ആലപ്പുഴ: സിപിഐ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും, സര്‍ക്കാരിനും, സിപിഎമ്മിനും രൂക്ഷ വിമര്‍ശനം. പ്രധാനമായും ആഭ്യന്തരം, വ്യവസായം വകുപ്പുകള്‍ക്കെതിരെയാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. ആഭ്യന്തരവകുപ്പ് പരാജയമാണെന്നും, പിണറായി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും ആവശ്യം ഉയര്‍ന്നു. സംസ്ഥാനത്ത് കൊലപാതകം, ക്വട്ടേഷന്‍, ലഹരി മരുന്ന് മാഫിയകള്‍ വളരുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തീരെ മോശമാണ്. വിലക്കയറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാതെ കാഴ്ചക്കാരാകുകയാണ്.
വ്യവസായ വകുപ്പിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ടി. വി തോമസ് സ്ഥാപിച്ച വ്യവസായങ്ങള്‍ വ്യവസായ വകുപ്പ് ചുമതല വഹിച്ച സിപിഎം, ലീഗ് മന്ത്രിമാര്‍ പൂട്ടുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കയര്‍ മേഖലയില്‍ വ്യവസായ മന്ത്രി പൂര്‍ണ പരാജയമാണ്. പി.രാജീവ് കയര്‍വകുപ്പ് ചുമതല ഒഴിയുന്നതാണ് നല്ലത്. കയര്‍ ഉല്പാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാന്‍ കഴിയും എന്നു വരെ ചിലര്‍ പറഞ്ഞു.
എക്സല്‍ ഗ്ലാസസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു. കരിമണല്‍ ഖനനത്തിനതിരെ സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചു. കരിമണല്‍ ഖനനം അവസാനിപ്പിക്കണം. ഈ വിഷയത്തിലെ സിപിഎം നിലപാടുകള്‍ തിരുത്തണം. ജില്ലയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് കരിമണല്‍ ഖനനമെന്നും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നാണ് പ്രധാന ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: