ഗാന്ധിജി, എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞത്, ആത്മകഥയെഴുതിയപ്പോള്‍ ഒരു മുദ്രാവാക്യമിരിക്കട്ടെ എന്നു കരുതിയല്ല. ജീവിച്ചത് അങ്ങനെയായിരുന്നു, അതുകൊണ്ടാണ്. ശുചിത്വം പഠിപ്പിക്കാന്‍ ഗാന്ധിജി കോളനികളില്‍, കക്കൂസ് വൃത്തിയാക്കിക്കൊടുത്ത് മാതൃക കാണിച്ചത്. ആ സന്ദേശം ആ പ്രദേശത്തുകാര്‍, ഉപയോഗിക്കുന്നവര്‍, എങ്കിലും ഉള്‍ക്കൊള്ളട്ടെ, അത് സ്വന്തം കര്‍ത്തവ്യമാണെന്ന് ധരിക്കട്ടെ എന്ന് കരുതിയായിരുന്നു അത്.
പക്ഷേ, ഒരു ദിവസം ഗാന്ധിജി ആ കോളനിയില്‍ ബക്കറ്റും ചൂലമായി എത്താന്‍ വൈകിയത്രേ! അവിടത്തുകാര്‍ വൈകിയതിന് അദ്ദേഹത്തെ വഴക്കുപറഞ്ഞുവത്രേ! അതാണ് ഗാന്ധിയില്‍നിന്ന് ചിലര്‍ പഠിച്ച പാഠം!!! ഇത് സംഭവമോ സങ്കല്‍പ്പമോ എന്നറിയില്ല. പക്ഷേ, സംഭവിക്കാവുന്നതാണ്. പ്രവര്‍ത്തിക്കുക, ശരിയായി പ്രവര്‍ത്തിക്കുക, മറ്റുള്ളവര്‍ക്കും ഗുണകരമായി പ്രവര്‍ത്തിക്കുക എന്നത് ഏത് വ്യക്തിയുടെയും ധര്‍മ്മമാണ്. വ്യക്തി സാധാരണക്കാരനേക്കാള്‍ ഉത്തരവാദിത്തമുള്ളയാളാകുമ്പോള്, അതായത്, പൊതുപ്രവര്‍ത്തകര്‍, ഭരണാധികാരി, സ്ഥാപനത്തിന്റെ തലവര്, നയിക്കുന്നവര്‍, നയം ഉണ്ടാക്കുന്നവര്‍ ഒക്കെയായാല്‍ ഈ ധര്‍മ്മത്തിന്റെ ഉത്തരവാദിത്വം കൂടും. ഗാന്ധിജിക്ക് ആ ഉത്തരവാദിത്വം ഉണ്ടായിരുന്നു. അളവില്‍ കൂടിയും കുറഞ്ഞും മറ്റുപലരിലും അത് കാണാനുണ്ടായിരുന്നു, കാണാനുണ്ട്.
ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം രണ്ടുതരത്തിലുണ്ട്. താല്ക്കാലികവും സ്ഥിരവും. താല്‍ക്കാലിക പരിഹാരങ്ങള്‍ അടിയന്തിര സ്വഭാവമുള്ളതും സ്ഥിരം അനിവാര്യമായതുമാണ്. ആയുര്‍വേദ ചികിത്സയാണ് ഫലപ്രദമെന്ന് അലോപ്പതി ഡോക്ടറും വിധിച്ച രോഗിക്ക് കാല് മുറിഞ്ഞാല്‍ അടിയന്തിര ശസ്ത്രക്രിയയാണ് വേണ്ടതെങ്കില്‍ അതുചെയ്യണം. മറ്റുരോഗത്തിനുള്ള സ്ഥിരമായ ചികിത്സയും നടത്തണം. പക്ഷേ എക്കാലവും താല്‍ക്കാലിക പരിഹാരങ്ങള്‍ കാണുകയും ചെയ്യുകയും അയോഗ്യതയുടെ ലക്ഷണങ്ങളാണ്.
എക്കാലത്തും സൗജന്യങ്ങള്‍ നല്കി ഒരു ജനതയേയും രാജ്യത്തേയും നന്മയിലേക്കും ക്ഷേമത്തിലേക്കും നയിക്കാന്‍ ആര്‍ക്കുമാവില്ല. വെള്ളപ്പൊക്കവും പേമാരിയും പ്രകൃതി ദുരന്തങ്ങളുമുണ്ടാകുമ്പോള് സൗജന്യറേഷന് നല്‍കുന്നത് അത് ശാശ്വത പരിഹാരമല്ല എന്നു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്. അതിനാലാണ് മാസം മുഴുവന്‍ റേഷന്‍വിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്കാന് നമ്മുടെ കാര്‍ഷിക ഉല്‍പ്പാദന സംഭരണ വിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതും വിതരണം നടപ്പാക്കിയതും. നമ്മുടെ സ്വാതന്ത്ര്യം 75 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ 65 വര്‍ഷത്തിലേറെയായി സംഭവിക്കാത്തതരത്തില് ഭക്ഷ്യോല്‍പ്പന്ന ലഭ്യത അര്ഹരായവര്ക്കെല്ലാമായത് ദീര്‍ഘകാല പദ്ധതിയുടെ ലക്ഷ്യം കാണലാണല്ലോ.
എന്നാല്‍, എക്കാലത്തും ‘കിറ്റ്’ നല്‍കാനും അതു മുന്‍കൂര്‍ പ്രഖ്യാപിച്ച അധികാരിയുടെ ദാനശ്രേഷ്ഠതയായി വാഴ്ത്താനും മത്സരിക്കുന്നത് കാഴ്ച്ചപ്പാടിലെ കുറവുതന്നെയാണ്. ജനങ്ങളില്‍നിന്ന് ശേഖരിച്ച് അവര്‍ക്കുതന്നെ വിതരണം ചെയ്യുന്ന സൗജന്യം! അതില്‍പ്പോലും യഥാര്‍ത്ഥ അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് കൊടുക്കാന്‍ കഴിയാത്തതിനാല്‍ സര്‍വര്‍ക്കും കൊടുക്കുന്നത് ഭരണപരമായ രണ്ടാമത്തെ പിടിപ്പുകേട്. വാസ്തവത്തില്‍ സബ്സിഡികള്‍ മാത്രമല്ല, ചില സംവരണങ്ങള്‍ പോലും കാലത്തിനനുസരിച്ച് പുനര്‍ നിര്‍വചിക്കേണ്ട കാലം കഴിഞ്ഞിട്ടുണ്ട്. സംവരണത്തിനുവേണ്ടിവാദിച്ച ഡോ. ഭീം റാവ് അംബേദ്കര്‍തന്നെ സംവരണക്കാര്യത്തില്‍ അങ്ങനെയാണല്ലോ നയനിലപാടുകള്‍ പറഞ്ഞിട്ടുള്ളത്. അത് മറ്റൊരു വിഷയം.
ആസൂത്രണത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. ആസൂത്രണവും അതിന്റെ ആവിഷ്കാരവും പ്രധാനമാണ്. പഞ്ചവത്സര പദ്ധതിയും വാര്‍ഷിക പദ്ധതികളും ത്രിതല പഞ്ചായത്തുകളിലെ ആസൂത്രണവും ആവശ്യമാണ്. പക്ഷേ അഞ്ചുവര്‍ഷക്കാലത്തെ പദ്ധതികള്‍ പലതും നടപ്പാകാതെ വന്നാല്‍, 12 പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ഫലത്തെക്കുറിച്ചുള്ള അവലോകനം നമ്മെ നയിച്ചവരുടെ വീക്ഷണത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തലാവും. കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തില്‍ ആസൂത്രണക്കമ്മീഷന്‍തന്നെ ഇല്ലാതാക്കി, പകരം ‘നിതി ആയോഗ്’ എന്ന സംവിധാനം വന്നു. ജനസംഘത്തിന് മികച്ച സ്വാധീനമുണ്ടായിരുന്ന മൊറാര്‍ജി ദേശായി സര്‍ക്കാരാണ് ആദ്യമായി ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ റദ്ദാക്കിക്കൊണ്ട്, അതിലെ അര്‍ത്ഥശൂന്യത ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിച്ചത്. ജനസംഘം വളര്‍ന്ന് ബിജെപി ആയി, ഭരണം കിട്ടിയപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആ ആസൂത്രണത്തിന് ബദലും അവതരിപ്പിച്ചു. ഭരണ നിര്‍വഹണം തകരുന്നു, തകര്‍ക്കുന്നുവെന്ന് അന്ന് മുറവിളിച്ചവര്‍ക്ക് നിതി ആയോഗ് ഇന്ന് പഥ്യമാണ്, പാഠമാണ്, ലോകത്തിന് മാതൃകയാണ്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസൂത്രണവും പദ്ധതികളും അവയുടെ അംഗീകാരവും മാലപ്പടക്കത്തിന് തിരികൊളുത്തിയതുപോലെ വാര്‍ത്തകളായി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഈ ചിന്തകള്‍ക്ക് പ്രസക്തിയേറെയാണ്. ത്രിതല പഞ്ചായത്ത് സംവിധാനവും പഞ്ചായത്തീരാജ് സംവിധാനവുമുണ്ടായിരിക്കെ അതിനുമുകളില്‍ ജനകീയാസൂത്രണമെന്ന സൂത്രപ്പണികൂടി ആവിഷ്കരിച്ച് നടപ്പാക്കുന്ന നമ്മുടെ പദ്ധതികളുടെ യഥാര്‍ത്ഥ അവസ്ഥയെന്താണ്. എല്ലാറ്റിലും നമ്പര്‍ വണ്‍ എന്ന് പറയുകയും പ്രചരിപ്പിക്കുകയും ഏറ്റുപറയിക്കുകയും ചെയ്യുന്ന നമ്മള് ആത്മപരിശോധനയും സാമൂഹ്യ പരിശോധനയും നടത്താന്‍ തയാറാകുമോ? അത് സത്യസന്ധമായി വേണംതാനും!
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഭരണത്തില്‍ രണ്ടാം അവസരം കിട്ടി, കേരളത്തില്‍ പിണറായി വിജയനും. പക്ഷേ ഭരണത്തിലെ, നടപടികളിലെ, നയങ്ങളിലെ, കാഴ്ച്ചപ്പാടുകളിലെ അന്തരം നോക്കൂ. ഇരട്ടച്ചങ്കും ഇരട്ട എഞ്ചിനും തമ്മിലുള്ള വ്യത്യാസം ചെറുതല്ല. ഇരട്ടച്ചങ്ക്, സ്വന്തം നിലനില്‍പ്പിന് ഉപകരിച്ചേക്കും. ഇരട്ട എഞ്ചിന് തടസമില്ലാത്ത പ്രവര്‍ത്തനത്തിന് സഹായിക്കും. മോദി സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ തുടര്ച്ചപോലുമല്ല, ആശയവും അടിസ്ഥാന ദര്‍ശനവും മാറ്റാതെ, ആസൂത്രണത്തിലും ആവിഷ്കരണത്തിലും പുതിയ തലങ്ങളിലെത്തിക്കൊണ്ടിരിക്കുകയാണ്. ഒരു താരതമ്യത്തിന് ഇത് അവസരമല്ല. പക്ഷേ, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ, ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികളുടെ ആവിഷ്കാരത്തില്‍ ലോകത്തെ അതിശയിപ്പിക്കുകയാണ് മോദി. ഇവിടെയാണെങ്കില്‍ രണ്ടാം വട്ടം കിട്ടിയ അവസരം പാഴാക്കുകയുമാണ്.
പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാ ഭേദങ്ങള്‍, പാര്‍പ്പിട നിര്‍മ്മാണം, നഗര-ഗ്രാമ ആസൂത്രണം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ തുടര്സര്ക്കാരിന് നയമില്ല, ആസൂത്രണമില്ല, ആശയമില്ല. പ്രകൃതി സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ടോ, കസ്തൂരി രംഗന് കമ്മീഷന് റിപ്പോര്‍ട്ടോ നടപ്പാക്കുന്ന കാര്യം വരുമ്പോള്‍ ഇത് കേരളമാണെന്ന വെല്ലുവിളിയില്‍ പശ്ചിമ ഘട്ടത്തില്‍ ചങ്ങല പിടിച്ച് പ്രതിഷേധിക്കുന്ന ആവേശം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വരുമ്പോള്‍ നമ്മള് കാണിക്കുന്നില്ല. ഒരാഴ്ച തുടര്‍ച്ചയായി മഴപെയ്താല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതും കിറ്റ് വിതരണം പ്രഖ്യാപിക്കുന്നതുമല്ല ശാശ്വത പരിഹാരം. കൃഷിനാശം ഉണ്ടായ ശേഷം നഷ്ടപരിഹാരം കിട്ടാന്‍ അപേക്ഷ എഴുതി വാങ്ങുന്നതല്ലല്ലോ, ആസൂത്രണം.
ഈ വര്‍ഷം ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മലയിടിച്ചിലും, കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി സംഭവിച്ച സ്ഥലങ്ങളില്‍, സംഭവിച്ച മാതൃകയില്‍, രീതിയില്‍ത്തന്നെയാണ് പലയിടങ്ങളിലും. ഒരേകുഴിയില്‍ അബദ്ധത്തില്‍പ്പോലും വീഴുന്നത് അസാധാരണമാണ്. പക്ഷേ, അതിലേക്ക് എടുത്തുചാടാന്‍ ആസൂത്രണവും ജനകീയാസൂത്രണവും നടത്തുന്നത് കേരളം മാത്രമായിരിക്കും!! കേരളം ബീഹാറാക്കുന്നുവെന്ന് ഒരിക്കല്‍ എഴുതിയപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചവരുണ്ട്. അത് രാഷ്ട്രീയ കാര്യങ്ങളും അഴിമതിയും മറ്റും മുന്‍നിര്‍ത്തി നടത്തിയ വിശകലനമായിരുന്നു. ഇപ്പോള്‍ കാലാവസ്ഥാ ഭേദത്തില്‍ ബീഹാര്‍ അനുഭവിക്കുന്ന വാര്‍ഷിക സ്ഥിതിവിശേഷത്തിന് തുല്യമാണ് കേരളത്തിന്റെ സ്ഥിതി. എന്തുകൊണ്ട്? ആരാണ് കാരണക്കാര്‍? എന്താണ് പരിഹാരം? ചിന്തിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ടത് കേരളം നയിക്കുന്നവരല്ലേ. അവര്‍ക്ക് അതിന് കഴിയുന്നില്ലല്ലോ!!
കുട്ടനാടിന് വെള്ളപ്പൊക്കം വാര്‍ഷിക ദുഃഖമാകുന്നു. അപ്പര്‍ കുട്ടനാടാണ് ആദ്യം വെള്ളത്തിലാകുന്നത്. പരിഹാരം 700 കോടി രൂപ ചെലവില്‍ ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉയര്‍ത്തലാണെന്ന് നിശ്ചയിച്ചത് ആരുടെ ആസൂത്രണമാണ്. അവിടെ കരാര്‍ കമ്പനി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രദേശത്ത് ഈ വെള്ളപ്പാച്ചിലില്‍ റോഡില്‍ അരയറ്റം വരെ വെള്ളമുണ്ടായിരുന്നു! അപ്പോള്‍ ആ ആസൂത്രണം കുറ്റമറ്റതായിരുന്നോ. അതായിരുന്നോ ചെയ്യേണ്ടിയിരുന്നത്. മണിമലയാര്‍ കവിഞ്ഞൊഴുകുന്നു. ഇരാറ്റുപേട്ടപ്പട്ടണം മുങ്ങുന്നു. എറണാകുളം വെള്ളക്കെട്ടില്‍ കുതിരുന്നു. മലകള്‍ ഇടിയുന്നു. നമ്മള് ഓണത്തിനു വിതരണം ചെയ്യാന്‍ ‘കിറ്റു’കളൊരുക്കുന്നു; വോട്ടുകള്‍ മെരുക്കുന്നു. ഇതിന്റെയൊക്കെ മറുപുറം നോക്കി താരതമ്യം ചെയ്യുമ്പോഴാണ് ‘ഇരട്ടച്ചങ്കിന്റെ മിടിപ്പും ഇരട്ട എഞ്ചിന്റെ കുതിപ്പും’ തിരിച്ചറിയാനാകുന്നത്. ഗാന്ധിജി അന്നത്തെക്കാലത്ത് ജനങ്ങള്‍ കാത്തിരുന്ന നേതാവാണ്, മോദി ജനങ്ങളെ കാത്തുപോരുന്ന നേതാവും. ഇത് മോദി ഭക്തിയാണെന്ന് പരിഹസിച്ചേക്കാം, പക്ഷേ, ഉള്ളതു പറയാതെ വയ്യല്ലോ.
പിന്കുറിപ്പ്:
ധനമന്ത്രിയെന്ന നിലയില്‍, കിഫ്ബിയുടെ ഉത്തരവാദപ്പെട്ടയാളെന്ന നിലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിലത് ചോദിച്ചറിയാന്‍ വിളിച്ചപ്പോള്‍ ധീരനായ സഖാവ് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക് ചെല്ലുന്നില്ല. നിയമസഭയില്‍, പത്രസമ്മേളനങ്ങളില്‍, പാര്‍ട്ടി സമ്മേളനങ്ങളില്‍ കിഫ്ബിക്കാര്യം പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കും. കാരണം, മറുചോദ്യങ്ങള്‍ ഉണ്ടാവില്ല. ഉണ്ടായാലും മറുപടി പറഞ്ഞില്ലെങ്കില്‍ കുഴപ്പമില്ല. ഇ ഡിയില്‍ അങ്ങനെയല്ലല്ലോ. വാസ്തവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണം മാതൃകയാകാന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടെ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിട്ടുള്ള സംശയങ്ങളെല്ലാം തീര്‍ക്കാന്‍ ഇ ഡി നോട്ടീസൊക്കെ അയക്കും മുമ്പേ സ്വയം ചെന്ന് മൊഴികൊടുക്കണം. ഐസക്കിനെ പഠിപ്പിക്കണം. ജയിന് ഹവാലാ കേസില്‍ ആരോപണം വന്നപ്പോള്‍ ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി ചെയ്തില്ലേ- എന്റെ പേരിലുള്ള ആരോപണം തെറ്റെന്ന് തെളിയുംവരെ ഞാന്‍ പാര്‍ലമെന്റില്‍ കയറില്ല, കേസ് അതിവേഗം തീര്‍പ്പാക്കണം എന്ന് പ്രഖ്യാപിച്ചില്ലേ? അത്രയൊന്നും വേണ്ട മുഖ്യമന്ത്രീ, ചുമ്മാതെ ചെന്നങ്ങ് വിശദീകരിക്കണം. എത്ര സുന്ദരമായ നടക്കാത്ത കാര്യം!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: