കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമുഴിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്ഷാദിന്റേതെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ജൂണ്‍ ഏഴിന് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് കസ്റ്റഡിയില്‍ ഉള്ളയാള്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേരെ കൂടി പൊലിസ് സമീപ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നുമാണ് ബന്ധുക്കളുടെ പരാതി.
സ്വര്‍ണം ഷമീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് ഇര്‍ഷാദ് ബന്ധുക്കളെ അറിയിച്ചിരുന്നത്. പരാതി നല്കാന് വൈകിയത് ഭയം കാരണമാണെന്നും ഇര്‍ഷാദിന്റെ ജീവന് തന്നെ ഭീഷണിയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. ദുബായിലായിരുന്ന ഇര്‍ഷാദ്, നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ കൊടുത്ത് വിട്ട സ്വര്‍ണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് സംഘം നിരന്തരം ഭീഷണി പ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാസര്‍ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പ്രദേശത്ത് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് നടന്ന വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: