തിരുവനന്തപുരം: സെപ്റ്റംബറില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന ജെറ്റ് എയര്‍വേയ്സിന് കരുത്ത് പകരാന്‍ ജലാന്‍-കല്റോക്ക് കണ്‍സോര്‍ഷ്യം ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു. ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനങ്ങളെ സാങ്കേതികമായി പിന്തുണയ്ക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് സഹായിക്കും.
സാങ്കേതിക പങ്കാളി എന്ന നിലയില്‍ ബുക്കിംഗ്, ഇന്‍വെന്ററി, റവന്യൂ, ലോയല്‍റ്റി മാനേജ്മെന്റ്, വിമാനങ്ങളുടെ പുറപ്പെടല്‍ നിയന്ത്രണ സംവിധാനം എന്നിവയില്‍ ഐബിഎസിന്റെ സഹായമുണ്ടാകും. ഇതിനുപുറമേ പുതുതലമുറ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വെബ്സൈറ്റും മൊബൈല്‍ ആപ്പും ഉള്‍പ്പെടുന്ന പാസഞ്ചര്‍ സര്‍വീസ് സിസ്റ്റവും (പിഎസ്എസ്) യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തും.
ഐബിഎസിന്റെ സഹായത്തോടെ സാങ്കേതിക സേവനങ്ങള്‍, ഉപഭോക്തൃ അനുഭവം എന്നിവ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ജെറ്റ് എയര്‍വേയ്സിനാകുമെന്ന് ജെറ്റ് എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ എളുപ്പത്തില്‍ ഇത് പരിഹരിക്കും. ഐബിഎസ് സോഫ്റ്റ് വെയറിലൂടെ സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യവും പരിചയസമ്പത്തും സേവനവും പ്രദാനം ചെയ്യാനാകുന്ന ഒരു മികച്ച പങ്കാളിയെ കണ്ടെത്താനായി. ഇത് ജെറ്റ് എയര്‍വേയ്സിനും, അതിന്റെ പുനരാരംഭത്തെ ആകാംക്ഷയോടെ നോക്കുന്നവര്‍ക്കും ഏറെ ആവേശകരമായിരിക്കും. ഇതിലൂടെ എയര്‍ലൈനിന്റെ ഒരു പുതുയുഗമായിരിക്കും സാധ്യമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈനുകളില്‍ ഒന്നാണെന്നും അതിന്റെ പുനരാരംഭത്തിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ സിഇഒ ആനന്ദ് കൃഷ്ണന് പറഞ്ഞു. ഇന്ത്യയിലെ വിമാന യാത്രക്കാര്‍ ജനപ്രിയ ബ്രാന്‍ഡ് വീണ്ടെടുക്കുക മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നവരുമാണ്. ഇതാണ് ജെറ്റ് എയര്‍വേയ്സ് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പുതിയ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലും പുറത്തുമുള്ള എയര്‍ലൈന്‍ അനുഭവത്തിന്റെ മുഖം മാറ്റാനുതകുന്ന ദീര്‍ഘവീക്ഷണമുള്ള ജെറ്റ് എയര്‍വേയ്സിന്റെ ഉദ്യമത്തില്‍ പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ആനന്ദ് കൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: