തിരുവനന്തപുരം: വീണ്ടും ആരോഗ്യമന്ത്രിയും ഡോക്ടര്‍മാരും തമ്മില്‍ പോര്. തിരുവല്ല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ ആരോഗ്യമന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളെയും ജനക്കൂട്ടത്തെയും ഉപയോഗിച്ച് വിചാരണ ചെയ്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍. മനഃപൂര്‍വ്വം ഡോക്ടര്‍മാരെ കരിതേച്ച് കാണിക്കുന്നത് ആരോഗ്യ മേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തി ബലിയാടാക്കുന്നുവെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ).
വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യ മാധ്യമ വിചാരണ ചെയ്ത നടപടി അപഹാസ്യവും പ്രതിഷേധാര്‍ഹമാണ്. ഡോക്ടര്‍മാരെയും ആരോഗ്യസ്ഥാപനത്തെയും അവഹേളിക്കാനുള്ള ശ്രമമാണിത്. ആശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് വിവിധങ്ങളായ ഉത്തരവാദിത്തം ഉള്ളവരാണ് ഡോക്ടര്‍മാര്‍ എന്ന അടിസ്ഥാനകാര്യം മന്ത്രി മറച്ചുവയ്ക്കുകയാണ്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. ഒരു മെഡിക്കല്‍ ഓഫീസറോ സൂപ്രണ്ടോ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ നിലവിലില്ല. കൈയടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമ വിചാരണയ്ക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുകയാണ്. ഈ മേഖലയിലുള്ള പരിമിതികള്‍ മറച്ചുവെയ്ക്കുന്നതിനു വേണ്ടിയാണിത്. മാധ്യമ വിചാരണയ്ക്കും പൊതു വിചാരണയ്ക്കും ഡോക്ടറെ വിട്ടുകൊടുത്തത് സാമാന്യ മര്യാദയ്ക്കും മാന്യതയ്ക്കും നിരക്കുന്നതല്ല.
ഡോക്ടര്‍മാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. പിഎസ്സി വെയ്റ്റിംഗ് ലിസ്റ്റില്‍ 3000ത്തോളം ഡോക്ടര്‍മാര്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോഴും പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. എന്തിനും ഏതിനും ഡോക്ടര്‍മാരെ പഴിചാരി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാതെ, ആരോഗ്യമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്കു ന്യായമായ പരിഹാരം കാണണമെന്നുമാണ് ഐഎംഎ വിമര്‍ശിച്ചത്.
മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്പിച്ച് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ശ്രമമാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. സ്ഥാപന മേധാവികള്‍ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നുകള്‍ വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ അല്ല നിലവിലുള്ളത്. മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടര്‍മാര്‍ നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ്. ഇതില്‍ കെജിഎംഒഎ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെജിഎംഒഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഏറെക്കാലമായി ആരോഗ്യമന്ത്രിയും ഡോക്ടര്‍മാരുടെ സംഘടനകളും പരസ്പരം പോരിലാണ്. അന്വേഷണം പോലുമില്ലാതെ അനാവശ്യമായി ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ സംഘടനകള്‍ നേരത്തെ തന്നെ പ്രതിഷേധത്തിലാണ്. ഈ സംഭവം കൂടി ആയതോടെ ഇരുവിഭാഗവും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: