ടി.എന്‍ രാജന്
അദ്വൈത വേദാന്തത്തിന്റെ ആചാര്യനായ ശങ്കരാചാര്യ സ്വാമികളുടെ സംന്യാസ പരമ്പരയുടെ ഭാഗമാകാന്‍ തന്റെ മകന് വിനോദിന് നിയോഗമുണ്ടായതിന്റെ അത്ഭുതാതിരേകത്തിലാണ് പാലാ പുലിയന്നൂര്‍ എടമന ദിവാകരന് നമ്പൂതിരിയും ഭാര്യ ചന്ദ്രികാദേവി അന്തര്‍ജ്ജനവും. വൈദിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ച മുന്‍പാണ് വിനോദ് നാരായണ ബ്രഹ്മാനന്ദതീര്‍ത്ഥ എന്ന പേര് സ്വീകരിച്ച് ശങ്കരാചാര്യരുടെ സംന്യാസ പരമ്പരയില്‍ അംഗമായത്. ഈ നിയോഗം ഈശ്വര ചിന്തിതമാണെന്നാണ് മാതാപിതാക്കളും കരുതുന്നത്. ഹൈന്ദവ സമൂഹത്തിന്റെ ശ്രേയസ്സിനായുള്ള മകന്റെ നിയോഗത്തില്‍ ഈ കുടുംബവും നാടും എന്നും അഭിമാനിക്കപ്പെടും എന്നാണ് പിതാവ് ദിവാകരന് നമ്പൂതിരിക്ക് പറയുവാനുള്ളത്.
ഗൃഹസ്ഥാശ്രമിയായിരിക്കെയാണ് സംന്യാസത്തിലേക്കുള്ള വിനോദിന്റെ പ്രവേശം. ആ നിയോഗത്തിന് ഭാര്യയും മക്കളും തടസ്സം പറഞ്ഞില്ല. ചെറുപ്രായത്തില്‍ത്തന്നെ ആത്മീയ കാര്യങ്ങളോടായിരുന്നു മകന് താത്പര്യം. പാലാ ശ്രീരാമകൃഷ്ണാശ്രമത്തില്‍ സംസ്കൃത പഠനം നടത്തുന്ന നാള്‍മുതല്‍ ആശ്രമങ്ങളുമായി ബന്ധമുണ്ട്. ഭാഗവത ആചാര്യ കൂടിയായിരുന്ന ഒറവങ്കര അച്യുതന് നമ്പൂതിരിയായിരുന്നു സംസ്കൃത അദ്ധ്യാപകന്. പില്ക്കാലത്ത് സംന്യാസം സ്വീകരിച്ച് ശങ്കര പരമ്പരയുടെ ഭാഗമായി അച്യുത ബ്രഹ്മാനന്ദ ഭാരതി എന്ന നാമം സ്വീകരിച്ച അദ്ദേഹമാണ് മകന് സംന്യാസയോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതും ശങ്കരാചാര്യ പരമ്പരയിലേക്ക് വഴികാട്ടിയായതും. ഭാഗവത ആചാര്യനും പണ്ഡിതനുമായ ആഞ്ഞം മാധവന് നമ്പൂതിരി പാലക്കാട്ട് സ്ഥാപിച്ച നാരായണാലയത്തില്നിന്ന് സംസ്കൃതവും ശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ അനുജ്ഞ വാങ്ങി. ചതുര്‍വേദ വൈദികരായ ഐക്കര, പന്തല്‍, ചെറുമുക്ക്, കൈമുക്ക് എന്നിവരുടെ അനുഗ്രഹവും വാങ്ങി.
സംന്യാസത്തിലേയ്ക്കുള്ള പ്രവേശം. കന്യാകുമാരിയിലെ മുഞ്ചിറമഠം ശ്രീമൂലസ്ഥാനത്ത് ജൂലൈ 10,11 (ശുക്ലപക്ഷഏകാദശി, ദ്വാദശി) തീയതികളിലാണ് വൈദികചടങ്ങുകള്‍ നടന്നത്. എടയില്മഠം മൂപ്പില്‍ സ്വാമിയാരായ ശ്രീമദ് പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥയില്‍ നിന്നാണ് നാരായണന് നമ്പൂതിരി സംന്യാസ ദീക്ഷ സ്വീകരിച്ചത്. നാലു വേദങ്ങടെ പ്രമാണിമാരായ കൈമുക്ക്, പന്തല്‍, ചെറുമുക്ക്, ഏര്‍ക്കര തുടങ്ങിയ വൈദികരും വേദജ്ഞരുമായ ബ്രാഹ്മണര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.സാമൂതിരിയുടെ പ്രതിനിധിയായവെട്ടത്ത് രാജാവിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.നാരായണ ബ്രഹ്മാനന്ദതീര്‍ത്ഥ എന്നാണ് എടമന സ്വാമിയാര് ഇനി അറിയപ്പെടുക. താനൂര്‍ തൃക്കൈക്കാട്ട് മഠത്തില്‍ ചാതുര്‍മാസ വ്രതം അനുഷ്ഠിക്കുകയാണിപ്പോള്‍.ഭിക്ഷാടനത്തിന്റെ ഘട്ടത്തില്‍ വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. വീടിന്റെ പടിക്കല്‍ വരെയാണ് സ്വാമിക്ക് പ്രവേശം.അമ്മയ്ക്ക് സ്വാമിയെ നേരില്‍ കാണാന്‍ സാധിക്കില്ല എന്ന സങ്കടമുണ്ട്. പരദേവതയുള്ളതും ബദരീനാഥം ഉപരിപീഠമായുള്ളതുമായ എടയില് മഠത്തിലേക്കാണ് നാരായണന് നമ്പൂതിരിയുടെ സംന്യാസം. തോടകാചാര്യരാല്‍ സ്ഥാപിതമായ എടയില് മഠത്തിന് തൃച്ചംബരം, തൃക്കൈക്കാട്ട്, തിരുനക്കര, അവിട്ടത്തൂര്‍, മുഞ്ചിറ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. കേരളത്തില്‍ പല മഹാക്ഷേത്രങ്ങളിലും പുഷ്പാഞ്ജലി എടയില് മഠത്തില്‍ നിന്നാണ്.
സംന്യാസ സ്വീകരണച്ചടങ്ങ്
രാവിലെ സന്ധ്യാവന്ദനത്തിനു ശേഷം ബ്രാഹ്മണരേയും സജ്ജനങ്ങളേയും സാക്ഷിനിര്‍ത്തി വെച്ചുനമസ്കാരം ചെയ്ത് സന്യാസദീക്ഷയ്ക്കായി ഗുരുനാഥനായ മൂപ്പില്‍ സ്വാമിയാരോട് അപേക്ഷിക്കുന്നു.
അനുജ്ഞ കിട്ടിയ ദീക്ഷിതന്‍ പശുദ്ദാനവും കൃച്ഛ്രവും ചെയ്ത് സ്നാനം ചെയ്ത് ജീവശ്രാദ്ധമൂട്ടുന്നു. പത്നീസമേതനായ ഗൃഹസ്ഥന് സര്‍വ്വസ്വദാനം ബ്രാഹ്മണര്‍ക്കായി സമര്‍പ്പിച്ച് ഔപാസനാഗ്നിയെ തന്റെ ഹൃദയത്തുങ്കല്‍ സമന്ത്രമായി കാച്ചിയെടുത്ത് മൗനം ദീക്ഷിച്ച് സന്ധ്യയ്ക്ക് സ്വചരണമായി തീയ്യിട്ട് വിരജാഹോമവും ചടങ്ങുദക്ഷിണയും ചെയ്യുന്നു. സര്‍വ്വസ്വദാനം വീണ്ടും ചെയ്ത് അഗ്നിയെ രക്ഷിച്ച് ഗായത്രിയും ജപിച്ച് പരമാത്മാവിനെ ധ്യാനിച്ച് ഉറങ്ങാതെ ഇരിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അഗ്നിയെ ജ്വലിപ്പിച്ച് സര്‍വ്വകര്‍മ്മാശ്രയമായിരിക്കുന്ന ആ അഗ്നിയെ തന്റെ ഹൃദയത്തിങ്കല്‍ കാച്ചി ആത്മാവില്‍ ലയിപ്പിക്കുന്നതായ ക്രിയ ചെയ്യുന്നു. 10 ഗായത്രി ജപിച്ച് തിരിയാതെ വെള്ളത്തിലിറങ്ങി എല്ലാ വേദങ്ങളെയും ഗായത്രിയിലും ഗായത്രിയെ വ്യാഹൃതിയിലും വ്യാഹൃതിയെ പ്രണവത്തിലും ലയിപ്പിച്ച് ഏഷണത്രയങ്ങളെയും ത്യജിച്ച് ശ്രീഗുരുവിനെയും വിഷ്ണുഭഗവാനെയും വന്ദിച്ച് എല്ലാ ദേവതകളെയും സാക്ഷിയാക്കി ത്യാഗസ്വരൂപമായിരിക്കുന്ന പ്രൈഷാര്‍ത്ഥത്തെ മനസ്സില്‍ നിരൂപിച്ച് മന്ത്രം ചൊല്ലി സംന്യാസം ദീക്ഷിച്ച് കുടുമ സ്വയം പിഴുതുകളഞ്ഞ് പുണുനൂല്‍ വ്യാഹൃതിയാല്‍ ജലത്തില്‍ ഹോമിക്കുന്നു. വസ്ത്രാദികളും ഉപേക്ഷിച്ച് അവധൂതനായി വരുന്ന സംന്യാസി ഔപാസനാഗ്നി ദീക്ഷിക്കുന്ന ഗൃഹസ്ഥന്റെ അപേക്ഷ പ്രകാരം ദണ്ഡും കാഷായവസ്ത്രാദികളും അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും സ്വീകരിക്കുന്നു. തുടര്‍ന്ന് ലോകോപകാരാര്‍ത്ഥം തന്റെ ഗുരുവായ സ്വാമിയാരില്‍ നിന്നും ഉപദേശം വാങ്ങി തേവാരവും ഗൃഹസ്ഥന്റെ ഭിക്ഷയും വെച്ചുനമസ്കാരവും സ്വീകരിക്കുന്നു. ചാതുര്‍മ്മാസ്യക്കാലത്ത് ഗുരുകുലങ്ങളിലും വാനപ്രസ്ഥികളുടെ ആശ്രമങ്ങളിലും തങ്ങി അവിടെ ഗൃഹസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും സ്വാമിയാര് ധര്‍മ്മോപദേശം ചെയ്യും. ഭാരതത്തില്‍ പവിത്രമായ വൈദികവര്ണ്ണാശ്രമധര്മ്മത്തിന്റെ പോഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്കെല്ലാം മാര്‍ഗ്ഗദര്‍ശനമേകി ഹൈന്ദവസമൂഹത്തെ നന്മയിലേക്ക് നയിക്കാനുള്ള നിയോഗമാണ് നാരായണ ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമിയാര്‍ക്ക് ഇനിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: