കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പോലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്ദിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മറ്റൊരു പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിവിക്കിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പോലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയിൽ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പോലീസ് പറയുന്നത്.
വിശദമായ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദളിത് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദളിത് സംഘടനകളുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: