ശതകോടികളുടെ അഴിമതിക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് ഭാരതരത്ന അവാര്‍ഡിന് അര്‍ഹതയുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പക്ഷം. ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തിയതിനാണ് ഈ അവാര്‍ഡ് നല്‍കേണ്ടതെന്നും കെജ്രിവാള് പറയുന്നു. മറ്റാരും കൊടുക്കാനില്ലാത്തതിനാല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തന്നെ സിസോദിയയുടെ ഭരണ നേട്ടങ്ങള്‍ ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്ക് പത്രപരസ്യമായി നല്‍കുന്നുമുണ്ട്. ദല്‍ഹിയിലെ മദ്യനയം വിവാദമാവുകയും കേസ് ശക്തമാവുകയും ചെയ്തതോടെ മാധ്യമങ്ങള്‍ക്കുള്ള പരസ്യ വിതരണം ദല്‍ഹി സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വികസനം സംബന്ധിച്ച് അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവുമാണ് അടുത്തിടെ വിവാദമായത്. ദല്‍ഹി മയൂര്‍ വിഹാറിലെ സ്വകാര്യ സ്കൂളില്‍ വെച്ചെടുത്ത ചിത്രം ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളിന്റെയാണെന്ന തരത്തില്‍ വിദേശ മാധ്യമങ്ങളില്‍ സിസോദിയയും സംഘവും പ്രചരിപ്പിച്ചു എന്നാണ് ആരോപണം. യുഎസിലെ ന്യൂയോര്‍ക്ക് ടൈംസിനും ഗള്‍ഫ് മേഖലയിലെ ഖലീജ് ടൈംസിനും ഒരേ സമയം ഒരേ ഫോട്ടോ ഉപയോഗിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ആപ്പിന്റെ മീഡിയാ മാനേജ്മെന്റ് സംവിധാനത്തിന് സാധിക്കുന്നുവെന്നത് നിസാര കാര്യമല്ല. പ്രതിവര്‍ഷം ആപ്പ് സര്‍ക്കാര്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്കുന്ന പരസ്യതുക 400 കോടിക്ക് മേലാണ്. പഞ്ചാബ് സര്‍ക്കാര്‍ കൂടി പരസ്യം നല്‍കിത്തുടങ്ങിയതോടെ ഇത്തവണ ഇത് 750 കോടി വരെ എത്തിയേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ സ്വാഭാവികമായും കെജ്രിവാളിനും കൂട്ടര്‍ക്കുമെതിരെ ഉയര്‍ന്നുവന്ന മദ്യനയ അഴിമതി വാര്‍ത്തയേ അല്ലാതാവാനുള്ള സാധ്യതകള്‍ ശക്തമാണ്. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ദല്‍ഹി സര്‍ക്കാരിനെയും സിസോദിയയെയും വേട്ടയാടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇതിനകം ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ വിതരണം ചെയ്യുന്ന ചുമതലയുള്ള വിജയ് നായര്‍ അടക്കം മദ്യനയ കേസില്‍ സിബിഐ എഫ്ഐആറില്‍ പേര് വന്ന സാഹചര്യത്തില്‍ കെജ്രിവാളിനും കൂട്ടര്‍ക്കുമുള്ള മാധ്യമസഹായം വര്‍ദ്ധിക്കുക തന്നെ ചെയ്യും.
നുണ പ്രചാരണത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയുമുള്ളവരാണ് ആംആദ്മി പാര്‍ട്ടി നേതാക്കള്‍. പച്ചക്കള്ളം തുടര്‍ച്ചയായി പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയികളാണവര്‍. സിസോദിയയോട് ബിജെപിയില്‍ ചേരാനാവശ്യപ്പെട്ടെന്നും നിഷേധിച്ചതിനാലാണ് സിബിഐ കേസെടുത്തതെന്നുമാണ് പുതിയ പ്രചാരണം. 8,000 കോടി രൂപയുടെ അഴിമതി ആരോപണം ബിജെപി ഉന്നയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് സിസോദിയയുടെ ഈ നാടകം. സിബിഐ കേസെടുത്തതിന് പിന്നാലെ സിസോദിയയ്ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന മറ്റൊരു കള്ളവും ആപ്പ് പ്രചരിപ്പിക്കുന്നുണ്ട്. രാജ്യം വിടാന്‍ സാധ്യതയുള്ള, കേസിലെ മറ്റ് എട്ടു പ്രതികള്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടിസെന്നും സിസോദിയയ്ക്കെതിരെ അത്തരത്തില്‍ നോട്ടീസുകളില്ലെന്നും സിബിഐ വ്യക്തമാക്കി. കേസിലെ രണ്ട് പ്രതികള്‍ വിദേശത്തേക്ക് ഇതിനകം തന്നെ കടന്ന പശ്ചാത്തലത്തിലായിരുന്നു സിബിഐയുടെ നോട്ടീസ്.
കഴിഞ്ഞ അഞ്ചാറു കൊല്ലത്തെ ഭരണകാലത്ത് ഒരാള്‍ക്ക് പോലും വൈദ്യുതി കണക്ഷന് അധികം നല്‍കാത്ത സര്‍ക്കാരാണ് ആപ്പിന്റേത്. എന്നാല്‍ സൗജന്യ വൈദ്യുതിയെന്ന പ്രചാരണത്തിലൂടെ അവര്‍ ഭരണരംഗത്തെ പോരായ്മകള്‍ മറികടക്കുന്നു. ഒരു ആശുപത്രി പോലും ഇത്ര വര്‍ഷത്തിനിടെ പുതുതായി പണികഴിപ്പിക്കാന്‍ ആപ്പ് സര്‍ക്കാരിന് സാധിച്ചില്ല. ഒരു ആംബുലന്‍സ് പോലും പുതുതായി വാങ്ങിയിട്ടില്ല. ഒരു പുതിയ പാലമോ, നല്ല റോഡുകളോ നിര്‍മ്മിക്കാന്‍, ജലക്ഷാമം കൊണ്ട് പൊറുതി മുട്ടുന്ന ദല്‍ഹി നിവാസികള്‍ക്കായി പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്താന്‍ ഒന്നും ദല്‍ഹി സര്‍ക്കാരിന് സാധിച്ചിട്ടില്ല. രാജ്യതലസ്ഥാനമെന്ന നിലയില്‍ ലഭിക്കുന്ന വലിയ നികുതി തുക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനായി സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം തുടങ്ങിയവയുമായി പ്രചാരണ രംഗത്തു മാത്രമാണ് ആപ്പിന്റെയും കെജ്രിവാളിന്റെയും സാന്നിധ്യം.
ദല്‍ഹി മദ്യനയം സംബന്ധിച്ച സിബിഐ കേസ് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് ആംആദ്മി പാര്‍ട്ടിയേയും സര്‍ക്കാരിനെയും തള്ളിയിട്ടിരിക്കുന്നത്. രാജ്യത്തെ അഴിമതിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച കൂട്ടായ്മയുടെ തനിനിറം പുറത്തുവരുമ്പോള്‍ അഴിമതിവിരുദ്ധ പോരാളി കെജ്രിവാള് തനിക്കൊപ്പമുള്ള അഴമതിക്കാരെ മുഴുവന്‍ സംരക്ഷിക്കാന്‍ പെടാപ്പാടു പെടുകയാണ്.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് പുറമേ മുന്‍ എക്സൈസ് കമ്മീഷണര്‍ അര്‍വാ ഗോപി കൃഷ്ണ, മുന്‍ ഡപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് തീവാരി, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പങ്കജ് തിവാരി, ഒണ്‍ലി മച്ച് ലൗഡര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി മുന്‍ സിഇഒ വിജയ് നായര്‍, പെര്‍നോഡ് റിച്ചാര്‍ഡ് ജീവനക്കാരന് മനോജ് റായ്, ബ്രിണ്ട്കോ സെയില്‍ പ്രവൈറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അമന്‍ദീപ് ധല്‍, ഇന്‍ഡോ സ്പിരിറ്റ് ഗ്രൂപ്പ് എംഡി സമീര്‍ മഹേന്ദ്രു, ബഡ്ഡി റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ അമിത് അറോറ, ദിനേശ് അറോറ മഹാദേവ് ലിക്കേഴ്സിന്റെ സണ്ണി മാര്‍വ, അരുണ്‍ രാമചന്ദ്രന് പിള്ള, അര്ജുന് പാണ്ഡെ എന്നിവരും സിബിഐ എഫ്ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുംബൈ ആസ്ഥാനമായ ഒണ്‍ലി മച്ച് ലൗഡര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ആംആദ്മി പാര്‍ട്ടിയുടെ പരസ്യങ്ങളും മറ്റും മാധ്യമങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലും വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാര്‍. ആപ്പിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളും ഇവരാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെയെല്ലാം ചുമതലക്കാരനാണ് വിജയ് നായര്‍. സ്ഥാപനത്തിലെ നിരവധി സ്ത്രീകള്‍ ലൈംഗിക പീഡന പരാതികള്‍ നല്‍കിയിട്ടും വിജയ് നായരെ സംരക്ഷിച്ചു കൂടെ നിര്‍ത്തിയ കെജ്രിവാളും സംഘവും പാര്‍ട്ടിയിലെ നിര്‍ണ്ണായക ഫണ്ട് മാനേജ്മെന്റിന്റെ ചുമതലകളാണ് ഇയാള്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച വിവാദ മദ്യനയത്തോടെ ദല്‍ഹിയിലെ മദ്യവില്‍പ്പന മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്മാറുകയും സ്വകാര്യ മേഖലയ്ക്ക് മുഴുവനും വിട്ടു നല്‍കുകയും ചെയ്തു. ഇതോടെ കൂണുപോലെ മുളച്ചുപൊങ്ങിയ മദ്യവില്‍പ്പന ശാലകള്‍ ആപ്പിന്റെ വികല നയത്തിന്റെ ഉദാഹരണമായി മാറി. കോടികളുടെ നികുതി ലഭിക്കുന്ന എക്സൈസ് മേഖല സ്വകാര്യ വ്യക്തികള്‍ക്കായി വിട്ടുനല്‍കിയതില്‍ വലിയ അഴിമതിയാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പിനായി ഒഴുക്കിയ പണം ഈ മദ്യനയത്തിലൂടെ ലഭിച്ചതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനായി ശതകോടികള്‍ ചെലവഴിക്കാനുള്ള ശേഷിയും ആപ്പ് നേതൃത്വത്തിനുണ്ട്. ഇതിലേക്കെല്ലാം അന്വേഷണം നീളുമെന്ന ഭയമാണ് ഇന്ന് ആംആദ്മി പാര്‍ട്ടിയേയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും പിടികൂടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: