കൊച്ചി: സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ഇതോടെ വി സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കും. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. വി സി നിയമനത്തിനുള്ള സമിതിയുടെ ഘടന മാറ്റുന്നതിനാണ് പ്രധാനമായും ബില്ല് കൊണ്ടുവരുന്നത്. ഇതിനൊപ്പമാണ് ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരവും ഏടുത്തു കളഞ്ഞത്. ഇനിമുതല്‍ ഈ അംഗത്തെ ശുപാര്‍ശ ചെയ്യുന്നത് സര്‍ക്കാരായിരിക്കും.
സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് പുതിയ ബില്ല് തയ്യാറാക്കിയത്.
ഗവര്‍ണറുടെ നോമിനി, യുജിസി നോമിനി, സര്‍വകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് നിലവില്‍ വിസിയുടെ പാനല്‍ തയ്യാറാക്കി ഗവര്‍ണര്‍ക്ക് നല്‍കുന്നത്. ചാന്‍സലറായ ഗവര്‍ണര്‍ പാനലില്‍ നിന്ന് ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: