ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കേരള അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം ശക്തമാക്കി പോലീസ്. ഇതോടൊപ്പം കേരളത്തില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ നടത്തിയ ശേഷമാണ് കര്‍ണാടകയിലേക്ക് കടത്തിവിടുന്നത്.
അതിര്‍ത്തി പ്രദേശങ്ങളായ കൊണാജെ, ഉള്ളാള്‍, വിട്ടല്‍, പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കോണാജെ, ഉള്ളാള്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പോലീസ് വാഹന പരിശോധന ശക്തമാക്കി. തലപ്പാടിയില്‍ അതിര്‍ത്തിയുടെ മറുവശത്ത് കേരളാ പോലീസ് വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ടോള്‍ ഫീ ഒഴിവാക്കാന്‍ പലരും ഈ ഉള്‍റോഡ് ഉപയോഗിക്കുന്നതിനാല്‍ തലപ്പാടി ദേവിപുരയില്‍ രണ്ട് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നെറ്റിലപ്പടവ് കെടമ്പാടി അതിര്‍ത്തിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കൊണാജെ പോലീസ് പരിശോധിക്കുന്നുണ്ട്. മുടുങ്ങരുകാട്ടെ, പാടൂര്‍, നന്ദാരപട്പു, നാര്യ അതിര്‍ത്തി പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
25 പേരടങ്ങുന്ന കെഎസ്ആര്‍പി കമ്പനി ശനിയാഴ്ച മുതല്‍ വിവിധ ചെക്ക്പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്. ശാരദ്ക, കന്യാന, സാലേത്തൂര്‍ ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പുത്തൂരിനെയും കാസര്‍ഗോഡിനെയും ബന്ധിപ്പിക്കുന്ന പാണാജെ ചെക്പോസ്റ്റില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പാലത്തൂര് ചെക്പോസ്റ്റില്‍ വാഹന നിരീക്ഷണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കേരളവുമായി സുള്ള്യയോട് ചേര്‍ന്നുള്ള ജല്‍സൂര്‍ ചെക്ക്പോസ്റ്റിലും വാഹന പരിശോധന പുരോഗമിക്കുകയാണ്. അടൂര്‍ ചെക്പോസ്റ്റിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: