കൊല്ലം: കൊല്ലം-മടത്തറ പാരിപ്പള്ളി റൂട്ടില്‍ കോവിഡിനു ശേഷം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിച്ചതോടെ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് കെഎസ്ആര്‍ടി സി ജീവനക്കാര്‍ക്ക് ഭീഷണിയും അസഭ്യവര്‍ഷവും ആക്രമണവും. ഈ റൂട്ടിലെ സര്‍വീസുകളില്‍ ബഹുഭൂരിപക്ഷവും വനിതാ കണ്ടക്ടര്‍മാരാണ് ജോലി നോക്കുന്നത്. ഇത്തരം ഭീഷണികള്‍ മൂലം വനിതാ ജീവനക്കാര്‍ ഈ റൂട്ടുകളില്‍ ജോലിക്ക് വരാന്‍ വിമുഖത കാട്ടുകയാണ്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നോ,മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നോ യാതൊരുവിധ സംരക്ഷണവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ലഭിക്കുന്നില്ല.
കഴിഞ്ഞ ദിവസം ദില്ലൂസ് എന്ന സ്വകാര്യ ബസ് ഉച്ചയ്ക്ക് 12 മണിക്ക് ചിതറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം വച്ച് കെഎസ്ആര്‍ടി ബസുമായി തട്ടി. തുടര്‍ന്ന് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താനെന്ന പേരില്‍ വനിത കണ്ടക്ടറെ ഉള്‍പ്പടെ രാത്രി ഒന്‍പതു വരെ വളവുപച്ച സ്റ്റേഷനില്‍ ഇരുത്തി. രാത്രി 10 മണിക്ക് മാത്രമാണ് ജീവനക്കാര്‍ക്ക് ചടയമംഗലം ഡിപ്പോയില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. രാത്രി ഏഴിന് തീരുന്ന ഡ്യൂട്ടിയിലാണ് ജീവനക്കാരെ പോലീസ് സ്റ്റേഷനില്‍ ഇത്രയും സമയം പിടിച്ച് ഇരുത്തിയത്. ഈ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കോ, ആളപായമോ ഒന്നുമില്ലാതിരുന്നിട്ടും വനിത ജീവനക്കാരിയെ ഉള്‍പ്പടെ മണിക്കൂറുകളോളം സ്റ്റേഷനില്‍ പിടിച്ചിരുത്തി.
സമാനമായ അപകടങ്ങളും ഭീഷണികളുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ സ്റ്റേഷനില്‍ 3 കേസുകള്‍, ചടയമംഗലം-1, പള്ളിക്കല്‍-2, പാരിപ്പള്ളി-1 ചാത്തന്നൂര്‍- സ്റ്റേഷനുകളില്‍-കേസുകള്‍ ഉണ്ടായിരിക്കേ ചാത്തന്നൂരില്‍ ഒഴികെ മറ്റൊരിടത്തും കേസുകളില്‍ യാതൊരു തുടര്‍ നടപടിയും സ്വീകരിച്ചിട്ടില്ല. ചാത്തന്നൂര്‍ സ്റ്റേഷനിലെ കേസില്‍ നിരപരാധിയായ കെഎസ് ആര്‍ടിസി ഡ്രൈവര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുക്കുകയും എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടേയും, ഫോറന്‍സിക്ക് പരിശോധനയിലൂടെയുമാണ് ഡ്രൈവറുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചത്. ഈ സാഹചര്യം തുടര്‍ന്നാല്‍ സര്‍വീസ് നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു.
കൊല്ലം-പാരിപ്പള്ളി-മടത്തറ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കും ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്കാന് ആഭ്യന്തരവകുപ്പും മറ്റ് വകുപ്പ് മേധാവികളും തയ്യാറാകണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് യോഗം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ വിവിധ സ്റ്റേഷനുകളില്‍ കൊടുത്തിരിക്കുന്ന കേസുകളില്‍ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രസിഡന്റ് ടി. പ്രദീപ്, സെക്രട്ടറി റിഞ്ചു വി.എല്‍, ജോ. സെക്രട്ടറി വി.വിനു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: