അമ്പലപ്പുഴ: ബോട്ടുകളില്‍ നിരോധിത പെലാജിക് വല ഉപയോഗം വ്യാപകം. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നിലക്കുന്നു. കടലിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ചെറുമീനുകളടക്കം വ്യാപകമായി പെലാജിക് വല ഉപയോഗിച്ച് പിടികൂടിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 1984ല്‍ ഇത്തരം വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നിരോധിച്ചത്. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതു മൂലം പ്രതിസന്ധിയിലായത് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്.
രണ്ട് ബോട്ടുകള്‍ക്കിടയില്‍ അര കി.മീറ്ററിലധികം ദൂരത്തില്‍ പെലാജിക് വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുമ്പോള്‍ വലിയ മീനുകളെ വളര്‍ച്ചയെത്താത്ത ചെറുമീനുകളും ഇത്തരം വലയില്‍ കുടുങ്ങും. അയല, കണവ, നെയ്മീന്, ആവോലി തുടങ്ങിയ മുന്തിയ ഇനം മത്സ്യങ്ങള്‍ പിടികൂടുമ്പോള്‍ ഇതിനൊപ്പം പിടികൂടുന്ന ചെറു മീനുകളെ വളമാക്കി മാറ്റാനാണ് ഉപയോഗിക്കുന്നത്. ഇതാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നത്.പ്രതിദിനം മൂവായിരം മുതല്‍ 15,000 രൂപാ വരെ ചെലവില്‍ മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്ന പരമ്പരാഗത വള്ളങ്ങള്‍ക്ക് പലപ്പോഴും ഒന്നും കിട്ടാറില്ല.
മീന്‍ ലഭിച്ചാല്‍ പോലും വില കിട്ടാത്തതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. മണ്ണെണ്ണ ഒരു ലിറ്ററിന് കരിഞ്ചന്തയില്‍ നിന്ന് 300 രൂപ വരെ മുടക്കിയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത്. പെലാജിക് വല ഉപയോഗിച്ചുള്ള ബോട്ടുകളുടെ മത്സ്യ ബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കിയിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: