മശതാബ്ദി ദേശീയ മഹോത്സവ, സമിതിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു കേളപ്പന്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണത്തിന് കീഴില്‍ രൂപീകരിക്കപ്പെട്ട സമിതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് തടസ്സമൊന്നുമുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലുമുണ്ടായിരുന്ന മദ്യനിരോധന നിയമം എടുത്തുകളയാന്‍ ഇഎംഎസ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ആഘോഷസമിതിയില് നിന്ന് രാജിവയ്ക്കാന്‍ കേളപ്പജി തീരുമാനിക്കുന്നു. ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമായ സര്‍ക്കാര്‍ നടപടിയാണ് കേരളത്തെ മദ്യഭരിതമായ സംസ്ഥാനമാക്കി മാറ്റിയത്. വരാനിരിക്കുന്ന ദുരന്തത്തെ മുന്കൂട്ടിക്കാണാന് ആ മഹാത്മാവിന് കഴിഞ്ഞിരുന്നു. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ മയങ്ങിക്കിടക്കുന്ന കേരളത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തിന് തുടക്കം കുറിച്ച നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ അന്ന് കേളപ്പജിക്ക് കഴിഞ്ഞിരുന്നു. നിരന്തരമായ കള്ളുഷാപ്പ് പിക്കറ്റിങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടു- ‘ജഗദ്ഗുരു ശ്രീശങ്കരന്റെ പിന്തലമുറക്കാര് കേരളത്തിലെങ്ങും തണ്ണീര്‍ പന്തലുണ്ടാക്കി. ഇന്നത്തെ ശങ്കരന് നമ്പൂതിരി അതിന്റെ സ്ഥാനത്ത് സര്‍വ്വത്ര മദ്യഷാപ്പുകളാണുണ്ടാക്കുന്നത്.’ എന്നായിരുന്നു അന്ന് വി.ടി ഭട്ടതിരിപ്പാട് പ്രസംഗിച്ചത്. സത്യ ശുദ്ധവും സദാചാര നിഷ്ഠവും സംശുദ്ധവുമായ മൂല്യാധിഷ്ഠിത രാഷ്ട്രീയ പക്ഷത്തായിരുന്നു കേളപ്പജിയുടെ ഉറച്ച നില്‍പ്പ്. പരുക്കന്‍ തൂവെള്ള ഖാദിയുടുപ്പ് അദ്ദേഹത്തിന് വെറുമൊരു വസ്ത്രം മാത്രമായിരുന്നില്ല. മറിച്ച് നിലപാടിന്റെ നിശ്ശബ്ദ പ്രഖ്യാപനം കൂടിയായിരുന്നു. ഒത്തുതീര്‍പ്പില്ലാത്ത നിലപാടിന്റെ പേരാണ് കേളപ്പജിയെന്ന് ഒരാവര്‍ത്തികൂടി തെളിയിക്കപ്പെടുകയായിരുന്നു.
കേരളത്തിന്റെ സമഗ്രവും സ്വാശ്രയ പൂര്‍ണ്ണവുമായ വളര്‍ച്ചയെക്കുറിച്ചായിരുന്നു കേളപ്പജി സ്വപ്നം കണ്ടത്. ഖാദിയും സ്വദേശിയും കൃഷിയും അയിത്തോച്ചാടനവും അടിസ്ഥാന വിദ്യാഭ്യാസ നയവും ഭൂദാനവും തുടങ്ങി സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന വികസന വീക്ഷണമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. സര്‍വ്വോദയത്തിന്റെ പ്രചാരകനും ആചാര്യനുമായിരുന്നു കേളപ്പജി. സ്വന്തം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടിയായിരുന്നില്ല മുഴുവന്‍ രാഷ്ട്രത്തിനുമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. അത് ഭൗതിക വളര്‍ച്ചകൊണ്ട് മാത്രം നേടിയെടുക്കാവുന്നതല്ല എന്നതും അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. കേരളത്തില്‍ തകര്‍ന്നു കിടക്കുന്ന ക്ഷേത്രക്കളുടെ ദയനീയ സ്ഥിതി അദ്ദേഹം വീക്ഷിച്ചത് ഈ സമീപനത്തിലൂടെയായിരുന്നു. ജീവിതത്തിലവശേഷിക്കുന്ന കാലം, മഹത്തായ ചരിത്രങ്ങള്‍ സ്വയം വിളിച്ചറിയിക്കുന്നതും വിസ്മൃതിയിലാണ്ടു കിടക്കുന്നതുമായ ഹിന്ദു ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിന് വേണ്ടി തനിക്ക് ചെലവഴിക്കണമെന്ന് എണ്‍പതാം വയസില്‍ കേളപ്പജി പ്രഖ്യാപിച്ചു. മതസ്ഥാപനങ്ങളുടെ ഓജസ്സില്‍ നിന്ന് സമുദായത്തിന്റെ ഓജസ് അനുമാനിക്കാനാവുമെന്നു പറയാന്‍ കേളപ്പജിക്ക് അനുഭവങ്ങള്‍ ഏറെയായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയിലാവട്ടെ മുസ്ലിങ്ങളുടെ ഇടയിലാവട്ടെ ഒരു മതസ്ഥാപനം സമുദായത്തിന്റെ രക്ഷ ലഭിക്കാതെ ജീര്‍ണിച്ച് നശിച്ചുപോകുന്നതായി നാം കാണുന്നില്ല. മതം ഇന്നും ഒരു ജീവ ശക്തിയായി അവരുടെ ഇടയില്‍ പരിലസിക്കുന്നു. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളാവട്ടെ നശിച്ചു തുടങ്ങിയ സ്ഥാപനങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത് എന്ന് കേളപ്പജി നല്കിയ മുന്നറിയിപ്പ് ഇന്നും ഹിന്ദുസമൂഹത്തിന്റെ ആലോചനയ്ക്ക് വിധേയമാകേണ്ട വിഷയമാണ്.
മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ തുടക്കവും അങ്ങാടിപ്പുറം തളിക്ഷേത്ര പുനരുദ്ധാരണവും സൃഷ്ടിച്ച നവോത്ഥാന ചരിത്രം ഇന്ന് കേരളത്തിന് സുപരിചിതമാണ്. യാഥാസ്ഥിതികത്വത്തിനെതിരെ പോരാടിയ കേളപ്പജി പുരോഗമനത്തിന്റെ പേരില്‍ ആധ്യാത്മികതയെ റദ്ദു ചെയ്യാനുള്ള കമ്മ്യൂണിസ്റ്റ് ചതിയെക്കുറിച്ചും ബോധവാനായിരുന്നു. ക്ഷേത്ര സമുദ്ധാരണം കെട്ടിടങ്ങളുടെ പുനരുദ്ധാരണം മാത്രമല്ലെന്നും ഒരു ജനതയുടെ ആത്മവിശ്വാസത്തെയും ആത്മീയ ബോധവികാസത്തെയും സ്വത്വത്തേയും തിരിച്ചുപിടിക്കുക കൂടിയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു കേളപ്പജി. മലപ്പുറം ജില്ലാ രൂപീകരണം ഒരു പുതിയ ജില്ലയുടെ രൂപീകരണം മാത്രമല്ലെന്നും മതരാഷ്ട്രീയത്തിന്റെ അപകടകരമായ കടന്നു വരവിന്റെ തുടക്കമാണിതെന്നും കടന്നു കാണാനുള്ള കഴിവ് മാപ്പിളക്കലാപത്തിന്റെ രക്തപ്പുഴ കടന്നു വന്ന ആ രാഷ്ടീയനേതാവിന് ഉണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ അപചയവും സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷം കോണ്ഗ്രസ്സകപ്പെട്ട അധികാര മോഹത്തിന്റെ പടുകുഴിയുടെ ആഴവും തിരിച്ചറിയാന്‍ കേളപ്പജിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തമേറ്റെടുക്കുകയായിരുന്നു കേളപ്പജി കെഎംപിപിയിലൂടെയും പ്രജാ പാര്‍ടിയിലൂടെയും. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടിത ശക്തിക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അധികാരസ്ഥാനങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ പാകത്തില്‍ അടുത്തു നില്‍ക്കുമ്പോഴും ജനപക്ഷത്ത് നില്‍ക്കാനായിരുന്നു കേളപ്പജി ആഗ്രഹിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടു. അത് ബ്രിട്ടീഷുകാരാകട്ടെ ഇടതു സംഘങ്ങളാവട്ടെ. കേളപ്പജിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്ന അവര്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ അനുയോജ്യമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിനെ ബോധപൂര്‍വം ഇല്ലാതാക്കി. തവനൂരിലെ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്നകറ്റി കേരള ഗാന്ധിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു. തവനൂരില്‍ നിളയുടെ തീരത്തെ, അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം പോലും മാന്യമായി പരിരക്ഷിക്കാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കായില്ല. അമൃതവര്ഷക്കാലത്തെ ആഘോഷത്തിമര്പ്പിലെങ്കിലും കേരള ഗാന്ധിക്ക് ഭവ്യമായ സ്മാരകം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: