കൊച്ചി : സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസില്‍ തെളിവുകളില്ല. ആരോപണം വ്യാജമാണെന്ന് പോലീസ്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരാണ്. ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. കേസ് അവസാനിപ്പിക്കാന്‍ അനുമതിക്കായി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്കി.
സംവിധായകനെതിരെയുള്ള ബലാത്സംഗ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിലീപിന്റെ മുന്‍ മാനേജറും ഓണ്‍ലൈന്‍ മീഡിയ പ്രവര്ത്തകര്ക്കുമെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരാണ്. സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍ പരാതിക്കാരിക്ക് പണം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പോലീസിനെയും കോടതിയെയും കബളിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം തെറ്റായാണ് നല്‍കിയത്. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹം അടക്കമുള്ള കാര്യങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ല.
അഞ്ചോളം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത്. ദിലീപിന്റെ മുന്‍ മാനേജര്‍ വ്യാസന് എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. ഇവര്‍ക്ക് ഇതിന് പണം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പരാതി വന്നത് മുതല്‍ പരാതിക്കാരിയെ കൊച്ചിയിലെ അവരുടെ സ്ഥാപനത്തില്‍ എത്തി കണ്ടവരുടെ അടക്കം പേര് വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിക്ക് സമന്‍സ് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇവര്‍ ഒളിവിലാണെന്നാണ് കരുതുന്നത്. ഇവര്‍ക്കെതിരെ കോടതിക്ക് ആവശ്യമെങ്കില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് സംവിധായകനതിരെ പീഡനാരോപണം ഉയര്‍ന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എറണാകുളത്തെ വീട്ടില്‍ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. തന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ എളമക്കര പോലീസാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: