കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) 1964ല്‍ രൂപീകൃതമായതിനുശേഷം അതിന്റെ ഓഫീസുകളില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തിയത് 2021 ഓഗസ്റ്റ് 15 മുതലാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇത്തരം രാജ്യ സ്നേഹ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണ്. എങ്കിലും, സ്വാതന്ത്ര്യസമര ചരിത്രത്തിലും തുടര്‍ന്നുള്ള ഭാരതത്തിന്റെ വളര്‍ച്ചയിലും വിവിധ അവകാശ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ നാടെങ്ങും ദേശിയപതാക ഉയര്‍ത്തുന്നത്തിന്റെ ഉദ്ദേശ ശുദ്ധിയും ആത്മാര്‍ത്ഥതയും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തെ വിശകലനം ചെയ്യുമ്പോള്‍ സംശയാസ്പദമാണ്.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഏകഭാരതം എന്ന ആശയത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും പിന്തുണച്ചിട്ടില്ല. ഗാന്ധിയന്‍ പ്രസ്ഥാനത്തെ ഒരു ബൂര്‍ഷ്വാ സമരമായും 1947 ആഗസ്റ്റ് 15ലെ അധികാര കൈമാറ്റത്തെ കൊളോണിയലിസത്തില്‍ നിന്നും നവ കൊളോണിയലിസത്തിലേക്കുള്ള മാറ്റമായും മാത്രമാണ് അവര്‍ കണ്ടത്. 1940-ല്‍ മുസ്ലീം ലീഗിന്റെ ലാഹോര്‍ കണ്‍വെന്‍ഷനില്‍ പാകിസ്ഥാന് പ്രമേയം പാസാക്കിയപ്പോള്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മുസ്ലീം ലീഗ് ഉന്നയിച്ച പാകിസ്ഥാന് ആവശ്യത്തെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണച്ചു.
മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം ലീഗിന്റെ പാക്കിസ്ഥാനുവേണ്ടിയുള്ള മുറവിളി ചൂടുപിടിക്കുകയും 1942 ആഗസ്റ്റിലെ ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് ദേശിയ നേതാക്കള്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അന്നത്തെ സിപിഐ പാര്‍ട്ടി സെക്രട്ടറി ഗംഗാധര്‍ അധികാരി തയ്യാറാക്കിയ പ്രബന്ധം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യ എന്നൊരു രാഷ്ട്രം ഇല്ലെന്നും, ഇന്ത്യ ശരിക്കും പതിനെട്ടോളം വ്യത്യസ്ത ‘ദേശീയത’കളുടെ കൂട്ടായ്മയാണെന്നും, ഈ ഓരോ ദേശീയതയ്ക്കും ഭാരതത്തില്‍ നിന്ന് വേര്‍പിരിയാന്‍ അവകാശമുണ്ടെന്നുമായിരുന്നു പ്രബന്ധത്തിന്റെ സാരം.
കമ്മ്യൂണിസ്റ്റുകളുടെ തീരുമാനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ചുള്ള ഒരു ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നില്ല. 1941-ല്‍ ഹിറ്റ്ലര്‍ തന്റെ പഴയ സഖ്യകക്ഷിയായ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍, ഒറ്റരാത്രികൊണ്ട് നാസിസത്തിനെതിരായ പോരാട്ടം എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും ജനകീയ യുദ്ധമായി മാറി. ബ്രിട്ടീഷ് അധികാരികളുടെ പൂര്‍ണ്ണ അറിവോടെ സോവിയറ്റ് യൂണിയന് നിര്‍ദ്ദേശ പ്രകാരം ഭാരതത്തിലേക്ക് യാത്ര ചെയ്ത ലാര്ക്കിന് എന്ന ആച്ചര്‍ സിംഗ് ചിന്നയാണ് മോസ്കോയില്‍ നിന്നുള്ള നിര്‍ദ്ദേശം ഭാരതത്തില്‍ നടപ്പിലാക്കിയത്. ഇന്ത്യയില്‍, കമ്മ്യൂണിസ്റ്റുകളുടെ ‘പിതൃരാജ്യമായ’ സോവിയറ്റ് റഷ്യ ബ്രിട്ടന്റെ സഖ്യകക്ഷിയായിരുന്നതിനാല്‍, കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദേശീയ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുഖ്യധാരയില്‍ നിന്ന് സ്വയം ഒറ്റപ്പെടണമെന്നും ബ്രിട്ടനെ ഒരു സൗഹൃദ ശക്തിയായി കാണണമെന്നും തീരുമാനമെടുത്തു. പാര്‍ട്ടി അടവുനയം എന്ന് ഓമനപേരില്‍ വിളിക്കുന്ന ഇത്തരം അവസരവാദ നിലപാടുകള്‍ ഒരു വിദേശശക്തിയുടെ നിര്‍ദേശമനുസരിച്ച് സ്വീകരിക്കുന്നതായിരുന്നു. സ്വന്തം രാഷ്ട്രത്തിന്റെ ദേശീയ താല്‍പ്പര്യങ്ങളെ ബലി കഴിച്ചു കൊണ്ട് അന്നത്തെ സിപിഐ നേതാക്കള്‍ നിലപാടുകള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം, 1948-ല്‍, അവിഭക്ത സിപിഐ ‘യേ ആസാദി ജൂതി ഹേ (ഈ സ്വാതന്ത്ര്യം വ്യാജമാണ്)’ എന്ന മുദ്രാവാക്യം ഉയര്‍ത്തി, ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം’ ‘അഹിംസാത്മക’ സമരത്തിലൂടെ നേടിയെടുക്കാന്‍ കഴിയില്ലെന്ന് ആഹ്വനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി രണദിവയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കല്‍ക്കട്ട തിസിസിലെ ആശയങ്ങള്‍ എതിരഭിപ്രായം ഉണ്ടായിരുന്നവരുടെയെല്ലാം വായടപ്പിച്ചു. 1935 മുതല്‍ 1947 വരെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി.സി. ജോഷി അടക്കമുള്ളവരുടെ പുറത്താക്കലിന് പുതിയ നയം കാരണമായി.
1959-ല്‍ ടിബറ്റില്‍ ചൈനീസ് അധിനിവേശമുണ്ടായപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ചൈനയെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണച്ചു. 1959 മാര്‍ച്ച് 31ന് അവിഭക്ത സിപിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ ടിബറ്റന്‍ ജനതയെ ‘മധ്യകാല അന്ധകാരത്തില്‍’ നിന്ന് മോചിപ്പിച്ചതിന് ചൈനയെ പ്രശംസിക്കുകയും ഇന്ത്യന്‍ പിന്തിരിപ്പന്മാരുടെയും പാശ്ചാത്യ സാമ്രാജ്യത്വവാദികളുടെയും പിന്തുണയോടെ നടക്കുന്ന ഒന്നായി സ്വയം ഭരണത്തിന് ‘വേണ്ടിയുള്ള ടിബറ്റന്‍ ജനതയുടെ ശ്രമങ്ങളെ കുറ്റപ്പെടുത്തുകയുമാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്. ടിബറ്റന്‍ ജനതയ്ക്കുണ്ടായ ദുരവസ്ഥയ്ക്ക് നേരെ കണ്ണടച്ച ഭാരതപ്രധാനമന്ത്രി നെഹ്റുവും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ലയെന്നത് മറ്റൊരു ചരിത്ര വസ്തുതയാണ്.
1962-ലെ ഭാരത-ചൈന യുദ്ധത്തില്‍ രാജ്യം പോരാടിയപ്പോള്‍ സിപിഐ പരസ്യമായി ചൈന അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പരിക്കേറ്റ ജവാന്മാര്ക്ക് രക്തം ദാനം ചെയ്യുന്നതിനെ പോലും പാര്‍ട്ടി എതിര്‍ത്തു, അതിനെ ‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം’ എന്ന് വിളിച്ചു. കമ്മ്യൂണിസ്റ്റ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് ചൈനയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ചൈനയുടെ നുഴഞ്ഞുകയറ്റത്തെ ‘ആക്രമണാത്മക’ നടപടിയെന്ന് വിളിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ഇന്ത്യയോട് ശാന്തരാകാനും സമാധാനത്തിനും ചര്‍ച്ചകള്‍ക്കും ആഹ്വാനം ചെയ്യാനും ആവശ്യപ്പെട്ടു. നമ്പൂതിരിപ്പാട് എഴുതി: ”നമ്മുടെ രാജ്യത്തെ ഭരണവര്‍ഗങ്ങളുടെ വര്‍ഗനയമാണ് അവരെ ടിബറ്റന്‍ പ്രതിവിപ്ലവകാരികളുടെ സഖ്യകക്ഷികളാക്കിയതും, അതാണ് ഇന്ത്യ ചൈന ബന്ധത്തെ വഷളാക്കിയതെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്ന് നടക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. 1962 ഒക്ടോബറിലെ ചൈനീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം അതിനു മുമ്പുള്ള ആഴ്ചകളില്‍ വളരെ പ്രകോപനപരമായ മനോഭാവം സ്വീകരിച്ച ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിനും പങ്കുണ്ടെന്ന ഞങ്ങളുടെ വീക്ഷണം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു.”
1975നും 1977നും ഇടയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഭാരതത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയുടെ നികൃഷ്ടമായ പദ്ധതികളെ പരസ്യമായി പിന്തുണച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അടിയന്തരാവസ്ഥ നിലവില്‍ വന്നയുടനെ സിപിഐ(എം) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു ‘നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസന്നമായ ഭീഷണിയെ ചെറുക്കുന്നതിന് വേഗത്തിലുള്ളതും ഉറച്ചതുമായ നടപടികള്‍ പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത പൂര്‍ണ്ണമായി മനസ്സിലാക്കിയതിനാലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പിന്തുണ നല്‍കിയത്.’
2017-ല്‍ ചൈനയുമായുള്ള ഡോക്ലാം തര്‍ക്കത്തിനിടെ, സിപിഐ (എം) അവ്യക്തമായ ഒരു നിലപാട് സ്വീകരിച്ചു, അത് പ്രധാനമായും ചൈനീസ് യജമാനന്മാരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. സിപിഐ(എം) ജേര്‍ണലായ ‘പീപ്പിള്‍സ് ഡെമോക്രസി’ യുടെ എഡിറ്റോറിയലില്‍ ഇപ്രകാരം എഴുതി-‘1984 മുതല്‍ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഭൂട്ടാന് ചൈനയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഡോക്ലാം പീഠഭൂമിയിലും മറ്റ് തര്‍ക്ക പ്രദേശങ്ങളിലും ചൈനയുമായി ചര്‍ച്ച നടത്താന്‍ ഭൂട്ടാനെ ഇന്ത്യ അനുവദിക്കുന്നതാണ് നല്ലത്. ഭൂട്ടാന്റെ നിലപാടിന് പിന്തുണ നല്കാന് ഇന്ത്യക്ക് കഴിയും.’ ഭാരതത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച ഭൂട്ടാന്റെ നിലപാടിനെ വരെ തള്ളിയായിരുന്നു ഇത്തരത്തിലുള്ള സമീപനം കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചത്. ഗാല്‍വാന്‍ താഴ്വരയില് ചൈന-ഭാരത സൈന്യങ്ങള്‍ അക്രമാസക്തമായ സാഹചര്യത്തില്‍ നിലയുറപ്പിച്ചതിനു ശേഷം, 2020 ജൂണ്‍ 16ന് സിപിഐ (എം) ഒരു പ്രസ്താവനയുമായെത്തി, അതില്‍ അയല്‍രാജ്യത്തെ വിമര്‍ശിച്ചില്ല. പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു,
‘എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിന് ആധികാരികമായ പ്രസ്താവന ഇന്ത്യാ ഗവണ്മെന്റ് പുറത്തു വിടണം. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ സാഹചര്യം ലഘൂകരിക്കാന്‍ ഇരു സര്‍ക്കാരുകളും ഉടന്‍ തന്നെ ഉന്നതതല ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.’ എന്നാല്‍, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും കമ്മ്യൂണിസ്റ്റുകളുടെ ഇരുവിഭാഗങ്ങളുടെയും നേതാക്കളും അവരുടെ സഖ്യകക്ഷികളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഓണ്‍ലൈന്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) യുടെ നൂറാം വാര്‍ഷികത്തില്‍ അഭിനന്ദിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ രാഷ്ട്ര സ്നേഹം ഭാരതത്തിലെ ഓരോ രാജ്യസ്നേഹിക്കും അപമാനമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച്, നമ്മുടെ 20 ധീര സൈനികര്‍ ഗാല്‍വാനില്‍ ചൈനീസ് പട്ടാളത്തിന്റെ വഞ്ചനയുടെ ഫലമായി വീരമൃത്യുവരിക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നിരപരാധികള്‍ ചൈന വൈറസ് ബാധിച്ച് മരിക്കുകയും ചെയ്യുമ്പോള്‍ ശുദ്ധമായ രാജ്യദ്രോഹമല്ലേ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്.
യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്‍കാലങ്ങളില്‍ ആഗോള കമ്മ്യൂണിസത്തിന്റെ ചാരന്മാരായിരുന്നു, ഇന്ന്, ആഗോള തലത്തില്‍ ഭാരത വിരുദ്ധ, ഹിന്ദു വിരുദ്ധ സഖ്യത്തിന്റെ ചട്ടുകമാണ്. അവര്‍ മാവോയുടെ ചൈനയെ സ്നേഹിക്കുന്നു, എന്നാല്‍ രാമന്റെയും ബുദ്ധന്റെയും ഗാന്ധിയുടെയും അംബേദ്കറുടെയും ഭാരതത്തെ വെറുക്കുന്നു. അവര്‍ ഒരിക്കലും ചൈനയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഭാരതത്തില്‍ ചൈനയുടെ വക്താക്കളാവുന്നു. ടിബറ്റിനെ കീഴടക്കാന്‍ കൂട്ടുനിന്നും, നേപ്പാളിനെ കമ്മ്യൂണിസ്റ്റ് രാജ്യമാക്കിയും, ഭൂട്ടാനിലും, മ്യാന്മാറിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിലും ഉള്‍പ്പടെ ഭാരതത്തിന്റെ അതിര്‍ത്തിയിലെല്ലാം ചൈനീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ‘ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു’ എന്ന പേരില്‍ വിമര്‍ശിച്ച് പ്രചരണം നടത്തുന്നു. ഇത് പണത്തിനു വേണ്ടിയാണോ? 80 ദശലക്ഷം സ്വന്തം ജനങ്ങളെ കൊന്നൊടുക്കിയ മാവോയുടെ പാര്‍ട്ടിയോടുള്ള സ്നേഹമാണോ? ഇത്തരക്കാര്‍ക്ക് ചൈനയില്‍ നിന്ന് ലോകം നേരിടുന്ന ഭീഷണി തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണോ. അതോ മസ്തിഷ്ക മരണം സംഭവിച്ചവരാണോ? ഇവര്‍ ഏതുതരം ഇന്ത്യക്കാരാണ്? സത്യത്തില്‍, അവര്‍ ചൈനയിലിരുന്നുകൊണ്ട് ഇന്ത്യയോട് ഇത്തരത്തില്‍ സ്നേഹം കാണിച്ചിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ഭാരതത്തിന്റെ ജനാധിപത്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍.
ചുരുക്കത്തില്‍, സ്വാതന്ത്ര്യത്തിനുമുമ്പു മുതല്‍ ഇന്നുവരെയുള്ള ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍, ഭാരതത്തിന്റെ ദേശീയ താല്‍പ്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം അവരുടെ ആഗോള യജമാനന്മാരുടെ താല്പര്യങ്ങള്ക്കായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. എപ്പോഴൊക്കെ അവര്‍ ദേശീയ താല്‍പ്പര്യങ്ങളുമായി യോജിച്ചുവോ, അതൊക്കെ അവരുടെ അന്തര്‍ദേശീയ വിധേയത്വത്തിന് ഹാനികരമല്ലാത്തപ്പോള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: