സജികുമാര്‍ തിനപ്പറമ്പില്‍
ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്കിയിട്ടില്ലെങ്കില് പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്റെ പോലീസ് തങ്ങളോട് ഈ ക്രൂരത കാണിച്ചതെന്ന് മാടപ്പള്ളി സ്വദേശിനി ജിജി ഫിലിപ്പ്. കെ റെയില്‍ അതിരുകല്ലിടുന്നതില് പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അതിക്രമത്തിനും കൊടുംക്രൂരതയ്ക്കും ഇരയായ യുവതിയാണ് ജിജി. കേന്ദ്രാനുമതി ഇല്ലാതെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാകില്ലെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഇതുവരെ ഡിപിആര്‍ പോലും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. അത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. കെ റെയില്‍ വിരുദ്ധ സമരം നാളെ നൂറാം ദിനത്തിലേക്ക് എത്തുകയാണ്. ഞങ്ങളുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാതെ സമരത്തില്‍നിന്നും പിന്നോട്ടു പോകുന്ന പ്രശ്നമില്ല. പിണറായിയുടെയും കൂട്ടരുടെയും ധാര്‍ഷ്ട്യമൊന്നും ജനങ്ങളോടു വേണ്ട. അദ്ദേഹം പോകുന്ന വഴിയില്‍ ചായക്കടയില്‍ ഇരുന്ന ചായ കുടിക്കുന്നവരെ കണ്ടാല്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്. ഞങ്ങളുടെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. സമരത്തില്‍ പങ്കെടുക്കാത്തവരുടെ പേരില്‍പോലും ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിരിക്കുകയാണെന്ന് ജിജി പറഞ്ഞു.
ഒരാളിന്റെ പേരില്‍ എത്ര കേസുകളാണുള്ളതെന്നുപോലും അറിയില്ല. കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെ ഗുണ്ടായിസം കാണിച്ച ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ മാത്രം സ്ഥലം മാറ്റിയില്ല. ബാക്കിയുള്ളവരെയെല്ലാം സ്ഥലം മാറ്റി. ഇപ്പോള്‍ ആഴ്ചതോറും കോട്ടയം കോടതിയില്‍ പോകുകയാണ്. പോലീസ് എന്തിനാണ് ഈ നടപടിയെടുത്തതെന്ന് ചോദിച്ചപ്പോള്‍ പ്രതിഷേധക്കാരെ ഞങ്ങള്‍ എടുത്തുകൊണ്ടുപോകുകയാണ് ചെയ്തത് അല്ലാതെ ഉപദ്രവിക്കുകയല്ലായിരുന്നു എന്നാണ് ജില്ലാ പോലീസ് മേധാവി പറഞ്ഞത്.
സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെ ഉന്നതങ്ങളില്‍ എത്തിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം കിറ്റു കൊടുത്തു. പിന്നെ കുറ്റിയും കൊടുത്തു. ഇത്തവണ എന്താ കൊടുക്കുന്നതെന്ന് അറിയില്ല. മാടപ്പള്ളിയില്‍ കെ റെയിലിന്റെ പേരില്‍ ഒറ്റക്കുട്ടികളുടെ വിവാഹം നടക്കുന്നില്ല. ഇതിന് കാരണം ഈ സര്‍ക്കാരല്ലേ?. എത്ര പാവപ്പെട്ട കുട്ടികളാണ് കല്ല്യാണം മുടങ്ങി നില്‍ക്കുന്നത്. എത്ര കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. വസ്തു ഈട് നല്കി ലോണെടുത്ത് പഠിപ്പിക്കാന്‍ നോക്കിയ മാതാപിതാക്കള്‍ കരയുകയാണ്. യുവാക്കള്‍ അന്യദേശത്തേക്ക് പോകുകയാണ്. ഇവിടെ ഇനി ഒന്നും നടക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ക്ക് വിശ്വാസമില്ല ഈ സര്‍ക്കാരിനെ. അത്രയ്ക്ക് ഞങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തി, വേദനിപ്പിച്ചു. കൊച്ചുകുട്ടികളുടെ മനസ്സില്‍പോലും ഇവരോട് തീരാത്ത പകയുണ്ട്. ആ ദിനം ഞങ്ങളുടെ മനസ്സില്‍നിന്നും ഒരിക്കലും മായില്ല, മറക്കില്ല. മഞ്ഞക്കുറ്റി നാട്ടിയിടത്ത് ഞങ്ങള്‍ കൃഷി ചെയ്തു, രോഷത്തോടെ ജിജി ഫിലിപ്പ് പറഞ്ഞു.
എറണാകുളത്ത് ഇരകളായത് നാനൂറോളം കുടുംബങ്ങള്‍
എറണാകുളം ജില്ലയില്‍ നാനൂറോളം കുടുംബങ്ങളാണ് കെ റെയില്‍ സര്‍വേയുടെ ഇരകളായത്. സ്ഥലം ഈടുവച്ച് ബാങ്ക് ലോണ്‍ പോലും എടുക്കാനാവാത്ത സ്ഥിതിയിലായവര്ക്ക്, മുഖ്യമന്ത്രി നിലപാട് മാറ്റിയതോടെ നഷ്ടപരിഹാരം എന്ന പ്രതീക്ഷപോലും നഷ്ടപ്പെട്ടു.
പിറവം, മാമല, ചോറ്റാനിക്കര ഭാഗത്തു മാര്‍ച്ചില്‍ നടന്ന സമരത്തില്‍ ഇരുനൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇതില്‍ നടുഭാഗം പ്രദേശത്തെ 40 പേര്‍ക്ക് പോലീസ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. സര്‍വേക്കല്ലുകള്‍ പോലീസ് നോക്കി നില്‍ക്കെ പിഴുത്തെടുത്തു തോട്ടിലെറിഞ്ഞവരാണു ചോറ്റാനിക്കര നിവാസികള്‍. ഇവിടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രതികളാണ്.
‘ഏത് നിമിഷവും കുതന്ത്രങ്ങളുമായി അധികാരികള്‍ എത്തുമെന്നാണ് ഞങ്ങളുടെ ഭീതി. ഈ പദ്ധതി ഉപേക്ഷിച്ചു എന്ന വിജ്ഞാപനം വരാതെ പദ്ധതിയെ ആശങ്ക ഇല്ലാതാകുന്നില്ല.’ സമരസമിതി ജില്ലാ സെക്രട്ടറി വിനു കുര്യാക്കോസ് പറയുന്നു. വിനുവിന്റെ അടുക്കളയിലാണ് കെ റെയില്‍ കുറ്റി സ്ഥാപിച്ചത്. ഇയാള്‍ക്ക് ആകെയുള്ള 60 സെന്റ് പുരയിടം ബഫര്‍ സോണിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: