റാഞ്ചി: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളില്‍, നടക്കുന്ന ചര്‍ച്ചകള്‍ക്കു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണയുടെ രൂക്ഷവിമര്‍ശനം. മാധ്യമങ്ങള്‍ കങ്കാരുക്കോടതികളെ (ലക്കുംലഗാനുമില്ലാത്ത, തെളിവുപോലും വേണ്ടാതെ ആരെയും കുറ്റക്കാരായി ചിത്രീകരിക്കുന്ന സംഘങ്ങള്‍) പോലെയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേക അജണ്ടകള്‍ മുന്‍നിര്‍ത്തിയുള്ള, ഇത്തരം മാധ്യമ വിചാരണകള്‍ ജനാധിപത്യത്തെ പിന്നോട്ടടിക്കും. ഇതുമൂലം പരിചയ സമ്പന്നരായ ജഡ്ജിമാര്‍ പോലും തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടും. ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം തുറന്നടിച്ചു.
കൃത്യമായ തീരുമാനമെടുക്കാന്‍, പരിചയ സമ്പന്നരായ ജഡ്ജിമാര്‍ പോലും ക്ലേശിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ വിധി പറയുകയാണ്. നീതി നല്‍കേണ്ട വിഷയങ്ങളില്‍, വേണ്ടത്ര വിവരങ്ങള്‍ പോലുമില്ലാതെ, പ്രത്യേക അജണ്ടകളോടെയുള്ള ചര്‍ച്ചകളാണു നടക്കുന്നത്. ഇതു ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു വിഘാതമാണ്. ഉത്തരവാദിത്തമൊന്നുമില്ലാതെയാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ പെരുമാറുന്നത്.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ ജനങ്ങളെ ബാധിക്കുകയാണ്, ജനാധിപത്യത്തെ ദുര്‍ബലമാക്കുകയാണ്, നിയമസംവിധാനങ്ങള്‍ക്ക് ഇതു ദോഷകരമാണ്. നീതി നിര്‍വഹണത്തെ ഗുരുതരമായി ഇതു ബാധിക്കുന്നു. ഉത്തരവാദിത്തം ലംഘിച്ചും മറികടന്നും നമ്മുടെ മാധ്യമങ്ങള്‍ ജനാധിപത്യത്തെ രണ്ടടി പിന്നിലേക്കാണു കൊണ്ടുപോകുന്നത്. അച്ചടി മാധ്യമങ്ങള്‍ക്കു കുറച്ച് ഉത്തരവാദിത്ത ബോധമെങ്കിലുമുണ്ട്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് അത് തീരെയില്ല.
തീരുമാനിക്കേണ്ട വിഷയങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുന്നതാണ് ഇന്നു ജുഡീഷ്യറി നേരിടുന്ന വെല്ലുവിളി. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ജഡ്ജിമാര്ക്കാകില്ല. ദുരിതങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും സംവിധാനത്തെ രക്ഷിക്കാന്‍, ജഡ്ജിമാര്‍ക്ക് പ്രധാന കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കേണ്ടതുണ്ട്. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതുണ്ട്, വാക്കുകള്‍ അവര്‍ അളന്നുപയോഗിക്കേണ്ടതുമുണ്ട്, നിങ്ങള്‍ സ്വന്തം പരിധി മറികടന്ന് കോടതികളുടെയോ സര്‍ക്കാരിന്റെയോ ഇടപെടലുകള്‍ വിളിച്ചുവരുത്തരുത്, അദ്ദേഹം പറഞ്ഞു.
വിരമിച്ച ശേഷം ജഡ്ജിമാര്‍ വലിയ സുരക്ഷാ ഭീഷണികളാണു നേരിടുന്നത്. പതിറ്റാണ്ടുകള്‍ സേവനമനുഷ്ഠിച്ച്, കുറ്റവാളികളെ ജയിലുകളിലടച്ച ജഡ്ജിമാര്‍ വിരമിക്കുന്നതോടെ അവര്‍ക്കുള്ള സുരക്ഷാ കവചമില്ലാതാകുകയാണ്. തങ്ങള്‍ ശിക്ഷിച്ചവരുള്പ്പെട്ട സമൂഹത്തില്‍ സുരക്ഷയൊന്നുമില്ലാതെയാണ് പിന്നീടിവര്ക്കു ജീവിക്കേണ്ടി വരുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: