കാസര്‍കോട്: ഇന്ധനം നിറച്ച വകയില്‍ പെട്രോള്‍ പമ്പുകളില്‍ പോലീസിനുള്ള കടബാധ്യതയ്ക്ക് അടുത്തയാഴ്ചയോടെ പരിഹാരമായേക്കും. താല്ക്കാലികമായ പരിഹാരത്തിന് 40 ലക്ഷം രൂപയാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ പതിനൊന്നോളം പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം കടം വാങ്ങിയ വകയില്‍ ആകെ 85 ലക്ഷം രൂപയാണ് കൊടുക്കാനുണ്ടായത്.
ഇതുഭാഗികമായെങ്കിലും അടുത്ത ആഴ്ചയോടെ ഈ തുക പെട്രോള്‍ പമ്പ് ഉടമകള്‍ക്കു കിട്ടും. എന്നാല്‍ കുടിശിക പിന്നെയും കൂടും. കുടിശിക തുക കിട്ടിയില്ലെങ്കില്‍ ഇന്ധനംനല്കാനാവില്ലെന്ന് ഉടമകള്‍ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. ഇന്ധന ബില്ലുകള്‍ ഉടന്‍ സമര്‍പ്പിക്കുന്നതിന് ജില്ലയിലെ മുഴുവന്‍ ഡിപ്പാര്ട്മെന്റ്വാഹനങ്ങളുടെയും എഴുതി പൂര്‍ത്തീകരിച്ച ജൂലൈ വരെയുള്ള വെഹിക്കിള്‍ ഡയറി പത്തിനകം കാസര്‍കോട് മോട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ ലഭിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
എണ്ണ കിട്ടണമെങ്കില്‍ ഇന്ധന കമ്പനികള്‍ക്ക് മുന്‍കൂറായി പണം ലഭിക്കണമെന്ന വ്യവസ്ഥയാണ് റീട്ടെയില്‍ ഡീലര്‍മാരെ ദുരിതത്തിലാക്കുന്നത്. ഇന്ധനം നിറച്ചതിന് അതത് മാസം പണം കിട്ടിയില്ലെങ്കില്റീട്ടെയില് ഡീലര്‍ക്ക് കമ്പനികളില്‍ നിന്ന് ഇന്ധനം കിട്ടില്ല. ഇതു മറ്റ് ഇടപാടുകാരേയും ബാധിക്കും. അതിനാല്‍ കടം തവണകളായെങ്കിലും കൊടുത്തു തീര്‍ക്കാതെ ഇന്ധനം നല്‍കാനാവില്ലെന്ന നിലപാടിലാണ് പെട്രോള്‍ പമ്പ് ഉടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: