ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറുകയാണ് തമിഴ്‌നാട്ടിലെ സിരതമൂര്‍ ഗ്രാമം. എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യുന്ന അപൂര്‍വ്വമാതൃകയാണ് ചെങ്കല്‍പേട്ട് ജില്ലയിലെ സിരതമൂര്‍ ഗ്രാമം.
മുന്നൂറ് കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കര്‍ഷകരായ ഈ ഗ്രാമീണര്‍ എല്ലാ ദിവസവും ഗ്രാമം വൃത്തിയാക്കിയശേഷം ദേശീയപതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും. 2017 മുതല്‍ ഗ്രാമവാസികള്‍ സ്ഥിരമായി പതാക ഉയര്‍ത്തി ആദരവ് പ്രകടിപ്പിച്ചതിനു ശേഷമാണ് അവരുടെ ദിവസം ആരംഭിക്കുന്നത്.
ദേശീയഗാനം ആലപിക്കുമ്പോള്‍ വയലില്‍ പണിയെടുക്കുന്നവരും കന്നുകാലികളെ മേയ്‌ക്കുന്നവരും കുട്ടികളുമൊക്കെ ചെയ്യുന്ന ജോലികള്‍ നിര്‍ത്തി ആദരവ് പ്രകടിപ്പിക്കും. രാവിലെ പതാക ഉയര്‍ത്തുന്ന സ്ഥലം വൃത്തിയാക്കിയ ശേഷമാണ് ബാക്കിയുളള കാര്യങ്ങള്‍ ആരംഭിക്കുക. മഴയെ വരെ അവഗണിച്ചാണ് ജനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നത്. പ്രായഭേദമന്യ നാട്ടിലെ എല്ലാവരും ഇതില്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗാമവാസിയായ ആര്‍ക്കും രാവിലെ 8.30 ന് പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യാം. ഖാദി നിര്‍മ്മിത പതാകയാണ് ഉപയോഗിക്കുന്നത്.
സാധാരണ സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനുമായിരുന്നു ദേശീയപതാക ഉയര്‍ത്തിയിരുന്നത്. എന്നാല്‍ 2017 മുതല്‍ ഇത് എല്ലാദിവസവുമാക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലം മുതല്‍ ഗ്രാമത്തിലെ ഓരോ കുടുംബത്തില്‍ നിന്നും ഒരു അംഗമെങ്കിലും ഇന്ത്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശം മൂവായിരത്തോളം പേരാണ് നിലവില്‍ സൈന്യത്തിലും നാവികസേനയിലും തമിഴ്‌നാട് പോലീസ് സേനയിലുമായി ജോലി ചെയ്യുന്നത്. ഇവിടുത്തെ താമസക്കാരില്‍ മൂവായിരത്തിലധികം പേര്‍ മുന്‍ സൈനികരാണ്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിരവധി സൈനിക ഗ്രാമങ്ങളുണ്ട്. സൈനികനാവുന്നത് വളരെ അഭിമാനമായിട്ടാണ് ഗ്രാമീണര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: