ലണ്ടന്‍: ഇന്ത്യയിലെ പലമാധ്യമങ്ങളും പ്രവചിക്കുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തതുതന്നെ സംഭവിച്ചു. വംശീയത ഏറെ നിലനില്‍ക്കുന്ന യുകെയില്‍ ഒരു തവിട്ടുനിറക്കാരന്‍ (ബ്രൗണ്‍) പ്രധാനമന്ത്രിയാകില്ലെന്നായിരുന്നു പലരുടെയും പ്രവചനം. യുകെയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരത്തിലുള്ള ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനുമായ റിഷി സുനക് വിജയിച്ചേക്കുമെന്ന് ചിലര്‍ പ്രതീക്ഷ പുലര്‍ത്തിയപ്പോഴാണ് യുകെയിലെ വംശീയതയും ചര്‍ച്ചാ വിഷയമായത്.
ഇപ്പോള്‍ പുതിയ വിജയസാധ്യതാപ്രവചനങ്ങളില്‍ റിഷി സുനകിനുള്ള സാധ്യത വല്ലാതെ മങ്ങുകയാണ്. സാധ്യതാപ്രവചനം നടത്തുന്ന സ്മാര്‍കെറ്റ്സിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ വംശജനായ റിഷി സുനക് യുകെയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വെറും 9.09 ശതമാനമാണെന്നാണ് പറയപ്പെടുന്നത്. അതേ സമയം ബ്രിട്ടീഷ് വംശജയും റിഷി സുനകിന്റെ എതിരാളിയുമായ ലിസ് ട്രസിന് ഇപ്പോള്‍ 90.91 ശതമാനം വിജയസാധ്യതയാണ് സ്മാര്‍കെറ്റ്സ് പഠനങ്ങള്‍ പ്രവചിക്കുന്നത്.
ഇതിന് പുറമെ റിഷി സുനക് ഒഴികെ ആരും പ്രധാനമന്ത്രിയായിക്കൊള്ളട്ടെ എന്നാണ് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ തീരുമാനമെന്ന് ബ്രിട്ടനിലെ ചില പത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബോറിസ് ജോണ്‍സണുമായി ബന്ധപ്പെട്ട ലോബി ലിസ് ട്രസിന് വേണ്ടി ശക്തമായി ചരടുവലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആദ്യ റൗണ്ടുകളില്‍ റിഷി സുനകിനായിരുന്നു സാധ്യത പ്രവചിച്ചിരുന്നത്. എന്നാല്‍ റൗണ്ടുകള്‍ പിന്നിടുന്തോറും റിഷി സുനകിനുള്ള പിന്തുണ ദുര്‍ബ്ബലമാവുകയായിരുന്നു. ബോറിസ് ജോണ്‍സണെ അധികാരഭ്രഷ്ടനാക്കാന്‍ റിഷി സുനക് പിന്നില്‍ നിന്നും കുത്തിയെന്ന ഒരു ധാരണ ടോറി പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഉള്ളതും ലിസ് ട്രസിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്.
ആദ്യ അഞ്ച് റൗണ്ട് വോട്ടിംഗിലും മുന്നിലായിരുന്ന റിഷി സുനക് നേരിട്ടുള്ള ടിവി സംവാദം ആരംഭിച്ചതോടെയാണ് പിന്നിലായത്. തിങ്കളാഴ്ച നടന്ന ഒന്നാമത്തെ ടിവി സംവാദത്തിന് ശേഷം റിഷി സുനക് ഏറെ പിന്നിലായി. റിഷി സുനകിന്റെ ആക്രമണോത്സുകരീതി പലര്‍ക്കും ഇഷ്ടമില്ലെന്ന് പറയുന്നു. ബ്രിട്ടീഷ് ബാഹ്യ പെരുമാറ്റ രീതിയാണിതെന്നാണ് ബ്രിട്ടന്‍കാര്‍ പറയുന്നത്. മാത്രമല്ല, നികുതി കുറയ്‌ക്കുന്നതിനെക്കുറിച്ചുള്ള ആദ്യസംവാദത്തില്‍ പിന്നീട് കുറയ്‌ക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നായിരുന്നു റിഷി സുനക് പറഞ്ഞത്. എന്നാല്‍ ഉടന്‍ നികുതി വെട്ടിക്കുറക്കുമെന്ന ലിസ് ട്രസിന്റെ വാദം കോവിഡാനന്തര സാമ്പത്തികഞെരുക്കത്തില്‍ പിടയുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏറെ ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: