കോട്ടയം: കഴിഞ്ഞ പ്രളയകാലത്തു പൂര്‍ണമായും തകര്‍ന്ന കൂട്ടിക്കല്‍ പ്രദേശവും, അതോടനുബന്ധിച്ച മ്ലാക്കര പാലവും നേരിടുന്ന അവഗണനയ്ക്കും സഹകരണ ബാങ്കുകളുടെ ജപ്തി ഭീഷണിക്കുമെതിരെ ബിജെപി നേതൃത്വത്തില്‍ നടക്കുന്ന സമര പരിപാടികളുടെ ഭാഗമായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഇന്ന് രാവിലെ 10ന് ദുരിത ബാധിത മേഖല സന്ദര്‍ശിക്കും.
ജൂണ്‍ 15ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘടനം ചെയ്ത അനിശ്ചിതകാലസമരം 40 ദിവസങ്ങള്‍ പിന്നിടുന്ന വേളയില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീന് മുന്പില് നടത്തുന്ന ‘മുട്ടില്‍ ഇഴയല്‍’ സമരം കുമ്മനം രാജശേഖരന് ഉദ്ഘടനം ചെയ്യും.
അനധികൃത നിര്‍മ്മാണങ്ങളും പാറമടകളും ഇപ്പോഴും അധികൃതരുടെ അനുമതിയോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയം ഉണ്ടായിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സഹായം ലഭിക്കാത്തവര്‍ നിരവധിയാണ്. മഴ കനക്കുമ്പോള്‍ ജനങ്ങള്‍ ഇപ്പോഴും പരിഭ്രാന്തിയിലാണ്. പലരും വീടും സ്ഥലവും കൃഷിയും ഉപേക്ഷിച്ചു നാടുവിടുന്ന ദയനീയ കാഴ്ചയാണ് കൂട്ടിക്കലിലുള്ളത്. കൂട്ടിക്കലിനെ വീണ്ടെടുക്കാന്‍ വേണ്ടി ബിജെപി നടത്തി വരുന്ന സമരങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ട പ്രദേശവാസികളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: