കാസര്‍കോട്: ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ മുടക്കം പതിവായി. ഇടക്ക് മുടങ്ങിയിരുന്ന സര്‍വ്വീസ് ഇപ്പോ ള്‍ പൂര്‍ണമായും മുടങ്ങുന്ന സ്ഥിതിവരെയെത്തി. ഡീസല്‍ സ്റ്റോക്ക് തീര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെയാണ് മുടങ്ങിയത്.
ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം അമ്പതോളം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയില്ല. ബംഗളൂരു എക്സ്പ്രസ്, കോട്ടയം മിന്നല്‍, കോട്ടയം സൂപ്പര്‍ ഫാസ്റ്റ്, സുള്യ, പുത്തൂര്‍, കോഴിക്കോട് ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും മുടങ്ങിയവയില്‍ ഉള്‍പ്പെടും. സുള്ള്യയിലേക്ക് ഉച്ചതിരിഞ്ഞുള്ള സര്‍വീസ് ഇല്ലാതിരുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ബന്തടുക്ക സര്‍വീസ് ഭാഗികമായി മുടങ്ങി. വൈകിട്ട് 6 മണിക്ക് ശേഷം മംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഓടിയില്ല. രാത്രി 4000 ലിറ്റര്‍ ഡീസല്‍ എത്തിയതോടെ ഇന്നലെ കാസര്‍കോട്-മംഗ്ലൂര്, കാസര്‍കോട്-കാഞ്ഞങ്ങാട് സര്‍വ്വീസുകള്‍ പൂര്‍ണമായും കണ്ണൂര്‍ ടൗണ്ടുടൗണ് 9 സര്‍വ്വീസും മാത്രമാണ് ഉണ്ടായത്. ആകെ 68 സര്‍വ്വീസില്‍ 28 സര്‍വ്വീസുകള്‍ പൂര്‍ണമായും നിലച്ചു.
സുള്ള്യ, പുത്തൂര്‍ ഭാഗത്തേക്ക് മറ്റ് ബസുകള്‍ ഇല്ലാത്തതിനാല്‍ കെഎസ്ആര് ടിസി ബസുകള്‍ നിര്‍ബന്ധമായും സര്‍വ്വീസ് നടത്തേണ്ടിയിരുന്ന 10 സര്‍വ്വീസുകള്‍ പൂര്‍ണമായും ഇന്നലെ റദ്ദാക്കി. ഏതൊക്കെ റൂട്ടിലോടുന്ന ബസുകള്‍ക്കാണ് ഇന്ധനം നിറക്കേണ്ടതെന്ന് വ്യക്തമായ നിര്‍ദ്ദേശം മേലധികാരികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനം നിറച്ച് ഇന്നലെ ബസുകള്‍ സര്‍വ്വീസ് നടത്തിയതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. യാത്രക്ലേശമുള്ള റൂട്ടുകള്‍ക്ക് പകരം ലാഭകരമായ റൂട്ടില്‍ മാത്രമാണ് ബസുകള്‍ ഓടിയത്.
കാഞ്ഞങ്ങാട് ഡിപ്പോയിലെ 21 പകല്‍ സര്‍വ്വീസില്‍ 19 എണ്ണവും ഓടിയില്ല. ദേശീയ സംസ്ഥാനപാതകളില്‍ പൊതുവെ സ്വകാര്യ ബസുകള്‍ കുറവാണ്. രാത്രി ഏഴ് മണിക്ക് ശേഷം കെഎസ്ആര്‍ടിസി ബസുകളും കുറവാണ്. അതുകൊണ്ട് സര്‍വ്വീസുകള്‍ കുറയുമ്പോള്‍ യാത്രക്കാരാണ് കഷ്ടത്തിലാവുന്നത്.ഡീസല്‍ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് പതിവായ തോടെ കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിയുന്നു. ദീര്‍ഘ ദൂര ബസുകളില്‍ ബുക്ക് ചെയ്ത ശേഷംയാത്ര മുടങ്ങുന്ന സാഹചര്യം യാത്രക്കാരില്‍ കെഎസ്ആര്‍ടിസിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. സര്‍വ്വീസുകള്‍ റദ്ദാകുന്നതോടെ ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് ട്യൂട്ടി നഷ്ടപ്പെടുന്നത് കാരണം ശമ്പളവും ഇല്ലാതാവുന്ന പ്രവണതയും ഉണ്ട്.
ഗുരുതരമായ രീതിയില്‍ ഷെഡ്യൂളുകള്‍ വെട്ടി കുറച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റിനുമെതിരെ കെഎസ്ആര്‍ടി എംപ്ലോയിസ് സംഘ് പ്രവര്‍ത്തകര്‍ കാസര്‍കോട് ഡിപ്പോയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ജില്ല ട്രഷറര്‍ കെ.വി.ഗിരീഷ്കുമാര്‍, എന്‍.സി.ടി.ഗോപിനാഥന്, സി.ച്ച്.ഹരിഷ് കുമാര്‍, റിതേഷ് ഷെട്ടി, സമോദ്, സനിലന് എന്നിവര്‍ നേതൃത്വം നല്കി.ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ രണ്ട് മാസമായി. എന്നിട്ടും സീസലിന് പൈസ കൊടുക്കാത്തതിനാല്‍ 3 ദിവസമായി കടുത്ത ക്ഷാമം നേരിട്ട കാസര്‍കോട് ഇന്നലെ 28 സര്‍വ്വീസുകള്‍ റദ്ദ് ചെയ്യേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: